തിരുവനന്തപുരം: കവടിയാറിന് സമീപം ജവഹർ നഗറിലെ 10 കോടിയോളം രൂപ വിലവരുന്ന വീടും സ്ഥലവും തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ശാസ്തമംഗലം സബ് രജിസ്ട്രാർ എസ് ലക്ഷ്മിയും മുഖ്യപ്രതിയും കോൺഗ്രസ് നേതാവുമായ അനന്തപുരി മണികണ്ഠനുമായി നിരന്തരം ഫോണിൽ സംസാരിച്ചതിന്റെ സൈബർ തെളിവുകൾ പോലീസിന് ലഭിച്ചു. തട്ടിയെടുക്കാൻ വ്യാജരേഖയുണ്ടാക്കിയതിനാണ് കേസിലെ ഒൻപതാം പ്രതിയായ ലക്ഷ്മി അറസ്റ്റിലായത്.

തട്ടിപ്പിന് കൂട്ടുനിൽക്കാൻ മണികണ്ഠനിൽ നിന്ന് ലക്ഷ്മി 10 ലക്ഷം രൂപയും 10 വിലകൂടിയ സ്മാർട്ട് ഫോണുകളും കൈക്കൂലിയായി വാങ്ങിയെന്ന് പോലീസ് കണ്ടെത്തി. ആൾമാറാട്ടത്തിനും വ്യാജരേഖ ചമയ്ക്കാനും ഉദ്യോഗസ്ഥ കൂട്ടുനിന്നെന്ന കണ്ടെത്തലിനെത്തുടർന്നാണ് മ്യൂസിയം പോലീസിന്റെ നടപടി.കേസിൽ ആൾമാറാട്ടം നടത്തിയവരും ഒത്താശ ചെയ്തവരും ഉൾപ്പെടെ എട്ടുപേർ നേരത്തെ അറസ്റ്റിലായിരുന്നു. .
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിപ്‌സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള 14.5 സെന്റ് സ്ഥലവും 6,000 ചതുരശ്രയടി വിസ്തീർണമുള്ള വീടുമാണ് സംഘം തട്ടിയെടുക്കാൻ ശ്രമിച്ചത്. ഡോറയുമായി രൂപസാദൃശ്യമുള്ള വട്ടപ്പാറ സ്വദേശി വസന്തയെ ഡോറയായും, പുനലൂർ സ്വദേശി മെറിനെ ചെറുമകളായും ആൾമാറാട്ടം നടത്തിയാണ് പ്രമാണം രജിസ്റ്റർ ചെയ്തത്. ഡോറ തന്റെ സ്വത്ത് ചെറുമകൾക്ക് ഇഷ്ടദാനം നൽകിയെന്ന വ്യാജ കരാറാണ് ആദ്യം നിർമിച്ചത്. രജിസ്ട്രാർ ഓഫീസിന് പുറത്തുവെച്ച് നടന്ന ഈ ഇടപാടിൽ ആൾമാറാട്ടം നടത്തിയവരുടെ രേഖകൾ പരിശോധിക്കാൻ സബ് രജിസ്ട്രാർ തയ്യാറായില്ലെന്ന് പോലീസ് കണ്ടെത്തി.വ്യവസായിയായ അനിൽ തമ്പിക്ക് വേണ്ടിയാണ് അനന്തപുരി മണികണ്ഠൻ തട്ടിപ്പ് ആസൂത്രണം ചെയ്തത്. 2013 മുതൽ ജവാഹർ നഗറിലെ വസ്തു കൈവശപ്പെടുത്തണമെന്ന് ആഗ്രഹമുള്ള അനിൽ തമ്പി പലവട്ടം വസ്തു വിൽക്കുന്നതിനെക്കുറിച്ച് ആവശ്യപ്പെട്ടിട്ടും ഉടമ വിൽക്കാൻ തയാറായില്ല. തുടർന്ന് അനിൽ തമ്പി കടക്കെണിയിലായിരുന്ന മണികണ്ഠന് 40 ലക്ഷം രൂപ അഡ്വാൻസ് നൽകിയാണ് പദ്ധതി നടപ്പാക്കിയത്.

