ഒരു പ്രായം എത്തിക്കഴിഞ്ഞാൽ മനുഷ്യർക്ക് വേണ്ടത് പരിഗണനയാണ്. അവരും അവിടെയുണ്ട് എന്നൊരു അംഗീകാരം. പലപ്പോഴും നമ്മൾ കരുതുന്ന പോലെ കടുംപിടിത്തത്തിൽ നിന്നും പിന്തിരിപ്പിക്കാൻ അവർക്കു അമ്പിളിമാമ്മൻ ഒന്നും വേണ്ടിവരില്ല.
അവരെ ഒന്നു കേൾക്കുക; നമുക്ക് എല്ലാവർക്കും കൂടി ഒരുമിച്ചിരിക്കാം എന്നൊന്നു പറയുക; നിങ്ങളും കൂടെ വേണം എന്നു പറയുക.
ഇന്നലെ വരെ അവസാന വാക്കായി ഓടി നടന്നവർ, എല്ലാം അടക്കിഭരിച്ചു നടന്നവർ, പെട്ടെന്നൊരു ദിവസം അപ്രസക്തമാകുന്നു എന്ന് തോന്നുമ്പോൾ അവർ കലഹിക്കും. കിട്ടുന്ന അവസരങ്ങളിൽ എല്ലാം അത് പുറത്തേക്ക് പൊട്ടിയൊഴുകും. അല്ലെങ്കിൽ, ചെയ്യാനുള്ളതൊക്കെ ചെയ്തു ഇനി മാറിനിൽക്കാം എന്ന് സ്വയം തീരുമാനിക്കാനും, അതിനെ ഉള്ളിൽ തൃപ്തിയോടെ സ്വീകരിക്കാനുമുള്ള ജ്ഞാനം സംഭവിക്കണം.

എന്നാൽ, രാഷ്ട്രീയം പലപ്പോഴും പ്രസക്തി നിലനിർത്തുന്നതിന്റെ കല കൂടിയായതിനാൽ, അതിനുമുകളിൽ മാത്രം അഭിരമിച്ചവർക്ക് ഒരു സുപ്രഭാതത്തിൽ അതിന്റെ പിടിയിൽ നിന്നും അയയുക എളുപ്പമല്ല — ജീവിതകാലം മുഴുവൻ കൂടെയുണ്ടായിരുന്നത്, പടവെട്ടി നേടിയെടുത്തത് — വിരലുകൾക്കിടയിലൂടെ ചോർന്നു പോകുന്നത് കാണുമ്പോൾ, അത് മറ്റുള്ളവർ കൈയാളുന്നത് കാണുമ്പോൾ അവർ അലമ്പും, അസ്വസ്ഥരാകും.
ഗോദാവരിയിൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോൾ ഖാർഗെ വിളിച്ചു കെ. സുധാകരനോട് സംസാരിച്ചു; അപ്പോൾ മഞ്ഞുരുകി എന്ന വാർത്ത കണ്ടപ്പോൾ തോന്നിയത് — അത്രയൊക്കെ മതി മനുഷ്യർക്ക്. പരിഗണനയുടെ ഒരു വിരൽസ്പർശം; ഇപ്പോഴും പ്രസക്തനാണ് എന്ന് ഉറപ്പിക്കുന്ന ഒരു വരി, ഒരു വാക്ക്.

