PRAVASI

'പോറ്റിയേ...ഇറക്കിയേ...'

Blog Image

ശബരിമല ശ്രീ അയ്യപ്പന്‍റെ സന്നിധാനത്തു നിന്നും സ്വര്‍ണ്ണം അടിച്ചുമാറ്റി എന്ന കേസില്‍ ആരോപണ വിധേയനായ, സര്‍വ്വാദരണീയനായ ശ്രീ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഈ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് ജയില്‍ മോചിതനായി. ദോഷം പറയരുതല്ലോ! ആളൊന്നു മിനുങ്ങിയിട്ടുണ്ട്, നമ്മുടെ ജയില്‍ സംവിധാനം എത്ര സുഖപ്രദമായിരിക്കുന്നു എന്ന് അദ്ദേഹത്തിന്‍റെ മുഖത്തെ ഓജസ്സും തേജസ്സും കണ്ടാലറിയാം. അവിടെ വിളമ്പുന്ന മട്ടന്‍കറിയും വരാല്‍ വറുത്തതും കണ്ടാല്‍ ഏതു വെജിറ്റേറിയനും നോണ്‍വെജ് ആയിപ്പോകും. പോറ്റിയെ സംബന്ധിച്ചിടത്തോളം പച്ചരിച്ചോറും വെറും പച്ചമോരും ഇനി വെറും പഴങ്കഥ.
ചുവന്ന സില്‍ക്കു ഷര്‍ട്ടും ചന്ദനക്കുറിയുമണിഞ്ഞ്, സുസ്മേരവദനനായി പുറത്തേക്കു വന്ന പോറ്റിയെ സ്വീകരിക്കുവാന്‍ സന്തോഷത്തോടെ അദ്ദേഹത്തിന്‍റെ അന്തര്‍ജ്ജനം ജയില്‍ കവാടത്തില്‍ കാത്തുനില്പുണ്ടായിരുന്നു. രണ്ടുപേരും ചുവപ്പുവസ്ത്രം തെരഞ്ഞെടുത്തത് ആകസ്മികമാകാം.
കളവുപോയ സ്വര്‍ണ്ണം വീണ്ടെടുക്കുന്നതിലൊന്നും ആര്‍ക്കും ഒരു താല്പര്യവുമില്ല. ആരൊക്കെ പോറ്റിയോടൊപ്പം നിന്നു ഫോട്ടോപടം പിടിച്ചു എന്നതു മാത്രമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.
'കേറ്റിയത് കോണ്‍ഗ്രസാണെങ്കില്‍, ഇറക്കിയത് കമ്മ്യൂണിസ്റ്റാണ്' എന്ന പുതിയൊരു അശരീരി അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ട്.
'അയ്യപ്പനെന്തിനാണ് ആഭരണം' എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍, അയ്യപ്പകോപം-ശാപം- ഏതു വഴിക്കാണ് വരുന്നതെന്ന് കാത്തിരുന്നു കാണാം.
കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയര്‍മാനായിരുന്ന ബഹുമാനപ്പെട്ട ഡോ. സി.ജെ. റോയി ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍, അദ്ദേഹത്തിന്‍റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ 'ഞെട്ടിപ്പോയി.' ഞെട്ടിയത് എന്തിനാണെന്നുള്ളത് അവര്‍ക്കു മാത്രമറിയാവുന്ന ഒരു രഹസ്യമായിരിക്കും. കോണ്‍ഫിഡന്‍സ് നഷ്ടപ്പെട്ട റോയി, സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് അവസാന നിഗമനം. അദ്ദേഹത്തിന്‍റെ മൃതദേഹത്തില്‍ പേരിനു വേണ്ടിയെങ്കിലും ഒരു റീത്തു വെക്കുവാനോ സംസ്കാരചടങ്ങില്‍ സംബന്ധിക്കുവാനോ ഈ പറഞ്ഞ ഒരൊറ്റ ആത്മാര്‍ത്ഥ സുഹൃത്തുക്കളേയും ആ പരിസരത്തു കണ്ടില്ല. അതിലൊരു ദുരൂഹതയില്ലേ?
'ആഘോഷിക്കൂ... ഓരോ നിമിഷവും...' അതായിരുന്നു ഡോ. റോയിയുടെ ജീവിതസന്ദേശം. ആഡംബരത്തിന്‍റെ അങ്ങേയറ്റത്തായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതശൈലി. തന്‍റെ മണിമാളികകളും വിലകൂടിയ ആഡംബര കാറുകളും മറ്റും പ്രദര്‍ശിപ്പിക്കുന്നതില്‍ അദ്ദേഹം ക്രൂരമായ ആനന്ദം അനുഭവിച്ചിരുന്നു എന്നുവേണം അനുമാനിക്കാന്‍.
