ഗവൺമെൻറ് ഷഡ്ഡൗൺ ഇപ്പോൾ രാജ്യം നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. പലരും ആശങ്കയോടെ തുറിച്ചു നോക്കുന്നു, നാളെ എന്ത് സംഭവിക്കും?. ജനങ്ങൾ വിധിയെഴുതി അംഗീകരിച്ച ട്രംപ് ഭരണകൂടത്തെ തകർക്കുവാനും, അടിയറവു പറയിപ്പിക്കുവാനും ജനരോക്ഷം ദേശത്ത് കത്തിക്കുവാനും ചെയ്തുകൂട്ടുന്ന കിടാമത്സരമാണ് ഇതെന്ന് സാധാരണക്കാർക്ക് പോലും മനസ്സിലാകുന്നു. ഞാനാണ് ശരി എന്നുള്ള ചിന്താഗതിയും, വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലാത്ത കടുംപിടുത്തങ്ങളും, പാർട്ടികൾ തമ്മിലുള്ള വൈരാഗ്യ ബുദ്ധിയോടുകൂടിയുള്ള സമീപനവും കൊണ്ട്, പലതും ദേശത്ത് നടപ്പിലാക്കുവാൻ കഴിയാതെ പോകുന്നു. ജനകോടികൾ അംഗീകരിച്ച നിലവിലുള്ള ഗവൺമെൻറ് രാജ്യത്തിൻറ് കെട്ടുറപ്പിനും, സുരക്ഷയ്ക്കും, പുരോഗതിക്കും വേണ്ടി അഹോരാത്രം പ്രയത്നിക്കുമ്പോൾ അതിനെ അവഹേളിച്ചു കൊണ്ടും, പുച്ഛിച്ചുകൊണ്ടും എതിർകക്ഷികൾ സ്വന്തം കാര്യം സിന്ദാബാദ് എന്ന മനോഭാവത്തോടെ എല്ലാ തന്ത്രങ്ങളും പുറത്തെടുത്തു പയറ്റുന്നത് രാജ്യത്തിൻറ് പുരോഗതിക്ക് വേണ്ടിയല്ല, അധികാരത്തിൻറ് പൊന്നാട പുതച്ച് എന്നും സിംഹാസനത്തിൽ ഇരിക്കുവാൻ കൊതിക്കുന്നത് കൊണ്ടത്രേ. ഇങ്ങനെയുള്ള ദുഷ്കർമ്മങ്ങൾ ദേശത്ത് പെരുക്കുകയും, അതിനെ താലോലിക്കുന്ന വാർത്താമാധ്യമങ്ങൾ ഇവർക്കുവേണ്ടി കേളികൊട്ടുമ്പോൾ ഗവൺമെന്റുകൾ സ്തംഭിക്കുക തന്നെ ചെയ്യും. പലർക്കും ഇതൊരു ഹരമാണ്, കലാപരിപാടിയാണ്.
ഇവിടുത്തെ ഗവൺമെൻറ് ഇപ്പോൾ സ്തംഭിച്ചിരിക്കുന്നു. ഷഡ്ഡൗൺ എന്ന നീരാളി, പട്ടാളം തുടങ്ങി, എയർ ട്രാഫിക് കൺട്രോളിൽ വരെ സേവനമനുഷ്ഠിക്കുന്ന രാജ്യത്തിൻറ് പൗരന്മാർക്ക് ശമ്പളം കൊടുക്കുവാൻ കഴിയാത്തവണ്ണം സമ്പദ് വ്യവസ്ഥയെ ചുറ്റിപ്പിടിച്ച് മുറുക്കിയിരിക്കുന്നു. ഇങ്ങനെ ആയിത്തീരുവാൻ ഒത്തിരി കാരണങ്ങൾ പുറകിൽ ഉണ്ട്, ഞാൻ പിടിച്ച മുയലിന് മൂന്നു കൊമ്പുണ്ട് എന്ന് വിട്ടുവീഴ്ചാ മനോഭാവം ഇല്ലാതെ വാദിക്കുന്ന കുതന്ത്രികൾ ഒരു ഭാഗത്ത്, ഷഡ്ഡൗണിൽ സന്തോഷിക്കുന്നവരുടെ നീണ്ട നിര വേറൊരു ഭാഗത്ത്, മകൻ ചത്താലും വേണ്ടില്ല,, മരുമകളുടെ കണ്ണുനീര് കാണണമെന്ന് കൊതിക്കുന്ന അമ്മായിയമ്മമാർക്ക് തതുല്യമായി കളം മാറിമാറി ചവിട്ടുന്ന ഇത്തിള് കണ്ണികളായ കപട നേതാക്കൾ. ഇങ്ങനെയുള്ളവർ ഗവൺമെൻറ് തലത്തിൽ നുഴഞ്ഞു കയറി വാവലുകൾ കണക്കെ വാഷിംഗ്ടണൽ തൂങ്ങിക്കിടക്കുകയാണ്. ഇവരുടെ പ്രവർത്തികൾ ഇരുട്ടുള്ളപ്പോൾ ആരംഭിക്കുന്നു. വെളിച്ചത്തെ ഇവർ പകയ്ക്കുന്നു, വെളിച്ചം ഇവർക്ക് ഇഷ്ടമല്ല. നിലവിലുള്ള പ്രസിഡൻറ് ട്രംപ് ഭരണകൂടം പരാജയപ്പെടുവാനും, വീണുപോകുവാനും മുട്ടായി നുണഞ്ഞ് ഇവരെപ്പോലുള്ളവർ എന്നുമെന്നും കാത്തിരിക്കുകയാണ്. ഇവരെ പ്രകീർത്തിച്ച് ഓശാന പാടുന്ന മാധ്യമങ്ങൾ ഇവർക്കു ചുറ്റും നിന്ന് വീശുകയാണ്.
