ലോകത്തിലെ ഏറ്റവും ആദ്യത്തെ സാഹിത്യം വേദസാഹിത്യമാണെങ്കിൽ ആദികാവ്യം വാല്മീകി രാമായണമാണ്. രാമായണത്തിന്റെ ഒരു പാരായണ മാസക്കാലം കൂടി ആഗതമാകുകയാണല്ലോ.കൊയ്ത്തുകാലത്തിന്റെ കാത്തിരിപ്പായിട്ടുള്ള പഞ്ഞ കർക്കിടക രാവുകളുടെ ദുഃഖവും ഭയാശങ്കകളും അകറ്റി മലയാളി മനസ്സുകളിൽ സാരസ്വത ദീപത്തിന്റെ ശോഭ തെളിയിക്കുന്ന ഒരു പതിവായിരുന്നു പണ്ടത്തെ രാമായണ പാരായണം. കാർഷിക സംസ്‌കൃതി വഴിമാറി നിർമ്മിത ബുദ്ധിയുടെയും സാങ്കേതിക വളർച്ചയുടെയും പുതുയുഗം പിറന്നിട്ടും രാമായണത്തിന്റെ പാരായണ ക്ഷമതയും സന്ദേശ സൗകുമാര്യവും കാലാതീതമായി തുടരുന്നതിന്റെ പൊരുളാണ് ഇവിടെ പറയാൻ ശ്രമിക്കുന്നത്. കണ്ണീരും കനലും ധർമ്മവും ഇവിടെ സമ്മേളിക്കുന്നു.
വനവാസിയായ വാൽമീകിയുടെ രചനാ ഭൂമിക ഭാരതമായിരുന്നെങ്കിലും ലോകത്തിന്റെ പല ദേശങ്ങളിലായി വിവിധ ഭാഷകളിലായി ത്രേതായുഗത്തിൽ ജീവിച്ചിരുന്ന രാമന്റെ കഥയെ ആധാരമാക്കി വിവിധതരം രാമായണങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. വാൽമീകി രാമായണത്തിന് പുനരാവിഷ്കാരം നൽകി അതാതു ദേശങ്ങളിലെ മൂല്യങ്ങൾക്കും ആചാരങ്ങൾക്കും അനുസരിച്ചു പുനർജനിച്ച രാമായണങ്ങൾ അതാതിടങ്ങളിലെ സാംസ്കാരിക പ്രതിഭാസങ്ങളായി തുടരുന്നു. പ്രശസ്ത ഭാഷപണ്ഡിതനായിരുന്ന എ കെ രാമാനുജൻ ജൈന രാമായണവും ബുദ്ധ രാമായണവും ഉൾപ്പെടെ മുന്നൂറിലധികം രാമായണങ്ങൾ നിലവിലുള്ളതായി തന്റെ വിഖ്യാത പ്രബന്ധമായ Three Hundred Ramayanas - ൽ അഭിപ്രായപ്പെടുന്നു. തായ്‌ലൻഡിൽ രാമായണം ദേശീയ ഇതിഹാസമാണെങ്കിൽ ഇന്തോനേഷ്യയിൽ കാകവിൻ രാമായണവും കംബോഡിയയിൽ രീംകെയർ നാടകശില്പവുമാണ്. ലാവോസിലും മ്യാന്മറിലും ഫിലിപ്പീൻസിലും അവരുടേതായ ആഖ്യാനങ്ങളിൽ രാമകഥകൾ നിലനിൽക്കുന്നു. ദേശങ്ങളുടെയും ഭാഷകളുടെയും വ്യത്യസ്‌തകൾക്കിടയിലും രാമായണത്തെ മലയാളിയും ജാതിമത ഭേദമന്യേ നെഞ്ചിലേറ്റുന്നതിനു അതിന്റെ രചനാ വൈഭവത്തോടൊപ്പം അതുൾക്കൊള്ളുന്ന സാർവ്വജനീയമായ സന്ദേശ സമ്പുഷ്ടതയും കാരണമാകുന്നു. .
