തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് ‘ഓപ്പറേഷൻ തുഫാൻ- ദ നർക്കോ ഹണ്ട്’ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അധികാരമേറ്റതിന് പിന്നാലെ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് മന്ത്രി നിർണ്ണായക പ്രഖ്യാപനങ്ങൾ നടത്തിയത്. ഡിജിപിയും പോലീസ് ഉപദേഷ്ടാവും മന്ത്രിക്കൊപ്പം പങ്കെടുത്തു.
സംസ്ഥാനത്തെ ലഹരി ശൃംഖലകളെ തകർക്കാൻ വിപുലമായ റെയ്ഡുകളും അന്വേഷണങ്ങളും ആരംഭിക്കും. കേരളത്തിലെ 484 പൊലീസ് സ്റ്റേഷനുകളെയും ജനസേവന കേന്ദ്രങ്ങളായി മാറ്റും. സ്റ്റേഷനിൽ എത്തുന്നവരെ ‘ഗുഡ് മോണിംഗ്’ പറഞ്ഞ് സ്വീകരിക്കുന്ന രീതി നടപ്പിലാക്കും. പൊലീസ് സ്റ്റേഷൻ പരിസരങ്ങൾ വൃത്തിയാക്കും, വർഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യും. മാറുന്ന കാലത്തിനനുസരിച്ച് പൊലീസ് ട്രെയിനിംഗ് സിലബസിൽ മാറ്റങ്ങൾ വരുത്തും. വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കും.
നിയമലംഘകരെയും പോലീസിനെ വെല്ലുവിളിക്കുന്നവരെയും വെച്ചുപൊറുപ്പിക്കില്ല എന്ന് മന്ത്രി വ്യക്തമാക്കി. ഈ പോരാട്ടത്തിൽ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു.

