PRAVASI

തിരുവല്ലയുടെ ഹൃദയമിടിപ്പായിരുന്ന ചാലക്കുഴി ഇന്ന് നിശബ്ദമായി

Blog Image

ചാലക്കുഴി കുടുംബത്തിലെ നെടുംതൂണും, തിരുവല്ലയുടെ വ്യാപാര ചരിത്രത്തിലെ ഒരധ്യായവുമായ സജി ചാലക്കുഴിയുടെ വിയോഗം കുടുംബത്തിന്റെ മാത്രം നഷ്ടമല്ല;
ചാലക്കുഴി എന്നു കേള്‍ക്കുമ്പോള്‍ തിരുവല്ലക്കാരുടെ മനസില്‍ തെളിയുന്നത് ഒരു കുടുംബനാമമല്ല... ഒരു കാലഘട്ടമാണ്.
കോഴിക്കോടിന് മിഠായി തെരുവും, തിരുവനന്തപുരത്തിന് ചാല മാര്‍ക്കറ്റും, കൊച്ചിക്ക് ബ്രോഡ്‌വേയും എത്ര പ്രിയപ്പെട്ടതോ, അതുപോലെ തിരുവല്ലയുടെ ആത്മാവില്‍ ചേര്‍ന്നു നില്‍ക്കുന്ന പേരായിരുന്നു ചാലക്കുഴി ബസാര്‍. തിരുവല്ലയുടെ പഴയ പ്രൗഢിയും വ്യാപാര ഗാംഭീര്യവും മനുഷ്യബന്ധങ്ങളുടെ ചൂടും ഒത്തുചേര്‍ന്ന ഒരിടം.
ആറടി ഉയരവും അതിനൊത്ത വ്യക്തിത്വവുമായിരുന്നു സജിച്ചായന്‍. ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, വെള്ള ജൂബ, കടുപ്പം തോന്നിക്കുന്ന ശബ്ദം - പക്ഷേ ആ പുറംചട്ടയ്ക്കുള്ളില്‍ നിറഞ്ഞിരുന്നത് മനുഷ്യസ്നേഹവും കരുതലുമായിരുന്നു. ചിലര്‍ക്കെങ്കിലും ഭയമായിരുന്ന ആ മുഖം, അടുത്തറിയുന്നവര്‍ക്ക് വലിയൊരു ആശ്രയമായിരുന്നു.
2000-ല്‍ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയായി തിരുവല്ല നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, അത്  രാഷ്ട്രീയ വിജയം മാത്രമായിരുന്നില്ല; തിരുവല്ലക്കാര്‍ ഒരു മനുഷ്യനില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ കരുത്തായിരുന്നു. ഇന്നും ഓരോ തിരുവല്ലക്കാരനും സജിച്ചായനെ കുറിച്ച് പറയാന്‍ ഒരു കഥയെങ്കിലും ഉണ്ടാകും - ചിലര്‍ക്കത് സഹായത്തിന്റെ കഥ, ചിലര്‍ക്കത് സൗഹൃദത്തിന്റെ കഥ, മറ്റുചിലര്‍ക്കത് കരുത്തായി ഒപ്പമുണ്ടായിരുന്ന മനുഷ്യന്റെ കഥ.
ചതുപ്പും നീരൊഴുക്കുമായി കിടന്നിരുന്ന പ്രദേശം ഇന്ന് തിരുവല്ലയുടെ വ്യാപാര ഹൃദയമായി മാറിയതിന്റെ പിന്നില്‍ പിതാവ് ജോണിച്ചായന്റെയും സജിയുടെയും ദൂരദര്‍ശിത്വമുണ്ട്. ചാലക്കുഴി ബസാര്‍ കച്ചവട കേന്ദ്രം മാത്രമല്ലായിരുന്നു; നൂറുകണക്കിന് കുടുംബങ്ങളുടെ അന്നദാതാവായിരുന്നു. അവിടുത്തെ ഓരോ കടകള്‍ക്കും,  ഓരോ മുഖങ്ങളും സജിച്ചായന്റെ ഓര്‍മ്മകളുമായി ചേര്‍ന്നു കിടക്കുന്നു.
തിരുവല്ല മാര്‍ത്തോമ്മ കോളേജിലെ ഇടനാഴികളിലും ഇന്നൊരു നൊമ്പരം പടരുന്നുണ്ട്. സജിച്ചായന്റെ മക്കളായ ജിന്‍സും ജിന്‍സിയും ഒപ്പം നടന്ന സൗഹൃദകാലങ്ങള്‍... ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കും  വേര്‍പാട് കൂടുതല്‍ സ്വകാര്യമായ വേദനയായി മാറുന്നു. ചില മനുഷ്യര്‍  കുടുംബത്തിന്റെ മാത്രം ഭാഗമല്ല... നാടിന്റെ തന്നെ ഓര്‍മ്മകളായി മാറിപ്പോകും. സജിച്ചായന്‍ അത്തരമൊരു സാന്നിധ്യമായിരുന്നു.
സജി ചാലക്കുഴി വിടപറയുമ്പോള്‍ തിരുവല്ലയ്ക്ക് നഷ്ടമാകുന്നത് കാലത്തിന്റെ ഗാംഭീരത്തെയാണ്. 
ഇനി ചാലക്കുഴി ബസാറിലൂടെ കടന്നുപോകുമ്പോള്‍, പഴയ തിരക്കുകള്‍ക്കിടയിലും എവിടെയോ ഒരു ശൂന്യത തോന്നും. വെള്ള ജൂബയും, ഉറച്ച നടപ്പും, വിളിച്ചുപറച്ചിലും തിരുവല്ലയുടെ ഓര്‍മ്മകളില്‍ ഇനി മാത്രം ബാക്കിയാകും.
ഓര്‍മ്മകള്‍ക്ക് മരണമില്ല...
തിരുവല്ലയുടെ വഴികളിലും, ചാലക്കുഴി ബസാറിന്റെ തിരക്കുകളിലും, പഴയ തലമുറയുടെ സംഭാഷണങ്ങളിലുമെല്ലാം സജിച്ചായന്‍ ഇനി എന്നും ജീവിക്കും.
ആദരാഞ്ജലികള്‍.

സജി ചാലക്കുഴി

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.