'ഞാന്‍ സര്‍വതും നേടിക്കഴിഞ്ഞു. ഈ ഭൂമിയില്‍ എനിക്കിനി നേടാനൊന്നുമില്ല' എന്ന് ഇടയ്ക്കിടെ അദ്ദേഹം വീമ്പിളക്കുമായിരുന്നു.
("നീ കഴുകനെപ്പോലെ ഉയര്‍ന്നാലും നക്ഷത്രങ്ങളുടെ ഇടയില്‍ കൂടു വെച്ചാലും അവിടെനിന്ന് ഞാന്‍ നിന്നെ ഇറക്കും" എന്ന് യഹോവയുടെ അരുളപ്പാട്.)
മരിച്ചവരെക്കുറിച്ച് നല്ലതൊന്നും പറയാനില്ലെങ്കില്‍ മൗനം പാലിക്കുന്നതാണ് മാന്യത എന്നറിയാമെങ്കിലും ആഡംബരത്തില്‍ ആര്‍ത്തിയോടെ അര്‍മാദിച്ചിരുന്ന അദ്ദേഹത്തിന്‍റെ ജീവിതശൈലി കണ്ടപ്പോള്‍, അസൂയയ്ക്കു പകരം അറപ്പാണ് തോന്നിയത്.
ഡോ. സി.ജെ. റോയിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു! 
പീഡിപ്പിക്കുന്നവനു പീഡനത്തിന് ഇരയായവര്‍ പാരിതോഷികം നല്കുന്ന ഒരു പുതിയ സിസ്റ്റം നമ്മുടെ നാട്ടില്‍ ഉടലെടുത്തിരിക്കുന്നു. പീഡനതീവ്രതയുടെ അളവനുസരിച്ച് സമ്മാനത്തുകയും കൂടും.
പണ്ടൊക്കെ 'ഐഡിയ സ്റ്റാര്‍ സിംഗര്‍' മത്സരത്തിലൊക്കെ പങ്കെടുത്തവര്‍ക്കാണ് ഒന്നാം സമ്മാനമായി 'ഫ്ളാറ്റ്' ലഭിച്ചിരുന്നത്. മാന്തിപ്പറിക്കല്‍, അടി, ഇടി, തൊഴി, തുപ്പല്‍ തുടങ്ങിയ കലാപരിപാടികളോടെ നടത്തുന്ന പീഡനത്തിനാണ് 'ഗ്രാന്‍ഡ് പ്രൈസ്' ആയി ഫ്ളാറ്റ് നല്കുന്നത്.
'അതിജീവിത'കളുടെ മുഖത്തൊക്കെ അതിയായ സന്തോഷമാണ്. അവര്‍ പത്രസമ്മേളനവും നടത്താറുണ്ട്. കാലം പോയ പോക്കേ!
വലിയ വാര്‍ത്തകളുടെ ഇടയില്‍ നമ്മുടെ ഇഷ്ടതാരം മണിയന്‍പിള്ള ചേട്ടനും ഈയിടെ ഇടംപിടിച്ചു. ഒരു ചെറിയ കാറപകടം. പാവം പേടിച്ചുപോയതുകൊണ്ട് വണ്ടി നിര്‍ത്താതെ അപകടസ്ഥലത്തുനിന്നും സ്ഥലംവിട്ടു. അതേതായാലും നന്നായി. വീട്ടില്‍ വന്നയുടനെ പോലീസുകാരെ വിളിച്ചു വിവരം പറഞ്ഞു.
"സാരമില്ല ചേട്ടാ, സൗകര്യംപോലെ വന്നാല്‍ മതി. അണ്ണന്‍ മനസ്സമാധാനത്തോടെ കിടന്നുറങ്ങു." പോലീസുകാര്‍ അണ്ണനു താരാട്ടു പാടി. "ഉണ്ണി വാവാവോ, പൊന്നുണ്ണി വാവാവോ"...
മുന്തിയ ക്ലബുകളില്‍ മുന്തിയയിനം മദ്യവും മോന്തി ലക്ഷങ്ങള്‍ വെച്ചു ചീട്ടു കളിക്കുന്നതൊന്നും ഒരു കുറ്റമല്ല. അവര്‍ക്ക് പുറത്ത് പോലീസ് കാവലുണ്ട്.
ഏതെങ്കിലും ഓണംകേറാ മൂലയില്‍ ആരും കാണാതെ പത്തു പൈസ വെച്ചു ചിട്ടുകളിച്ചാലേ പോലീസുകാര്‍ ഓടിച്ചിട്ടു പിടിക്കുകയുള്ളൂ. സ്റ്റേഷനില്‍ കൊണ്ടുപോയി പൂരത്തെറിയുടെ അകമ്പടിയോടെ അവന്‍റെ 'നട്ടും ബോള്‍ട്ടു'മിളക്കും.
ആ മോട്ടോര്‍ സൈക്കിളില്‍ വായുഗുളികയ്ക്കു വേണ്ടി പാഞ്ഞുപോയ പിള്ളേരും അത്ര മെച്ചമൊന്നുമല്ല. നിഷ്പക്ഷമായി വിശകലനം ചെയ്താല്‍ രണ്ടുകൂട്ടരുടെ കൈയിലും തെറ്റുണ്ടെന്നാണ് ഈയുള്ളവന്‍റെ ഒരു നിഷ്പക്ഷ അഭിപ്രായം.

വാല്‍ക്കഷണം: രാഷ്ട്രീയ, മതമേധാവിത്വ, സിനിമാ, ലഹരി ഗുണ്ടാ മാഫിയ തുടങ്ങി, നിയമസംവിധാനം വരെയുള്ള ഒരു അവിശുദ്ധ കൂട്ടുകെട്ടാണല്ലോ നമ്മുടെ നാട് ഭരിക്കുന്നത് എന്ന സത്യം ഭയം ഉളവാക്കുന്നു.

രാജു മൈലപ്ര

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.