PRAVASI

ഫൊക്കാന നേതാക്കൾ കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി

Blog Image

തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (FOKANA)യുടെ പ്രതിനിധി സംഘം കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ സെക്രട്ടേറിയറ്റിൽ സന്ദർശിച്ച് സൗഹൃദ കൂടിക്കാഴ്ച നടത്തി. സൗഹൃദപരമായ അന്തരീക്ഷത്തിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്റെ വികസന കാഴ്ചപ്പാടുകൾ, പ്രവാസി മലയാളികളുടെ പങ്കാളിത്തം, ഫൊക്കാനയുടെ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഫലപ്രദമായ ചർച്ചകൾ നടന്നു.

ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജ്, അഡ്വ. ടിനോ കെ. തോമസ് (കോട്ടയം മുനിസിപ്പൽ കൗൺസിലർ), സാഹിൽ റാവുത്തർ (തദ്ദേശ സ്വയംഭരണ വകുപ്പ് – ആലപ്പുഴ ജില്ലാ കോർഡിനേറ്റർ) എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കേരളത്തിൽ അധികാരമേറ്റ പുതിയ മന്ത്രിസഭയ്ക്ക് ഫൊക്കാന പ്രതിനിധികൾ ആശംസകൾ അറിയിച്ചു. സംസ്ഥാനത്തിന്റെ ഭാവി വികസനം, പ്രവാസി മലയാളികളുടെ നിക്ഷേപ-സഹകരണ സാധ്യതകൾ, യുവജന പങ്കാളിത്തം, കേരളത്തിന്റെ സമഗ്ര പുരോഗതിക്കായി ലോകമെമ്പാടുമുള്ള മലയാളികൾക്ക് വഹിക്കാനാകുന്ന പങ്ക് തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി.

തുടർന്ന്, ഉത്തര അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനഅയ ഫൊക്കാനയുടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും വരാനിരിക്കുന്ന ഫൊക്കാന ദേശീയ കൺവെൻഷനെക്കുറിച്ചും പ്രതിനിധി സംഘം മുഖ്യമന്ത്രിയെ വിശദമായി അറിയിച്ചു. കേരളവും ആഗോള മലയാളി സമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഫൊക്കാന പ്രതിജ്ഞാബദ്ധമാണെന്നും പ്രതിനിധികൾ വ്യക്തമാക്കി.

ജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയത്തിനും പൊതുജന പ്രശ്നങ്ങളോടുള്ള ആത്മാർത്ഥ സമീപനത്തിനും മുഖ്യമന്ത്രി വി.ഡി. സതീശനെ ഫൊക്കാന പ്രതിനിധികൾ അഭിനന്ദിച്ചു. കേരളത്തിന്റെ വികസനത്തിനും പ്രവാസി സമൂഹവുമായി കൂടുതൽ സഹകരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കും സർക്കാർ സ്വീകരിക്കുന്ന സമീപനത്തെയും അവർ പ്രശംസിച്ചു.

കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുകയും സ്നേഹപൂർവമായ സ്വീകരണം നൽകുകയും ചെയ്ത മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് ഉദ്യോഗസ്ഥർക്കും ഫൊക്കാന പ്രതിനിധി സംഘം ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. കേരളവും ആഗോള മലയാളി സമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഇത്തരത്തിലുള്ള കൂടിക്കാഴ്ചകൾ ഭാവിയിലും തുടരുമെന്ന പ്രത്യാശയും പ്രതിനിധികൾ പങ്കുവെച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.