തിരുവനന്തപുരം: വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള ഒരുക്കങ്ങൾക്കൊപ്പം വിവാദങ്ങളും വിമർശനങ്ങളും നിറഞ്ഞ 100 ദിവസം പൂർത്തിയാക്കി വി.ഡി. സതീശൻ സർക്കാർ. മേയ് 18ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സർക്കാരിന് ചൊവ്വാഴ്ച നൂറാം ദിനമാണ്. അധികാരത്തിലെത്തിയ നാൾ മുതൽ പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കാനുള്ള നീക്കങ്ങൾക്കൊപ്പം വിവിധ വിഷയങ്ങളിലെ തർക്കങ്ങളും സർക്കാരിനെ പിന്തുടർന്നു. പിണറായി വിജയൻ സർക്കാരിന്റെ ശൈലിയിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കണമെന്ന രാഷ്ട്രീയ ബോധ്യം സതീശനുണ്ടെന്നാണ് ഭരണനടപടികളിലും പ്രതികരണങ്ങളിലും പ്രകടമായതെന്നും വിലയിരുത്തലുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാർഥികളുടെ സമരം നീണ്ടപ്പോൾ ‘ഇനിയും ചർച്ച നടത്തും, ഞാൻതന്നെ കാണും’ എന്ന മുഖ്യമന്ത്രിയുടെ നിലപാടും മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കാൻ വീണ്ടും പത്രസമ്മേളനം നടത്തിയതും ഇതിന്റെ ഭാഗമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നൂറുദിന കണക്കിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ‘തൂഫാനു’മായി മുന്നിലെത്തിയതും ശ്രദ്ധ നേടിയതും. കെ. മുരളീധരനും വകുപ്പിലെ ക്രിയാത്മക ഇടപെടലിൽ ശ്രദ്ധ നേടി. എന്നാൽ മുഖ്യമന്ത്രിയെ തീരുമാനിച്ചതുമുതൽ തുടങ്ങിയ ശീതസമരത്തിന്റെയും തർക്കങ്ങളുടെയും പോറൽ ഇപ്പോഴും മാറിയിട്ടില്ല. പല വകുപ്പുകൾക്കും പൂർണമായി പ്രവർത്തന ട്രാക്കിലേക്ക് എത്താനായിട്ടില്ല. രണ്ട് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ നിയമിക്കാൻ പോലും 90 ദിവസം വേണ്ടിവന്നു.
ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളും ഇതുവരെ നടന്നിട്ടില്ല. പേഴ്‌സണൽ സ്റ്റാഫിൽ ബന്ധുവിനെ നിയമിച്ച സംഭവത്തിൽ മന്ത്രി സണ്ണി ജോസഫിനെതിരെ വിമർശനം ഉയർന്നു. പ്ലീഡർ നിയമനങ്ങളിലും ആരോപണങ്ങളുണ്ടായി. ദേവസ്വം വകുപ്പിന്റെ പ്ലീഡറായി ശബരിമല കേസിലെ പ്രതിഭാഗം അഭിഭാഷകനെ നിയമിച്ചത് കൂടുതൽ വിവാദമായി. ഇതിനെതിരെ പ്രതിപക്ഷം ‘സംഘിവത്‌കരണം’ ആരോപിച്ചു. കെ.പി.സി.സി ഭാരവാഹിയും സമാന ആരോപണം ഉന്നയിച്ചതോടെ സർക്കാരിനുള്ളിലെ പടലപ്പിണക്കം പൂർണമായി അവസാനിച്ചിട്ടില്ലെന്ന വിമർശനവും ശക്തമായി.
അതേസമയം, മുൻ സർക്കാരിന്റെ ഭരണകാലത്തെ നടപടികളുടെ കണക്കുചോദിക്കപ്പെടുന്നതും അന്വേഷണങ്ങൾ ശക്തമാകുന്നതും പ്രതിപക്ഷത്തെ സമ്മർദത്തിലാക്കുന്നുണ്ടെന്ന വിലയിരുത്തലുമുണ്ട്. മുഖ്യമന്ത്രിക്ക് വാക്കാണ് പ്രധാന ആയുധമെന്നതിനാൽ ആ വാക്കിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷത്തിന്റെ പ്രധാന രാഷ്ട്രീയ നീക്കം. കഴിഞ്ഞ 100 ദിവസത്തെ ഇടതുസർക്കാരിന്റെ ഭരണവുമായി താരതമ്യം ചെയ്ത് സർക്കാരിന് പിടിച്ചുനിൽക്കാനായിട്ടുണ്ടാകാം. എന്നാൽ ഇനി വരുന്ന ദിവസങ്ങളിൽ സതീശൻ സർക്കാരിന്റെ പ്രവർത്തനം മാത്രം മാനദണ്ഡമാക്കി വിലയിരുത്തപ്പെടും എന്നതാണ് നൂറാം ദിനം നൽകുന്ന പ്രധാന രാഷ്ട്രീയ സൂചന.