രാമായണമെന്ന ഇതിഹാസകാവ്യം മുന്നോട്ടുവയ്ക്കുന്ന സന്ദേശം ധർമ്മ നിഷ്ഠയും സത്യ സാധനയുമാണ്. ആ സന്ദേശസാക്ഷാത്കാരത്തിൽ ബഹുവിധ ബന്ധവിച്ഛേദങ്ങളുടെ ശോകവും അകൽച്ചകളുടെ ആകുലതകളും നിറയുന്നതിനാലാണ് രാമായണത്തിന്റെ ഉള്ളടക്കത്തെ ''ശോകം വെറും ശോകം; അത് ശ്ലോകമായി'' എന്ന് മഹാകവി കാളിദാസൻ വിശേഷിപ്പിച്ചത്. ഇഹലോകത്തിൽ കാണുന്ന അപൂർണ്ണതകളെയും സഹജമായ സാങ്കൽപ്പിക ഭയത്തെയും കുറിച്ച് ഖിന്നനായിരുന്ന വാല്മീകിയുടെ പൂർണ്ണതയന്വേഷിച്ചുള്ള യാത്രയിൽ ലോകംമുഴുവൻ സഞ്ചരിക്കുന്നയാൾ എന്ന ഖ്യാതിയുള്ള നാരദനോട് അതേക്കുറിച്ചു ചോദിക്കുകയും അദ്ദേഹത്തിന്റെ മറുപടി പ്രകാരം ത്രേതായുഗത്തിൽ ജീവിച്ചിരുന്ന കോസല രാജാവായ ദശരഥന്റെ പുത്രനായ ശ്രീരാമചന്ദ്രനിലുടെ ഒരു പൂർണ്ണമനുഷ്യനെ കണ്ടെത്താൻ നടത്തുന്ന അന്വേഷണമാണ് രാമായണം.
വാല്മീകിയുടെ പൂർണ്ണതാ സങ്കൽപ്പത്തിന് സാക്ഷിയാകുന്ന രാമൻ അകൽച്ചകളുടെയും ബന്ധവിച്ഛേദങ്ങളുടെയും വൈകാരിക പ്രതിസന്ധികളെ ധാർമ്മികതകൊണ്ട് അതിജീവിക്കുന്നു. ദൈവിക പരിവേഷം അധികമില്ലാത്ത വാൽമീകിയുടെ രാമൻ ധർമ്മ സംരക്ഷണത്തിനായി ആശ്രയിച്ചിരുന്ന ആയുധം ത്യാഗമായിരുന്നു.
പത്നിയായ കൈകേയിയുടെ വാശിക്ക് മുന്നിൽ ഇക്ഷ്വാകു വംശത്തിന്റെ സത്യനിഷ്ഠ നിലനിർത്താൻ ദശരഥ മഹാരാജാവ് പുത്രവാത്സല്യം വെടിഞ്ഞു ശ്രീരാമനെ വനവാസത്തിനു നിയോഗിക്കുമ്പോൾ പുത്രധർമ്മം സംരക്ഷിക്കാനായി രാമൻ രാജ്യവും സിംഹാസനവും ഉപേക്ഷിച്ചതിലൂടെ ത്യാഗത്തിന്റെ സന്ദേശമാണ് ഉയർത്തിപ്പിടിക്കുന്നത്. സത്യവും ധർമ്മവും ത്യാഗത്തിലൂടെയാണ് വിജയം വരിക്കുന്നത്. .വാല്മീകി മഹർഷി രാമന് പ്രാധാന്യം നൽകുമ്പോൾ ഇതര ദേശങ്ങളിലെയും ഭാഷകളിലെയും രാമകഥകൾ സീതയെയും രാവണനെയും ലക്ഷ്മണനെയും ഭരതനെയും നായക സങ്കൽപ്പങ്ങളിൽ പ്രതിഷ്ഠിക്കുന്നുണ്ട്. അവിടേയും ത്യാഗവും സഹനവും ധർമ്മവും തന്നെയാണ് പ്രതിപാദ്യ വിഷയം. കൊട്ടാരജീവിതം കൈവിട്ടു ഭതൃശുശ്രുഷാർത്ഥം കല്ലുംമുള്ളും ഹിംസ്ര ജന്തുക്കളും നിറഞ്ഞ ഘോരവനത്തിലേക്കു ഭർത്താവിനോടൊപ്പം യാത്രയാകുന്ന സീത ഒരു സഹധർമ്മിണിയുടെ പത്നീധർമ്മത്തെയാണ് പരിപാലിച്ചു മാതൃകയാകുന്നത്. രാജാധികാരം ലഭിച്ച ഭരതൻ പദവി ഏറ്റെടുക്കാതെ ജ്യേഷ്ഠനുവേണ്ടി പതിനാലുകൊല്ലം ജഡാവൽക്കലം ധരിച്ചു സിംഹാസനാരൂഢനല്ലാതെ രാജഭരണം നടത്തിയതും യുവരാജാവാകേണ്ട ലക്ഷ്മണൻ സുഖഭോഗങ്ങളെല്ലാം വലിച്ചെറിഞ്ഞു ഊർമ്മിളയെപോലും ഉപേക്ഷിച്ചു സഹോദരന്റെ സംരക്ഷണാർത്ഥം അദ്ദേഹത്തെ അനുഗമിക്കുന്നതും ബന്ധങ്ങളുടെ മൂല്യങ്ങൾ നിലനിർത്താനുള്ള ത്യാഗത്തിന്റെയും ഭാതൃ ധർമ്മ സംരക്ഷണത്തിന്റെയും ഉത്തമ ഉദാഹരണങ്ങളാണ്.
