PRAVASI

സരോജാ വർഗീസിൻ്റെ പുതിയ പുസ്തകം " കുട്ടികളുടെ ചെറുകഥകൾ " പ്രകാശനം ചെയ്തു

Blog Image

കോട്ടയം : അമേരിക്കൻ മലയാളി എഴുത്തുകാരിയും , സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ സജീവ സാന്നിദ്ധ്യവുമായ ശ്രീമതി സരോജ വർഗീസിൻ്റെ പുതിയ പുസ്തകം " ചിൽഡ്രൻസ് ഷോർട്ട് സ്‌റ്റോറീസ് " പ്രകാശനം ചെയ്തു. കോട്ടയം നൂറ്റൊന്ന് കവല ഹാപ്പി ഹോംസിൽ നടന്ന ചടങ്ങിൽ അമേരിക്കൻ മലയാളികൾക്ക് സുപരിചിതയും , ജനനി മാസികയുടെ പത്രാധിപ സമിതി അംഗവും , അറിയപ്പെടുന്ന ഓങ്കോളജിസ്റ്റുമായ ഡോ. സാറാ ഈശോ എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ഡോ. സിബി തരകന് നൽകിയാണ് പുസ്തക പ്രകാശനം നിർവ്വഹിച്ചത്.

സരോജ വർഗീസ് എഴുത്തുകാരിയായി അറിയപ്പെടുന്ന കാലം മുതൽ അവരുടെ കഥകളും കവിതകളും ലേഖനങ്ങളും വായിച്ചു തുടങ്ങിയ ബന്ധം ഇപ്പോഴും തുടരുന്നതിൻ്റെ കാരണം എഴുത്തിൻ്റെ മഹിമയാണെന്ന് ഡോ. സാറാ ഈശോ പറഞ്ഞു. ഇപ്പോൾ ചെങ്ങന്നൂർ കല്ലിശേരി കെ. എം ചെറിയാൻ ഹോസ്പിറ്റലിൽ ഓങ്കോളജി വിഭാഗം മെഡിക്കൽ ഡയറക്ടർ ആയി സേവനമനുഷ്ടിക്കുന്ന ഡോ. സാറാ ഈശോയും കുറച്ചു വർഷങ്ങളായി കേരളത്തിൽ താമസിക്കുന്നു. സരോജ വർഗീസും റിട്ടയർമെൻ്റ് ജീവിതം കേരളത്തിലാക്കിയത് എഴുത്തിന് ശക്തി പകരട്ടെയെന്ന് ഡോ. സാറാ ഈശോ അഭിപ്രായപ്പെട്ടു.

" സെലിബ്രേറ്റിംഗ് ദി ലൈഫ് ഓഫ് സരോജ വർഗീസ് " എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ സരോജ വർഗീസിൻ്റെ മുഖചിത്രത്തോടെ പ്രസിദ്ധീകരിച്ച മുഖം ഗ്ലോബൽ മാഗസിൻ്റെ മെയ് ലക്കം ട്രാവൻകൂർ ഫൗണ്ടേഷൻ സി. ഇ. ഒ ജിജി ഫിലിപ്പ് പ്രകാശനം ചെയ്തു.


ചടങ്ങ് ഉദ്ഘാടനവും കൂടി നിർവ്വഹിച്ച അദ്ദേഹം റിട്ടയർമെൻ്റ് ജീവിതത്തിലും അക്ഷരങ്ങൾക്കൊപ്പം യാത്ര ചെയ്യുകയും തൻ്റെ കൊച്ചുമക്കൾക്കായി പറഞ്ഞ കഥകൾ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചത് പുതിയ തലമുറയ്ക്കും പ്രയോജനപ്പെടട്ടെ എന്നും, നമ്മുടെ ബാല്യകാലങ്ങളിലേക്ക് യാത്ര ചെയ്യാൻ പ്രേരിപിക്കുന്ന കഥകളാണ് ഈ പുസ്തകത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

