PRAVASI

വിശ്വപൗരനെ അവഗണിക്കാന്‍ കോണ്‍ഗ്രസ് ; ശശി തരൂരിന്റെ മോദി സ്തുതി പരിധി വിടുന്നു

Blog Image

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തരം കിട്ടുമ്പോഴെല്ലാം വാനോളം പുകഴ്ത്തുന്ന വര്‍ക്കിങ് കമ്മറ്റിയംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂരുമായി ഇനി ഒരു ചര്‍ച്ചയും വേണ്ടെന്ന് കോണ്‍ഗ്രസില്‍ ധാരണ. തരൂരിനെ പൂര്‍ണ്ണമായും അവഗണിക്കും. പരാമര്‍ശങ്ങളിലും ലേഖനങ്ങളിലും ഒരു പ്രതികരണവും വേണ്ടെന്ന തീരുമാനമാണ് നേതാക്കള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്. ആവര്‍ത്തിച്ച് ചര്‍ച്ച നടത്തുകയും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നിലപാടുകള്‍ സ്വീകരിക്കരുതെന്ന അഭ്യാര്‍ത്ഥിക്കുകയും ചെയ്തിട്ടും വഴങ്ങാത്തതില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയിലാണ്.

ഓപ്പേറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനായി നടത്തിയ വിദേശ പര്യടനത്തിന് ശേഷം എഴുതിയ ലേഖനത്തിലെ മോദി സ്തുതി എല്ലാ പരിധികളും ലംഘിക്കുന്നതാണ്. മോദിയുടെ ഊര്‍ജ്ജം, ചലനാത്മകത, ഇടപഴകാനുള്ള സന്നദ്ധത ഈ മൂന്ന് ഗുണങ്ങളും ലോക വേദികളില്‍ ഇന്ത്യയുടെ സ്വത്താണെന്നാണ് തരൂര്‍ പുകഴ്ത്തുന്നത്. മികച്ച പിന്തുണ അദ്ദേഹം അര്‍ഹിക്കുന്നുണ്ടെന്നും തരൂര്‍ എഴുതി. തരൂരിന്റെ ഈ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു.


കോണ്‍ഗ്രസിന്റെ നേതാക്കളും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും അധ്വാനിച്ചാണ് നാലുവട്ടം എംപിയായി തിരഞ്ഞെടുത്തത് എന്നത് മറന്നാണ് തരൂര്‍ ഈ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. പാര്‍ട്ടിക്കും മുകളിലാണെന്ന ചിന്തയിലാണ് തരൂര്‍ എന്നാണ് വിമര്‍ശനം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ദിവസം രാവിലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് പാര്‍ട്ടിയുടെ സാധ്യതകളെ പരമാവധി തകര്‍ക്കുന്ന രീതിയിലുള്ള പ്രതികരണം നടത്തിയതിലും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.

നേരത്തെ തന്നെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടി പരിപാടികളിലൊന്നും ക്ഷണിക്കുന്നതും പതിവില്ല. തരൂര്‍ ബിജെപിയിലേക്കുള്ള പാത തുറക്കുകയാണെന്ന വിലയിരുത്തലാണ് നേതാക്കള്‍ക്കുളളത്. പാര്‍ട്ടി നടപടി എടുത്ത് രക്തസാക്ഷി പരിവേഷത്തില്‍ ഒരു ബിജെപി പ്രവേശനം ലക്ഷ്യമിട്ടാണ് ഈ നീക്കങ്ങളെല്ലാം എന്നാണ് നേതാക്കള്‍ കരുതുന്നത്. അതിന് അവസരം നല്‍കാതിരിക്കാനാണ് ഈ അവഗണിക്കല്‍.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.