ബലവാനായ ബാലിയെ ക്ഷത്രിയധർമ്മം വെടിഞ്ഞു ഒളിയമ്പെയ്തു രാമൻ നിഗ്രഹിക്കുമ്പോൾ സംരക്ഷിച്ചത് സ്ത്രീസുരക്ഷ ധർമ്മമാണ്. അനുജനായ സുഗ്രീവനെ നാടുകടത്തിയിട്ടു ഭാര്യ രുമയെ ബലാൽക്കാരമായി കൈവശപ്പെടുത്തിയ ബാലി സഹോദരന്റെ ഭാര്യയെ സഹോദരിയായി കാണണമെന്ന രാജധർമ്മത്തെയും സ്ത്രീ സുരക്ഷയേയുമാണ് .അധികാരംകൊണ്ടു വെല്ലുവിളിച്ചത്. രാമൻ രാജധർമ്മം നിലനിർത്താനായി ക്ഷത്രിയ യുദ്ധനീതി അവഗണിച്ചു ബാലിയെ വധിക്കുന്നു.
രാജധർമ്മവും പതീധർമ്മവും തമ്മിൽ രാമന്റെ ഉള്ളിൽ നടക്കുന്ന ആന്തരിക സംഘട്ടനമാണ് ഉത്തര രാമായണത്തിലെ സീതാ പരിത്യാഗത്തിൽ കാണുന്നത്. പ്രജാതത്പര്യത്തിന് മുൻഗണന നൽകുന്ന രാജധർമ്മവും പത്നിക്ക് സംരക്ഷം നൽകേണ്ട ഭതൃധർമ്മവും മുഖാമുഖം മത്സരിക്കുന്നു. രാവണന്റെ അധീനതയിൽ കഴിഞ്ഞിരുന്ന സീതയുടെ പാതിവൃത്യത്തിൽ സംശയാലുക്കളായ പ്രജകൾ ഒരു വശത്തും അഗ്നിശുദ്ധി വരുത്തി പാതിവൃത്യം തെളിയിച്ച ഭാര്യ മറുവശത്തും. ഇതിലേതിനെ സ്വീകരിക്കണം എന്നതായിരുന്നു രാമന്റെ മാനസിക സങ്കർഷം. ത്രേതായുഗത്തിലെ പ്രജാതത്പരനായ രാജാവിന്റെ രാജനീതി ഒരുഭാഗത്തും സ്നേഹനിധിയായ ഭർത്താവിന്റെ സ്വകാര്യമായ പതീധർമ്മം മറുഭാഗത്തും. നൃപധർമ്മം പൂർത്തീകരിക്കണമെങ്കിൽ ദുർഘടമായ വനയാത്രയിൽ താനും ലക്ഷ്മണനും മധ്യത്തിൽ നടത്തി സംരക്ഷിച്ച, ഘോരമായ രാമരാവണ യുദ്ധത്തിൽ രാവണനെ വധിച്ചു വീണ്ടെടുത്ത പ്രിയപത്നി സീതയെ ഉപേക്ഷിക്കണം. ഈ പരീക്ഷണത്തിൽ ശരികളിൽ കൂടുതൽ ശരിയായതിനെ തെരഞ്ഞെടുത്തുകൊണ്ടു സീതയെ പരിത്യജിക്കാനാണ് രാമൻ തയ്യാറായത്. ( ഇന്നും വിവാദങ്ങളും വിചാരണകളും തുടരുന്ന നടപടി )
