PRAVASI

തലമുറകളുടെ ഹൃദയങ്ങളിൽ ഇടംനേടിയ മഹാവൈദികൻ മോൺ .പീറ്റർ ഊരാളിലിന്റെ 25-ാം ചരമവാർഷികം ആചരിച്ചു

Blog Image

മോനിപ്പള്ളി: കോട്ടയം ക്നാനായ അതിരൂപതയുടെ ആത്മീയ, സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ അരനൂറ്റാണ്ടിലേറെക്കാലം നിറസാന്നിധ്യമായി പ്രവർത്തിച്ച് തലമുറകളുടെ ഹൃദയങ്ങളിൽ ഇടംനേടിയ മഹാവൈദികൻ മോൺ. പീറ്റർ ഊരാളിലിന്റെ 25-ാം ചരമവാർഷികം ആചരിച്ചു. മോനിപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ രാവിലെ 10ന് ആരംഭിച്ച അനുസ്മരണച്ചടങ്ങുകളിൽ സഭാ-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും നൂറുകണക്കിന് വിശ്വാസികളും അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തവരും പങ്കെടുത്തു. വിശുദ്ധ കുർബാന, അനുസ്മരണ സമ്മേളനം, സ്നേഹവിരുന്ന് തുടങ്ങിയ പരിപാടികളോടെയായിരുന്നു ചരമവാർഷികാചരണം. വിശുദ്ധ കുർബാനയ്ക്ക് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് നേതൃത്വം നൽകി.

മോനിപ്പള്ളി തിരുഹൃദയ ക്നാനായ ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക്  അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് നേതൃത്വം നൽകി . അനുസ്മരണ പ്രഭാഷണം നടത്തിയ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട്, മോൺ. പീറ്റർ ഊരാളിലിന്റെ ജീവിതം നന്മയുടെ നിരന്തര പ്രവാഹമായിരുന്നുവെന്ന് അനുസ്മരിച്ചു. മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതിൽ ഒരിക്കലും മടി കാണിക്കാതിരുന്ന അദ്ദേഹം സ്വന്തം അധ്വാനഫലങ്ങൾപോലും മറ്റുള്ളവരുമായി പങ്കുവെച്ച് സുവിശേഷം ജീവിതത്തിൽ പകർത്തുകയായിരുന്നു. സ്നേഹത്തോടെയും സൗഹാർദത്തോടെയും എല്ലാവരോടും ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ ഓർമകൾ ഓരോരുത്തരുടെയും ഹൃദയങ്ങളിൽ ഇന്നും മായാതെ നിൽക്കുന്നു. ആ ജീവിതത്തിലെ നന്മകളും മഹത്തായ മാതൃകകളും സ്വന്തം ജീവിതത്തിലൂടെ പകർത്താൻ ഓരോരുത്തർക്കും കഴിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അനുസ്മരണ സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. വിവിധ സഭാവിഭാഗങ്ങളെ ഒരുമിച്ചുകൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് യഥാർഥത്തിൽ തുടക്കമിട്ടത് മോൺ. പീറ്റർ ഊരാളിലായിരുന്നുവെന്ന് അദ്ദേഹം  അനുസ്മരിച്ചു. അദ്ദേഹം ആരംഭിച്ച ഐക്യത്തിന്റെയും കൂട്ടായ്മയുടെയും പ്രവർത്തനങ്ങളുടെ ചൈതന്യം ഇന്നും കോട്ടയത്ത് ക്രിസ്മസ് ആഘോഷങ്ങളിലൂടെ തുടരുകയാണ്. ഊരാളിലച്ചന്റെ സാമൂഹിക പ്രതിബദ്ധതയും വിദ്യാഭ്യാസ മേഖലയുൾപ്പെടെ വിവിധ രംഗങ്ങളിൽ അദ്ദേഹം നൽകിയ വിലപ്പെട്ട സംഭാവനകളും സംസ്ഥാന സർക്കാരിനുവേണ്ടി ആദരവോടെ സ്മരിക്കുന്നതായും മന്ത്രി മോൻസ് ജോസഫ്  പറഞ്ഞു. 
ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനമുള്ള വ്യക്തിത്വമായിരുന്നു മോൺ. പീറ്റർ ഊരാളിലെന്നും ദൈവമഹത്വത്തിനും സഭയുടെ വളർച്ചയ്ക്കും സുരക്ഷയ്ക്കുമായി ജീവിതം സമർപ്പിച്ച ധന്യവ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. വൈദികർക്കിടയിലെ സൂപ്പർ സ്റ്റാർ ആയിരുന്നു ഊരാളിലച്ചനെന്ന് വിശേഷിപ്പിച്ച അദ്ദേഹം, എല്ലാ കാര്യങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവും ഏതു പ്രതിസന്ധിയെയും ധൈര്യത്തോടെ നേരിടാനുള്ള ചങ്കൂറ്റവും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ സേവനങ്ങളും ത്യാഗങ്ങളും പുതുതലമുറയ്ക്ക് എന്നും പ്രചോദനവും വഴികാട്ടിയുമായിരിക്കണമെന്നും ജസ്റ്റിസ് സിറിയക് ജോസഫ് അഭിപ്രായപ്പെട്ടു.
കോട്ടയം അതിരൂപത സഹായമെത്രാൻ മാർ അപ്രേമാണ് അനുഗ്രഹ പ്രഭാഷണം നടത്തിയത്. ഏൽപ്പിക്കപ്പെട്ട ഏതു ഉത്തരവാദിത്വവും വിജയകരമായി പൂർത്തിയാക്കാൻ പ്രത്യേക കഴിവുണ്ടായിരുന്ന വ്യക്തിയായിരുന്നു ഊരാളിലച്ചനെന്ന് അദ്ദേഹം അനുസ്മരിച്ചു. വിവിധ പ്രവർത്തനങ്ങളുടെ ഏകോപനം കാര്യക്ഷമമായി നിർവഹിച്ച അദ്ദേഹം കൈവയ്ക്കാത്ത മേഖലകളില്ലാത്തവിധം കർമനിരതനായിരുന്നു. മികച്ച അധ്യാപകനായിരുന്ന അദ്ദേഹം ജീവിതത്തിന്റെ അവസാനകാലത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി നിലകൊണ്ടുവെന്നും മാർ അപ്രേം പറഞ്ഞു.

