PRAVASI

ശശി തരൂര്‍ നിലമ്പൂരില്‍ വരുമോ ഇല്ലയോ?

Blog Image

ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ വിദേശങ്ങളില്‍ പോയ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം ഡോ ശശി തരൂര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുമോ? അതോ വീണ്ടും മോദി സ്തുതികളുമായി ചുറ്റിക്കറങ്ങുമോ എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്. വിദേശ യാത്ര കഴിഞ്ഞ് നാളെ തിരിച്ചെത്തുന്ന തരുരിന്റെ അടുത്ത നീക്കങ്ങളില്‍ കോണ്‍ഗ്രസിനും ആശങ്കയുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് അമേരിക്കയിലടക്കം പോയ എംപിമാരുടെ സംഘത്തെ നയിച്ചത് ശശി തരൂരായിരുന്നു. സ്വദേശത്തും വിദേശത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ കലവറയില്ലാതെ പുകഴ്ത്തുന്നതില്‍ മുന്‍പന്തിയിലായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മറ്റി അംഗമായ തരൂര്‍ തന്റെ പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരെ പലവട്ടം പ്രതികരിച്ചിട്ടും അദ്ദേഹത്തിനെതിരെ നടപടി എടുക്കാന്‍ അശക്തമായി നില്‍ക്കയാണ് കോണ്‍ഗ്രസ് നേതൃത്വം.

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിദേശ രാജ്യങ്ങളോട് വിശദീകരിക്കാനുള്ള സംഘത്തില്‍ ഉള്‍പ്പെടുത്താനുള്ള കോണ്‍ഗ്രസ് നല്‍കിയ ലിസ്റ്റില്‍ ശശിതരൂര്‍ ഉണ്ടായിരുന്നില്ല. വിദേശകാര്യ പാര്‍ലമെന്ററി കമ്മറ്റി ചെയര്‍മാനായിട്ടു പോലും കോണ്‍ഗ്രസ് തരുരിന്റെ പേര് നല്‍കാന്‍ തയ്യാറായില്ല. ഇതിന് തിരിച്ചടിയെന്നോണം പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് തരുരിനെ അമേരിക്കയിലേക്കുള്ള സംഘത്തലവനാക്കി കോണ്‍ഗ്രസിനെ ഞെട്ടിച്ചു.

2026ലെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി ശശി തരുര്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ കെപിസിസിയുടെ പ്രതികരണമുണ്ടായിട്ടില്ല. തരുരിനോട് പ്രചരണത്തിനിറങ്ങാന്‍ കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലാ എന്നാണറിയുന്നത്.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തരൂര്‍ മത്സരിച്ചതിനെ തുടര്‍ന്ന പാര്‍ട്ടി നേതൃത്വവുമായി ഉരസലിലായിരുന്നു. പിന്നീട് പാര്‍ട്ടി അദ്ദേഹത്തിന് സുപ്രധാനമായ പാര്‍ലമെന്ററി സമിതി ചെയര്‍മാന്‍ പദവിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗത്വവും നല്‍കിയെങ്കിലും തരം കിട്ടുമ്പോഴൊക്കെ സ്വന്തം പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകള്‍ ഇറക്കുന്നതില്‍ ഒട്ടും മടി കാണിച്ചില്ല. ഇത്തരം പാര്‍ട്ടി വിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ നടപടി എടുത്താലുള്ള പ്രതികരണമോര്‍ത്ത് കോണ്‍ഗ്രസ് മടിച്ചു നില്‍ക്കയാണ്. രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ച് സംസാരിച്ചിട്ടും തരുര്‍ കിട്ടുന്ന സന്ദര്‍ഭങ്ങളിലൊക്കെ തന്റെ അസംതൃപ്തി പരസ്യമായി പ്രകടിപ്പിക്കുന്നതും പതിവാക്കി.

തരുര്‍ എംപി സ്ഥാനം രാജിവെച്ചേക്കുമെന്ന അഭ്യൂഹം സജീവമാണ്. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിക്കുമെന്ന കിംവദന്തി വ്യാപകമായി പ്രചരിക്കുന്നുണ്ട്. 2027ല്‍ നിലവിലെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ കാലാവധി അവസാനിക്കും. ഈ സ്ഥാനത്തേക്ക് തരൂരിനെ പരിഗണിക്കാനിടയുണ്ടെന്നാണ് ബിജെപി കേന്ദ്രങ്ങളെ ഉദ്ധരിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.