ഇണചേർന്നിരുന്ന ക്രൗഞ്ച പക്ഷികളിൽ ഒന്നിനെ അമ്പെയ്തുവീഴ്ത്തിയ കാട്ടാളൻ ; കവിയുടെ ഹൃദയത്തിൽ ഉണ്ടാക്കിയ ദുഃഖത്തിൽ തുടങ്ങി സീതയുടെ അന്തർധാനം - വരെയുള്ള രാമായണത്തിലെ അരങ്ങൊഴിയാത്ത ആകുലതകൾ ശ്രീരാമൻ സരയൂനദിയിലെ ജലസമാധിയിൽ വിലയം പ്രാപിക്കുന്നതുവരെ തുടരുന്നു. രാമസീതാ കല്യാണം കേവലമായാ കവികൽപ്പനയല്ല ഭാരതത്തിന്റെ പൗരാണിക സന്ദേശമാണ്. കാലഗണനകൾക്കും ശേഷിപ്പുകൾക്കും അപ്പുറമുണ്ടായിരുന്ന സമത്വ ദർശനത്തിന്റെ മൂർത്തഭാവമാണത്. രാമന്റെയും സീതയുടെയും സ്വരൂപങ്ങൾ കർമ്മയോഗത്തിലും കർമ്മഫല സിദ്ധാന്തത്തിലും അധിഷ്ഠിതമായ ദർശനമാണ്. ഉന്നത കുലജാതനായ ശ്രീരാമന്റെ ജനനവും ജാതകവും വസിഷ്ട മഹർഷി ജ്യോതിഷ വിധിപ്രകാരം കാലഗണനയനുസരിച്ചു കൃത്യമായി രാമായണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ജന്മനക്ഷത്രവും തിഥിയും ഗ്രഹനിലയും ഗണിച്ചു ലിഖിതപ്പടുത്തിയിട്ടുണ്ട്. ആചാരപ്രകാരം ഉപനയനവും എല്ലാ അസ്ത്രശാസ്ത്ര അഭ്യാസങ്ങളും പൂർത്തിയാക്കിയ കിരീടാവകാശി. എന്നാൽ ജീവിതസഖിയായി വരുന്ന സീത ഇതിന്റെയൊക്കെ നേർവിപരീതം. ജാതിയില്ല ജാതകവുമില്ല പിറന്ന സ്ഥലമോ മാതാപിതാക്കളോ അവൾക്കില്ല. ആരോ പ്രസവിച്ചു ഉഴവുചാലിലേക്കു വലിച്ചെറിഞ്ഞ അനാഥ പെണ്ണ്. അനാഥകുഞ്ഞിനെ എടുത്തുവളർത്തിയ ജനക മഹാരാജാവിൽ നിന്നും സ്വയംവരത്തിലൂടെ വധുവാക്കിയ രാമൻ അവളെ അയോധ്യയിലെ രാജ്ഞിയാക്കുന്നു. രാജാക്കന്മാർക്ക് ബഹുഭാര്യത്വം അനുവദിക്കപ്പെട്ടിരുന്ന അക്കാലത്തു ഏകപത്നീ വൃതനായി ജീവിതാവസാനംവരെ കഴിയുന്ന രാമൻ രാജധർമ്മത്തിന്റെ നിബന്ധനകൾ തടസ്സമാകാത്തിടത്തോളം പതീധർമ്മത്തിൽ നിഷ്കർഷത പാലിക്കുന്നു. ത്രേതാ യുഗത്തിലെ രാമസീതാ സംയോജനത്തിൽ കലികാലത്തിലെ വർണ്ണവ്യവസ്ഥയുടെയോ വിഭാഗീയതയുടെയോ ലക്ഷണങ്ങൾ യാതൊന്നും അവശേഷിപ്പിക്കുന്നില്ല. ധർമ്മത്തിന് വ്യാഖ്യാനം ചമയ്ക്കാൻ മുതിരുന്നവർ ധർമ്മമെന്നത് കാലത്താലും ദേശത്താലും ബന്ധിതമാണെന്ന സത്യം മറന്നുപോകാറുണ്ട്.