ഗവൺമെൻറ് ഷഡ്ഡൗൺ ഇന്നും ഇന്നലെയും ആരംഭിച്ചതല്ല, യുഗങ്ങൾക്കു മുമ്പ് സ്വർഗ്ഗം തുടങ്ങിയതാണ്. ദുഷ്പ്രവർത്തിയും, ദേശത്തിൻെറ് പാപം നിമിത്തവും യഹോവയായ ദൈവം പറയുന്നു “ഞാൻ തലയ്ക്കു മീതെയുള്ള ആകാശം ചെമ്പായും, കീഴുള്ള ഭൂമി ഇരുമ്പായും മാറ്റും”. മഞ്ഞും, മഴയും ആകാശത്തു നിന്ന് കൊടുക്കാതെ സ്വർഗം വാതിലുകൾ അടയ്ക്കുന്നു, ഭൂമി പണിമുടക്കുന്നു. ഇത് തമ്പുരാൻെറ് ഷഡ്ഡൗൺ ആണ്. പ്രവാചകനായ ഏലിയാവിൻെറ് കാലത്ത് (ഒന്ന് രാജാക്കന്മാർ 17) ആഹാബ് എന്ന ദൈവ നിഷേധിയുടെ ഭരണം ദേശത്ത് നടമാടുമ്പോൾ, ദുഷ്ടതയും, പാപവും, അസ്സന്മാർഗികതയും ദേശത്ത് ചിതൽപ്പുറ്റുപോലെ പെരുകുന്നു, ദൈവം ഇടപെടുന്നു. മൂന്നര വർഷക്കാലം മഞ്ഞും, മഴയും ഷഡ്ഡൗൺ ചെയ്തു. അന്ന് ശമ്പളം മുടങ്ങി എന്നു പറഞ്ഞും, വിമാനം താമസിച്ചെന്നും പറഞ്ഞ് ആരും വിറളി പിടിച്ചില്ല. എന്നാൽ അവർ നടുങ്ങി, കുടിവെള്ളം മുടങ്ങി, ദേശത്ത് ഭക്ഷണമില്ലാതായി, മരണമണിയുടെ ശബ്ദം ദേശത്തു മുഴങ്ങി. കാരണം എന്ത്? ദൈവത്തോടുള്ള മറുതലിപ്പ്, ദൈവ നിഷേധം. അമേരിക്ക എന്ന ഉന്നതമായ രാജ്യത്ത് നിന്നും ഉന്നതനായ ദൈവത്തെ താഴെ ഇറക്കുവാൻ പരിശ്രമിക്കുന്ന കറുത്ത കരങ്ങൾ നൃൂയോർക്ക് തുടങ്ങി കാലിഫോർണിയ വരെ അർബുദം പോലെ പടർന്നു പിടിക്കുകയാണ്. ഇത് ദർശിച്ച് സ്വർഗ്ഗം ദുഃഖിക്കുന്നു. ദൈവത്തിൻെറ് രാജ്യത്ത് ദൈവത്തെ പൂട്ടിയിടുന്ന പദ്ധതി ഒരുക്കുന്ന പൈശാചികത പ്രബലപ്പെടുവാൻ അനുവദിക്കരുത്. ഈ അധപതനം ജീർണിപ്പിക്കുന്ന കുഷ്ഠരോഗത്തിന് തുല്യമത്രേ. സാത്താന്യ പദ്ധതികൾ ദേശത്ത് നടത്തുവാൻ ഒരു കൂട്ടം തിടുക്കം കാണിക്കുന്നു. വർഗീയത വളർത്തി, രാജ്യത്തിൻറ് പൗരന്മാരെ സംരക്ഷിക്കുന്നതിലും, ഉപരിയായി അനധികൃത കുടിയേറ്റക്കാർക്ക് വീട് വെച്ചു കൊടുക്കുന്നവർ സ്വന്തം നിലനിൽപ്പാണ് നോക്കുന്നത്. രാജ്യത്തിൻറ് നന്മയും, സാധാരണക്കാരുടെ സുരക്ഷിതത്വവും ഇവർക്ക് ലെവലേശം ചിന്തയില്ല. കഷ്ടം സഹിച്ച് ദിനരാത്രങ്ങൾ ജോലി ചെയ്ത് കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റി വളർത്തുന്ന ഒരു വലിയ സമൂഹം ഈ രാജ്യത്ത് ഉണ്ട്. അവരുടെ വിയർപ്പുതുള്ളികൾക്ക് ഒട്ടും വില കൽപ്പിക്കാതെ ഇന്നലകളിൽ അനധികൃതമായി തള്ളിക്കയറിയവർക്ക് സ്വീകരണം ഒരുക്കുന്നത് കിരാതത്വമാണ്, സന്മാർഗികതയല്ല. ഇതിനെതിരെ ശബ്ദമുയർത്തുമ്പോൾ, ഷഡ്ഡൗൺിന് ചുക്കാൻ പിടിക്കുന്ന കപട നേതാക്കളെ പുറത്താക്കണം.
