നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ തനിക്ക് സഹോദരിയെന്നതിനേക്കാൾ എന്നും ഒരു മകളെപ്പോലെയാണെന്ന് ചെറിയാൻ ഫിലിപ്പ്. ഷാനിമോളുടെയും നിലവിലെ മറ്റ് കോൺഗ്രസ് നേതാക്കളുടെയും മുൻകാല രാഷ്ട്രീയ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടിട്ട കുറിപ്പിലാണ് അദ്ദേഹം വികാരാധീനനായത്.
1988-ൽ കെ.എസ്.യു വൈസ് പ്രസിഡന്റായിരുന്ന ഷാനിമോളെ ഇന്ദിരാ ഭവനിൽ നിന്നും കൂട്ടിക്കൊണ്ടുപോയി തിരുവനന്തപുരം ലോ അക്കാദമിയിൽ ചേർത്തതും, ഔദ്യോഗിക രേഖകളിൽ താൻ ‘ലോക്കൽ ഗാർഡിയൻ’ ആയി ഒപ്പിട്ടതും അദ്ദേഹം ഓർത്തെടുത്തു. ലയോള കോളേജിൽ നിന്നും എം.എ പാസ്സായപ്പോൾ തന്നെ നിയമപഠനത്തിന് ഷാനിമോളെ പ്രേരിപ്പിച്ചത് താനായിരുന്നു. മഹിളാ കോൺഗ്രസ്, കെ.പി.സി.സി, എ.ഐ.സി.സി എന്നിവയിൽ ഷാനിമോൾ ഉന്നത സ്ഥാനങ്ങൾ വഹിച്ചപ്പോഴെല്ലാം പിതൃതുല്യമായ ചാരിതാർത്ഥ്യത്തോടെയാണ് താൻ അതിനെ വീക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് കോൺഗ്രസിന്റെയും മുന്നണിയുടെയും നേതൃനിരയിലുള്ള പല പ്രമുഖരുടെയും രാഷ്ട്രീയത്തിന്റെ തുടക്കകാലം ചെറിയാൻ ഫിലിപ്പ് തന്റെ കുറിപ്പിൽ അനുസ്മരിക്കുന്നുണ്ട്. 1990-ൽ ശാസ്താംകോട്ടയിൽ നടന്ന കെ.എസ്.യു ക്യാമ്പിൽ തുടരെ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ താൻ ‘ചുണക്കുട്ടി’ യെന്ന് വിശേഷിപ്പിച്ച ആളാണ് ഇന്ന് മന്ത്രിയായിരിക്കുന്ന ബിന്ദു കൃഷ്ണ. മൂന്ന് പതിറ്റാണ്ട് മുൻപ് ഷൊർണ്ണൂരിലെ വി.കെ. ശ്രീകണ്ഠൻ എം.പിയുടെ വസതിയിൽ തങ്ങുമ്പോൾ, അദ്ദേഹത്തിന്റെ വിവാഹത്തിന് മുൻപ് തന്നെ കെ.എസ്.യു പ്രവർത്തകയായി അറിയാമായിരുന്ന പക്വമതിയായ തുളസി ഇന്ന് മന്ത്രിപദവിയിലെത്തി.
1978-ൽ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയോടൊപ്പം കാണുമ്പോൾ ജെബി മേത്തർ ഒരു ചോരക്കുഞ്ഞായിരുന്നു. 1980-ൽ കെ.എസ്.യു പ്രസിഡന്റായിരിക്കെ എറണാകുളം ജില്ലാ സമ്മേളനത്തിൽ പ്രാർത്ഥനാ ഗാനം അതിമനോഹരമായി ആലപിച്ച പാവാടക്കാരിയാണ് തൃക്കാക്കരയിൽ നിന്നും വീണ്ടും വൻ വിജയം നേടിയ ഉമ തോമസ്. ഇവർക്ക് പുറമെ താൻ ‘പെങ്ങൾകുട്ടി’ എന്ന് വിളിക്കുന്ന രമ്യാ ഹരിദാസും, പോരാളിയായ വിദ്യാ ബാലകൃഷ്ണനും ഇന്ന് എം.എൽ.എമാരാണെങ്കിലും തനിക്ക് മക്കൾ തന്നെയാണ്. ഇന്ന് കോൺഗ്രസിന്റെ നേതൃനിരയിലുള്ള മഹാഭൂരിപക്ഷവും താൻ എപ്പോഴും ആഗ്രഹിച്ച കോൺഗ്രസിലെ ഒരു തലമുറ മാറ്റത്തിന്റെ പ്രതീകങ്ങളാണെന്ന് ചെറിയാൻ ഫിലിപ്പ് വിലയിരുത്തുന്നു. ഇവർക്കെല്ലാം മരണം വരെ തന്റെ ഹൃദയത്തിൽ സ്ഥാനമുണ്ടായിരിക്കുമെന്നും, സ്വന്തമായി കുടുംബമില്ലാത്ത തനിക്ക് ഇപ്പോൾ സ്നേഹം പകരുന്നത് ഇവരെപ്പോലെയുള്ള അനേകം അരുമ മക്കളാണെന്നും അദ്ദേഹം കുറിച്ചു.