രാമന്റെ വഴിയായും സഞ്ചാരമായും രാമായണത്തിന് അർത്ഥതലങ്ങൾ കൽപ്പിക്കാമെങ്കിലും കാ വ്യത്തിലെ കേന്ദ്രീകൃതവും പ്രഭാപൂണ്ണവുമായ കഥാപാത്രം എന്നും സീതയാണ്. അചഞ്ചലമായ ആദര്ശങ്ങളുടേയും നിശ്ചയദാർഢ്യത്തിന്റെയും അതേസമയം തന്നെ സഹനത്തിന്റെയും പ്രതീകമായ സീതയുടെ ഔന്നത്യം പ്രതിപാദിക്കുന്നതിൽ വാല്മീകി സ്വീകരിച്ച മൗനത്തെ കാളിദാസനും ഭവഭൂതിയും ശക്തിഭദ്രനും സംസ്കൃതത്തിലൂടെയും കുമാരനാശാനും എം ലീലാവതിയും മലയാളത്തിലൂടെയും ഭഞ്ജിച്ചിട്ടുണ്ട്. വനവാസത്തിനായി തയ്യാറെടുത്ത ആര്യപുത്രന്റെ കൂടെ പുറപ്പെടാൻ ഒരുങ്ങിയ സീതയെ പിന്തിരിപ്പിച്ചു അയോധ്യയിൽ നിർത്താൻ രാമനും ഉറ്റവരും ശ്രമിച്ചപ്പോൾ രാമൻ എവിടെയാണോ അവിടെയാണ് തന്റെ അയോധ്യ എന്ന ഉറച്ച തീരുമാനത്തോടെ രാമനെ അനുഗമിച്ചതും അശോകവനികയിൽ രാവണന്റെ തടവിൽ കഴിയുമ്പോൾ ഉണ്ടായ പ്രലോഭനങ്ങളെയും ഭീഷണികളെയും ധീരമായി നേരിട്ടതും രാമദൂതുമായി എത്തിയ ഹനുമാൻ സീതയെ ചുമലിലേറ്റി രക്ഷപ്പെടുത്താമെന്ന വാഗ്ദാനം നൽകിയപ്പോൾ പരപുരുഷ സ്പര്ശനം ഒഴിവാക്കാനായി അഭ്യർത്ഥന നിരസിച്ചതും സീതയുടെ കരുത്തുകാട്ടുന്ന പ്രകടനങ്ങളാണ്. ലങ്കാപുരി അഗ്നിക്കിരയാക്കിയ ഹനുമാനെ സ്ത്രീകളെ ആക്രമിക്കുന്ന ദൗത്യത്തിൽ നിന്നും പിന്തിരിപ്പിക്കാൻ സീത നൽകുന്ന '' നകഞ്ചിന്നാപര്യാധ്യതി '' (തെറ്റ് ചെയ്യാത്തവരായി ഈ ലോകത്തിൽ ആരുമില്ല) എന്ന പ്രസ്താവ്യം വാൽമീകിയുടെ ഉദാത്തമായ വരികളിൽ എന്നും മുന്നിൽ നിൽക്കുന്നതാണ്. രാമനാൽ തിരസ്കൃതയായി വാൽമീകിയുടെ ആശ്രമത്തിൽ കഴിയുന്ന സീതയെ രാമസദസ്സിലെത്തിച്ചു വീണ്ടും ചാരിത്ര്യശുദ്ധി തെളിയിക്കാൻ ആവശ്യപ്പെടുന്ന സദസ്സിനോട് ശക്തമായി വിയോജിച്ചുകൊണ്ടു ജന്മംനൽകിയ ഭൂമിദേവിയോട് തന്നെ തിരിച്ചു സ്വീകരിക്കണമെന്ന അഭ്യർത്ഥനയോടെ ഭൂമിയിലേക്ക് അന്തർധാനം ചെയ്യുന്ന സീത വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെ നേർസാക്ഷ്യമായി രാമകഥയിൽ തിളങ്ങി നിൽക്കുന്നു. പുരുഷകേന്ദ്രീകൃതമായ സാമൂഹ്യാവസ്ഥ നിലനിന്നിരുന്ന അക്കാലത്തു ഭാരതീയ സ്ത്രീ സങ്കൽപ്പത്തിന്റെ ഉദാത്ത മാതൃകയായി രാമായണത്തിൽ ലാവണ്യ പ്രഭ ചൊരിയുന്നതുകൊണ്ടാകാം ഡോ: എം ലീലാവതി ഈ ഇതിഹാസത്തിനു സീതായനം എന്ന പര്യായം നൽകി ആദരിച്ചത്.


സുരേന്ദ്രൻ നായർ