മുഖ്യാതിഥിയായി പങ്കെടുത്ത ഡോ. സിബി തരകൻ അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായിരുന്ന ജോയൻ കുമരകം തനിക്ക് വർഷങ്ങൾക്ക് മുൻപ് പരിചയപ്പെടുത്തിയ വ്യക്തിയാണ് സരോജ വർഗീസ് എന്നും ആ ബന്ധം ഇന്നും മനോഹരമായി സൂക്ഷിക്കുന്നു എന്നും പറഞ്ഞു. സരോജ വർഗീസിൻ്റെ " തീരം കാണാത്ത തിര " എന്ന കഥാസമാഹാരത്തിന് പഠനം തയ്യാറാക്കിയ കാലം ഓർമ്മിച്ച് " സാഹിത്യം ആത്മാവിൻ്റെ പ്രകാശനമാണ് എന്ന യാഥാർത്ഥ്യത്തെ സാധൂകരിക്കുന്നവയാണ് സരോജ വർഗീസിൻ്റെ കഥകളെന്നും ജീവിതാനുഭവങ്ങളെ ഭാവനയിലുടെ രൂപാന്തരപ്പെടുത്തിയതിലൂടെ അതിന് ഒരു സവിശേഷ ഭംഗിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സരോജ വർഗീസിൻ്റെ പുസ്തകങ്ങളിലൂടെ ഒരു യാത്ര എന്ന വിഷയത്തിൽ അനിൽ പെണ്ണുക്കര സംസാരിച്ചു.
വളരെ വേണ്ടപ്പെട്ടവരോട് സംസാരിക്കുന്നത്ര ലളിതമായി എഴുതുന്ന സരോജ വർഗീസ് തൻ്റെ ഭർത്താവിൻ്റെ ഓർമ്മകൾ പങ്കുവെയ്ക്കുന്ന പ്രിയപ്പെട്ട ജോ എന്ന പുസ്‌തകം ആ ഗണത്തിൽ ഒരു സവിശേഷ പുസ്തകമാണെന്നും കുടുംബത്തിൻ്റെ പിന്തുണ സരോജ വർഗീസ് എന്ന എഴുത്തുകാരിയെ വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സരോജ വർഗീസ് മറുപടി പ്രസംഗത്തിൽ അമേരിക്കയിൽ നിന്നും റിട്ടയർമെൻ്റ് ജീവിതം കേരളത്തിലേക്ക് പറിച്ചു നട്ടതുകൊണ്ട് വർഷങ്ങൾക്ക് ശേഷം കേരളത്തിൻ്റെ മണ്ണിൽ താമസമാക്കാൻ സാധിച്ചതിലും , അമേരിക്കയിലെ തൻ്റെ എഴുത്തുകൾക്ക് കേരളത്തിൽ ഒരു വലിയ ആദരവ് ലഭിച്ച സന്തോഷമാണ് തനിക്ക് ഉള്ളതെന്നും അവർ പറഞ്ഞു. അമേരിക്കയിൽ എത്തിയ ശേഷം ജോലിക്കൊപ്പം എഴുത്തും സാംസ്കാരിക പ്രവർത്തനവും ഒപ്പം കൊണ്ടുപോകാൻ സാധിച്ചത് പ്രിയപ്പെട്ട ഭർത്താവ് ജോയുടേയും , കുടുംബത്തിൻ്റേയും പിന്തുണകൊണ്ടാണ്. നാട്ടിലെത്തി ഹാപ്പി ഹോംസ് പോലെയുള്ള ഒരു സ്ഥലത്ത് ലഭിക്കുന്ന പിന്തുണയും കരുതലും എഴുത്തിൽ കൂടുതൽ സജീവമാകാനും സാധിക്കുന്നതിൽ സന്തോഷം ഉണ്ടെന്ന് സരോജ വർഗീസ് പറഞ്ഞു.
റവഃഫാ. പി. റ്റി തോമസ് പ്രാർത്ഥന നടത്തി.

 

വിശിഷ്ടാതിഥികൾ നിലവിളക്കു കൊളുത്തിയ ചടങ്ങിൽ ഹാപ്പി ഹോംസ് പ്രതിനിധി ഫിലിപ് ജോൺ സ്വാഗതം പറഞ്ഞു. എം . ശശിധരൻ , പി ഉണ്ണികൃഷ്ണൻ എന്നിവരുടെ ഗാനങ്ങളും , ആർഷ , ദുർഗ എന്നിവരുടെ നൃത്തവും ചടങ്ങിന് മാറ്റുകൂട്ടി. ഹാപ്പി ഹോംസ് പ്രതിനിധി  അശ്വതി സൂസൻ ബാബു നന്ദിയും പറഞ്ഞതോടെ ചടങ്ങുകൾക്ക് വിരാമമായി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.