നിയമത്തെ കാറ്റിൽ പറത്തിക്കൊണ്ട്, നിയമപാലകരെ വേട്ടയാടുന്ന അക്രമികളെ കണ്ടെത്തി ശിക്ഷിക്കേണ്ടത് ആവശ്യമാണ്. സ്വന്തം രാജ്യത്തെ നശിപ്പിക്കുവാൻ തന്ത്രങ്ങൾ മെനയുന്ന ഇരുട്ടിൻറ് വ്യാപാര ശക്തികളെ സമൂഹം മനസ്സിലാക്കണം. ദേശത്ത് പാപവും, ശാപവും, ദുഷ്ടതയും വർദ്ധിക്കുവാൻ കാരണം ജനം ദൈവനിഷേധികളായി, മത്സരികളായി തീരുന്നതുകൊണ്ടത്രേ. അനുസരിക്കാത്ത ജനം സ്വർഗീയ ഗവൺമെന്റിന്റെ ഷഡ്ഡൗൺ അനുഭവിച്ച ചരിത്രം തിരുവചനത്തിൽ കണ്ടുവല്ലോ. ഇന്ന് ഇവിടെ സംഭവിക്കുന്നതും അതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. എല്ലാ ദിവസവും, രാവും, പകലും മുഖംമൂടി ധരിച്ചു കൊണ്ട് നിരത്തുകളിലും, പട്ടണങ്ങളിലും കൊടിപിടിക്കുകയും, അക്രമങ്ങൾ ചെയ്യുകയും ചെയ്യുന്നവർ സോറോസ്, ബിൽഗേറ്റ് ധനാഢ്യന്മാർ വാടകക്കെടുത്ത വരും, കൂലിക്കാരുമത്രേ. ഇവരുടെ ഡോളറിൻറ് ബലത്തിൽ ഇവർ അടിച്ചു തകർക്കുവാനും, മുടിക്കുവാനും ദേശമൊട്ടാകെ ഓടിനടക്കുകയാണ്. ഇങ്ങനെയുള്ളവരെ ജയിലിൽ അടച്ചാലും പുറത്തുകൊണ്ടുവരുവാൻ പണം മുടക്കുന്ന ഇരുട്ടിൻറ് തീവ്രവാദികളെ ജനം മാലിന്യം പോലെ പുറന്തള്ളണം. ഇവരുടെ ചെണ്ടകൊട്ടിൽ വീണു പോകരുത്. ഇവരെ തിരിച്ചറിയൂ. അമേരിക്കൻ ഗവൺമെന്റിന് സ്തംഭനാവസ്ഥയിലാക്കുവാൻ നിദാന്ത പരിശ്രമം ചെയ്യുന്ന ചെയ്യുന്ന രാജ്യദ്രോഹികളെ ചാട്ട വാർ കൊണ്ട് അടിക്കുന്നതിൽ തെറ്റ് എന്ത്? പദ്ധതികൾ ഒന്നും നടപ്പിൽ വരുത്തുവാൻ അനുവദിക്കാതെ എല്ലാറ്റിനും മുന്നിൽ ചാടി വീണു തടസ്സം സൃഷ്ടിക്കുന്ന ജനപ്രതിനിധികൾ, ജഡ്ജിമാർ കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് സിദ്ധാന്തം അമേരിക്കയുടെ മണ്ണിൽ വേരുറപ്പിക്കുവാൻ പ്രയത്നിക്കുന്ന കളകളത്രെ. ഷഡ്ഡൗണും, ലോക്ക്ഡൗണും ഇവർക്ക് ഹരമാണ്. എന്നാൽ സർവ്വശക്തൻ പറയുന്നു മുന്നോട്ട് പോകുക, അവരെ ഭയപ്പെടരുത്.
.jpg)
പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

