പഹല്‍ഗാം ആക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും പിന്നാലെ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് അറിയിക്കുന്നതിനായി ഭരണ-പ്രതിപക്ഷ അംഗങ്ങളടങ്ങിയ പ്രതിനിധി സംഘങ്ങള്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവരികയാണ്. കോണ്‍ഗ്രസ് എംപിയായ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇപ്പോള്‍ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ്. ഇതിനിടെ കഴിഞ്ഞ ദിവസം യുഎസിൽ നടത്തിയ പത്രസമ്മേളനത്തില്‍ ശശി തരൂര്‍ നേരിടേണ്ടി വന്നത് മാധ്യമപ്രവർത്തകനായ സ്വന്തം മകന്‍ ഇഷാന്റെ ചോദ്യങ്ങളെയാണ്. പഹല്‍ഗാം ഭീകരാക്രമണത്തിലെ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ചാണ് ഇഷാന്‍, തരൂരിനോട് ചോദിച്ചത്. തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തോട് പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ച് ഏതെങ്കിലും രാജ്യം തെളിവ് ആവശ്യപ്പെട്ടിട്ടുണ്ടോയെന്നാണ് ഇഷാന്‍ തരൂര്‍ ചോദിച്ചത്. ആക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്ഥാന്‍ നിരന്തരം നിഷേധിക്കുന്നതിനെക്കുറിച്ചും ഇഷാന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു.
"പര്യടനത്തിന്റെ ഭാഗമായി നിങ്ങള്‍ നിരവധി പാശ്ചാത്യ രാജ്യങ്ങളില്‍ പോയിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ച് തെളിവ് കാണിക്കാന്‍ നിങ്ങളോട് ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ? ആക്രമണത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് പാകിസ്ഥാന്‍ നിഷേധിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്," ഇഷാന്‍ ചോദിച്ചു.
പാകിസ്ഥാനെതിരേ കൃത്യമായി തെളിവുകള്‍ ഇല്ലാതിരുന്നുവെങ്കില്‍ ഇന്ത്യ ഇതുപോലെ തിരിച്ചടിക്കുമായിരുന്നില്ലെന്ന് ശശി തരൂര്‍ ഉത്തരം നല്‍കി. "താങ്കൾ ഈ ചോദ്യം ചോദിച്ചതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ലളിതമായി പറഞ്ഞാല്‍ ആര്‍ക്കും അക്കാര്യത്തില്‍ സംശയമില്ല. ആരും ഞങ്ങളോട് തെളിവ് ചോദിച്ചിട്ടില്ല. പക്ഷേ, മാധ്യമങ്ങള്‍ രണ്ടോ മൂന്നോ തവണ ചോദിച്ചിട്ടുണ്ട്. കൃത്യമായ തെളിവുകള്‍ ഇല്ലാതെ ഇന്ത്യ ഇത് ചെയ്യുമായിരുന്നില്ല എന്ന് ഞാന്‍ വ്യക്തമായി പറയട്ടെ," തരൂര്‍ പറഞ്ഞു.

