വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് വാർത്താചർച്ചയിൽ നിറയുന്നതു കാണുമ്പോൾ എനിക്കും ചിലത് പറയാനുണ്ട്. നാൽപത് വർഷം മുൻപാണ് ഞാൻ ബെന്നിച്ചേട്ടനെ ആദ്യം കാണുന്നത്. ഞങ്ങളുടെ നാട്ടിലെ ആളുകൾ എന്ത് ആവശ്യമുണ്ടെങ്കിലും ഓടിച്ചെല്ലുന്നത് ബെന്നിച്ചേട്ടൻ്റെ വീട്ടിലേക്കായിരുന്നു. അന്ന് അദ്ദേഹത്തിൻ്റെ പിതാവ് തോമസ് മാസ്റ്റർ നാട്ടുമധ്യസ്ഥനായ ഒരു അധ്യാപകനാണ്.
ബെന്നി തോമസ് എൻ്റെ മനസിൽ കയറിക്കൂടാനിടയായ ഒരു സംഭവം പറയാം. പ്രീഡിഗ്രി തോറ്റുകഴിഞ്ഞ് ഞാൻ പോയത് മെക്കാനിക്കുപണി പഠിക്കാനാണ്. കണ്ണൂരിലെ ഒരു പ്രൈവറ്റ് ഐടിസിയിൽ ഒരുവർഷം പഠിച്ച് അവരുടെ സ്ഥാപനം തരുന്ന ഒരു സർട്ടിഫിക്കറ്റുമായി ഞാൻ പുറത്തിറങ്ങി. ഇനി ഏതെങ്കിലും ഓട്ടോമൊബൈൽ വർക്കുഷോപ്പിൽ പണിക്കു കയറണം. എനിക്ക് ഒരു വർക്കുഷോപ്പുകാരേയും പരിചയമില്ല. പല അന്വേഷണങ്ങളും നടത്തി നിവർത്തിയില്ലാതെ വന്നപ്പോഴാണ് ഞാൻ ശുപാർശയേപ്പറ്റി ആലോചിക്കുന്നത്.
അപ്പോഴേക്കും ഒരു ചെറിയ രാഷ്ട്രീയനേതാവായി ബെന്നിച്ചേട്ടൻ മാറിയിരുന്നു. ഞാൻ അങ്ങേരുടെ വീട്ടിൽപോയി എന്റെ ആവശ്യം അറിയിച്ചു. ബെന്നിച്ചേട്ടൻ ഉടനെതന്നെ എന്നെയും കൂട്ടി അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ഒരു വർക്കുഷോപ് മുതലാളിയുടെ വീട്ടിൽ പോയി. ആദ്യം അനുകൂലമായല്ല മുതലാളി പ്രതികരിച്ചത്. വർക്ക്ഷോപ്പിൽ ആവശ്യത്തിന് പണിക്കാരുണ്ട്. പണി പഠിക്കാനായി പുതിയ പിള്ളേരെ ആവശ്യമില്ല. ഇനി അവിടെ വന്നു നിൽക്കുകയാണെങ്കിൽ നിന്നോട്ടെ. പത്തുപൈസ കൂലിയായി കൊടുക്കില്ല എന്നൊക്കെയായിരുന്നു അങ്ങേർക്ക് പറയാനുള്ളത്.
അതോടെ ബെന്നിച്ചേട്ടനിലെ യഥാർത്ഥ നേതാവ് ഉണർന്നു. അദ്ദേഹം എന്റെ വീട്ടിലെ അവസ്ഥയും ജോലിചെയ്യാനുള്ള എന്റെ മികവുമൊക്കെ വിസ്തരിച്ചു പറഞ്ഞ് ശുപാർശ ചെയ്യാൻ തുടങ്ങി. ഒടുവിൽ ആഴ്ചയിൽ ഇരുപത്തിയഞ്ചു രൂപ കൂലി നിശ്ചയിച്ച് എന്നെ വർക്ക്ഷോപ്പിൽ പണിക്കെടുത്തു. ഇങ്ങനെയുള്ള നൂറുകണക്കിന് അനുഭവങ്ങൾ ബെന്നിച്ചേട്ടനേക്കുറിച്ച് എൻ്റെ നാട്ടിലെ ആളുകൾക്ക് പറയാനുണ്ടാവും.
എനിക്ക് സാഹിത്യ അക്കാദമി അവാർഡ് നേടിത്തന്ന നോവലാണ് പുറ്റ്. ബെന്നിച്ചേട്ടൻ്റെ കൂടെ നടന്ന് ഞാൻ കണ്ട ജീവിതങ്ങൾ പകർത്തുക മാത്രമാണ് ആ നോവലെഴുത്തിൽ ഞാൻ ചെയ്തത്. അദ്ദേഹം ഇടപെടുന്ന ഓരോ വിഷയത്തിലും കാണിക്കുന്ന നീതിബോധവും പ്രശ്‌നങ്ങൾ കുരുക്കഴിച്ചെടുക്കുന്നതിലുള്ള അസാമാന്യമായ പാടവവുമൊക്കെ മനസിലാക്കിയതുകൊണ്ട് ഞാൻ എഴുതിപ്പോയ നോവലാണ് പുറ്റ്. അതിലെ നായക കഥാപാത്രമായ ജറമിയാസിൻ്റെ നല്ല വശം മുഴുവൻ ബെന്നിച്ചേട്ടൻ എന്ന മനുഷ്യൻ എനിക്ക് ജീവിച്ചു കാണിച്ചു തന്ന പാഠങ്ങളാണ്. നോവലിൻ്റെ അവസാനം ജറമിയാസ് പോൾ എന്ന കഥാപാത്രത്തെ ദുരന്തത്തിലേക്ക് കൊണ്ടുപോയി വെച്ചതിന് ബെന്നിച്ചേട്ടനെ അറിയുന്ന വായനക്കാരെല്ലാം എന്നെ ചീത്ത വിളിച്ചു.
പുറ്റ് നോവൽ പെൻഗ്വിൻ ബുക്സ് ഇംഗ്ലീഷിൽ Anthill എന്ന പേരിൽ പുറത്തിറക്കിയപ്പോൾ നടന്ന ചർച്ചയിൽ ബെന്നിച്ചേട്ടനും സംസാരിച്ചിരുന്നു. ഉളിക്കൽ പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡൻ്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പഞ്ചായത്തിൻ്റെ കീ റിസോഴ്‌സ് പെഴ്‌സണായി ഞാനും കൂടെയുണ്ടായിരുന്നു. അക്കാലത്തെ അനുഭവങ്ങളും വലിയ ഒരു നോവലിനുള്ളതുണ്ട്. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ ഭരണസമിതിക്ക് ഒരു നാടിനെ അടിമുടി പുതുക്കിപ്പണിയാൻ കഴിയുന്നതെങ്ങനെ എന്നതായിരിക്കും ആ നോവലിൻ്റെ ഉള്ളടക്കം.
പുറ്റ് നോവൽ പതിനൊന്നാം പതിപ്പിലെത്തി നിൽക്കുന്ന ഈ അവസരത്തിൽ ബെന്നിച്ചേട്ടനും വാർത്തകളിൽ നിറയുകയാണ്. ഒരു സംസ്ഥാനം മുഴുവൻ നമുക്ക് പ്രിയപ്പെട്ട ഒരാളുടെ ഗുണദോഷ ചർച്ച ഇഴകീറി നടത്തുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു എന്നതുതന്നെയാണ് ആ വ്യക്തിത്വത്തിൻ്റെ ഗാരൻ്റി