തിരുഹൃദയ ദേവാലയ വികാരി ഫാ. ജോസഫ് നെടുങ്ങാട്ട് ആമുഖപ്രഭാഷണം നടത്തി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ സർക്കാർ നിലപാടുകൾ സ്വീകരിച്ചിരുന്ന കാലത്ത് അവയുടെ സംരക്ഷണത്തിനായി മോൺ. പീറ്റർ ഊരാളിലിന്റെ നേതൃത്വത്തിൽ കോട്ടയത്ത് ആയിരങ്ങളെ അണിനിരത്തി നടത്തിയ പോരാട്ടങ്ങൾ ചരിത്രപ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഊരാളിലച്ചന്റെ അസാമാന്യമായ നേതൃത്വപാടവവും സംഘാടനമികവും ജനങ്ങളെ ആകർഷിക്കുന്ന വ്യക്തിപ്രഭാവവും എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫോമാ മുൻ പ്രസിഡന്റും ഊരാളിൽ കുടുംബങ്ങവുമായ  ബേബി ഊരാളിൽ സ്വാഗതം പറഞ്ഞു.25-ാം ചരമവാർഷികത്തെ കേവലം ഒരു അനുസ്മരണച്ചടങ്ങായി കാണേണ്ടതില്ലെന്നും ദൈവത്തിനും മനുഷ്യർക്കും ഒരുപോലെ പ്രിയങ്കരമായ ജീവിതം നയിച്ച വ്യക്തിയുടെ സ്വർഗീയ ജന്മദിനമായാണ് ഈ ദിനത്തെ കാണേണ്ടതെന്നും പറഞ്ഞു. അച്ഛന്റെ ആരോഗ്യനില ഗുരുതരമാണെന്നറിഞ്ഞ് അമേരിക്കയിൽനിന്ന് നാട്ടിലെത്തി കാരിത്താസിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഹൃദയസ്പർശിയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.  മാലാഖമാർ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന് അച്ഛനെ കൈകളിലേറ്റി സ്വർഗത്തിലേക്ക് കൊണ്ടുപോകുന്ന അനുഭവമാണ് അന്ന് തനിക്കുണ്ടായതെന്നും അച്ഛൻ ഇന്നും സ്വർഗത്തിലിരുന്ന് നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന വിശ്വാസമാണ് തനിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പീറ്റർ ഊരാളിൽ ചടങ്ങിന് നന്ദി പറഞ്ഞു.തോമസ് ചാഴികാടൻ ,മുൻ എം എൽ എ സ്റ്റീഫൻ ജോർജ് ,പി.യു തോമസ്  അമേരിക്കയിൽ നിന്നും വ്യവസായ പ്രമുഖൻ വർക്കി എബ്രഹാം ,ഫോമാ മുൻ ജനറൽ സെക്രട്ടറി ജോൺ സി വർഗീസ് തുടങ്ങി സാംസ്കാരിക ,സഭാ,സാമൂഹ്യ മേഖലകളിലെ പ്രമുഖരും ,വൈദികരും ,സന്യാസിനികളും നിരവധി വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു .തുടർന്ന് നടന്ന സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.