ലോകകപ്പ് ഫൈനലിൽ നൂറ്റി ഇരുപതാം മിനിറ്റിന്റെ വിസിൽ മുഴങ്ങിയപ്പോൾ മെസ്സി എവിടെയാണോ, അവിടെ തന്നെ ഇത്തിരിനേരം നിന്നു.
അതൊരു അവസാനമായിരുന്നു. നിർത്താതെ ഓടിയ ഇരുപതു വർഷങ്ങളുടെ, മതിയാവാതെ അടിച്ചു കൂട്ടിയ ഗോളുകളുടെ, കാലു നൽകിയ ആറു ലോകകപ്പുകളുടെ, ഇനി കൈവയ്ക്കാനില്ലാത്ത കിരീടങ്ങളുടെ.. മെസ്സി ഒരു വിരാമചിഹ്നത്തിൽ ചവിട്ടി നിൽക്കുന്ന പോലെ തോന്നി.
തോറ്റ കളി കളിച്ചിട്ട് നിൽക്കുമ്പോഴും ഗാലറിയിൽ മെസ്സി എന്നുമാത്രം മുഴങ്ങി. അതിനിടയിൽ, ഇരുപത് വർഷങ്ങൾക്ക് മുൻപ് ആദ്യമായി ലോകകപ്പ് മൈതാനത്ത് കാലുകുത്തിയപ്പോൾ അണിഞ്ഞ പത്തൊൻപതാം നമ്പർ ജേഴ്‌സി ആരോ ഉയർത്തിപ്പിടിച്ചിരിക്കുന്നത് സ്‌ക്രീനിൽ തെളിഞ്ഞു.
ഓട്ടം തികഞ്ഞിരിക്കുന്നു.
സ്‌പെയിൻ ആഘോഷിക്കുമ്പോൾ, അതിനു പിന്നിൽ തോറ്റ പടയുടെ നായകനെ പോലെ മെസ്സി നിന്നു.
മെഡൽ വാങ്ങി തിരിച്ചു വന്നുനിന്നപ്പോൾ, ഗാലറിയെ നോക്കി ആ കണ്ണുകൾ നിറഞ്ഞൊഴുകി. ഇനി ഒരിക്കൽ കൂടി അയാൾ ലോകകപ്പ് മൈതാനത്ത് ഇങ്ങനെ വന്നു നിൽക്കില്ലായിരിക്കും.
എങ്കിലും മെസ്സീ, നിങ്ങൾ ഞങ്ങൾക്ക് എല്ലാം തന്നു. നിങ്ങളുടെ കണ്ണീരും കിനാവും തന്നു, നിങ്ങളുടെ ദാഹവും വിശപ്പും തന്നു, നിങ്ങളുടെ രക്തവും മാംസവും തന്നു.
ഒടുവിൽ തനിയെ ആ പത്താം നമ്പർ ജഴ്‌സി ഇതാ തിരിച്ചു നടക്കുന്നു, ഡ്രസിങ് റൂമിലേക്ക്, ചരിത്രത്തിലേക്ക്.
ആരോ എഴുതിയത് പോലെ, ജനിക്കാൻ ഒരുപാട് വൈകിപ്പോയതിനാൽ ദിനോസറുകളെ കാണാൻ കഴിഞ്ഞില്ല; ജനിച്ചത് ഒരുപാട് നേരത്തെ ആയിപ്പോയതിനാൽ പറക്കുന്ന കാറുകൾ കാണാൻ കഴിഞ്ഞില്ല; എന്നാൽ മെസ്സിയെ കാണാൻ, മെസ്സിയുടെ കളി കാണാൻ, ജനിച്ച കാലം കൃത്യമായിരുന്നു.
ലവ് യു, ലിയോ

ഷിബു ഗോപാലകൃഷ്ണൻ

