കേരള ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ്റെ പേര് ലോക് ഭവൻ എന്ന് മാറ്റുന്നു. ഈ മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ വരും. തലസ്ഥാനത്ത് തിരിച്ചെത്തുന്ന ഗവർണർ രാജേന്ദ്ര ആർലേക്കർ നാളെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ഭരണാധികാരിയുടെ വസതി എന്നർത്ഥം വരുന്ന രാജ് ഭവൻ എന്ന പേര് മാറ്റി ജനങ്ങളുടെ വസതി എന്നർത്ഥം വരുന്ന ലോക് ഭവൻ എന്ന് മാറ്റുന്നതിലൂടെ ഗവർണർ വസതികളെ കൂടുതൽ ജനകീയമാക്കാനും, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു. ബ്രിട്ടീഷ് കൊളോണിയൽ പാരമ്പര്യവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളെ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് പേരുമാറ്റം.
രാജ്യത്തെ എല്ലാ രാജ്ഭവനുകൾക്കും ലോക് ഭവൻ എന്ന് പേര് മാറ്റാൻ നിർദ്ദേശിച്ചത് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ ആയിരുന്നു. കഴിഞ്ഞ വർഷം രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ നടന്ന ഗവർണർമാരുടെ സമ്മേളനത്തിലാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.
ഇതിൻ്റെ പശ്ചാത്തലത്തിൽ, നവംബർ 25-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്തുടനീളമുള്ള രാജ്ഭവനുകളുടെയും രാജ് നിവാസിൻ്റെയും പേര് യഥാക്രമം ലോക് ഭവൻ എന്നും ലോക് നിവാസ് എന്നും മാറ്റാൻ ഈ വിജ്ഞാപനം നിർദ്ദേശിച്ചു. പശ്ചിമ ബംഗാളിൽ, കൊൽക്കത്തയിലെയും ഡാർജിലിംഗിലെയും രാജ്ഭവനുകളുടെ പേര് കഴിഞ്ഞ ദിവസം തന്നെ മാറ്റിയിരുന്നു. കേരളത്തിലും നാളത്തെ ഗവർണറുടെ പ്രഖ്യാപനത്തോടെ പേരുമാറ്റം ഔദ്യോഗികമായി നിലവിൽ വരും.

