കോട്ടയം ജില്ലയിലെ രാഷ്ട്രീയഭൂപടത്തിൽ എന്നും ശ്രദ്ധേയമായ പോരാട്ടങ്ങൾക്ക് വേദിയായ പൂഞ്ഞാർ, ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയൊരു രാഷ്ട്രീയ അധ്യായത്തിനാണ് സാക്ഷ്യം വഹിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച അഡ്വ. സെബാസ്റ്റ്യൻ എം. ജെ.(അഡ്വ .സജി ജോസഫ് ) 56,900 വോട്ടുകൾ നേടി വിജയിച്ചതോടെ പൂഞ്ഞാറിന്റെ ജനപ്രതിനിധിയായി നിയമസഭയിലെത്തി. നിലവിലെ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കലിനെയും മുതിർന്ന രാഷ്ട്രീയ നേതാവ് പി. സി. ജോർജിനെയും പിന്തള്ളിയുള്ള അദ്ദേഹത്തിന്റെ വിജയം മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ മാറ്റമായി വിലയിരുത്തപ്പെട്ടു.
എന്നാൽ തിരഞ്ഞെടുപ്പ് വിജയത്തിനപ്പുറം, അധികാരത്തെ എങ്ങനെ സമീപിക്കുന്നു എന്നതിലൂടെയാണ് സെബാസ്റ്റ്യൻ എം. ജെ. ശ്രദ്ധ നേടുന്നത്. “സർക്കാർ അനുവദിക്കുന്ന പണം നാട്ടുകാരുടേതാണ്; അതുകൊണ്ട് വികസന പദ്ധതികളുടെ ഉദ്ഘാടന ഫലകങ്ങളിൽ എന്റെ പേര് എഴുതേണ്ടതില്ല” എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇപ്പോൾ വലിയ പൊതുചർച്ചകൾക്കാണ് വഴിതെളിയിച്ചത്. പദ്ധതികളുടെ ഫലകങ്ങളിൽ സ്വന്തം പേര് വേണ്ടെന്നുവെക്കുന്ന അദ്ദേഹത്തിന്റെ ഈ തീരുമാനം ചരിത്രത്തിൽ തന്നെ വേറിട്ട മാതൃകയാകുമെന്ന അഭിപ്രായങ്ങളും ഉയർന്നുവന്നു. സമൂഹമാധ്യമങ്ങളിലും ഈ നിലപാടിന് വലിയ കൈയടിയാണ് ലഭിച്ചത്.
ഒരു ജനപ്രതിനിധിയെന്ന നിലയിൽ തന്റെ ഉത്തരവാദിത്വത്തെ എങ്ങനെയാണ് അദ്ദേഹം കാണുന്നത്? പൂഞ്ഞാറിനായുള്ള അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാട് എന്തൊക്കെയാണ്?.വിജയത്തിന്റെയും പുതിയ ഉത്തരവാദിത്വത്തിന്റെയും പശ്ചാത്തലത്തിൽ, തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും പങ്കുവെച്ച് അഡ്വ. സെബാസ്റ്റ്യൻ എം. ജെ.(അഡ്വ .സജി ജോസഫ് ) കേരളാ എക്സ് പ്രസ്സിനോട് സംസാരിക്കുന്നു....( കുന്നത്തു നാട് എം എൽ എ വി . പി സജീന്ദ്രൻ , കെ. പി. സി. സി വൈസ് പ്രസിഡൻ്റ് ജെയ്‌സൺ ജോസഫ് , ഫൊക്കാന ജനറൽ സെക്രട്ടറി സന്തോഷ് നായർ
എന്നിവരും സന്നിഹിതരായിരുന്നു )
താങ്കളുടെ രാഷ്‌ടീയ പശ്ചാത്തലം ഒന്നു പറയാമോ?
ചെറുപ്പം മുതൽ തന്നെ കെ.എസ്.യുവിലൂടെയാണ് ഞാൻ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. പാലാ സെന്റ് തോമസ് കോളേജിൽ പഠിക്കുന്ന കാലത്ത് 1990-ൽ ഞാൻ കോളേജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് എനിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടത് പിന്നീട് മന്ത്രിയായ റോഷി അഗസ്റ്റിനായിരുന്നു.
അതിനുശേഷം 1995-ൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി ഞാൻ സ്ഥാനമേറ്റു. തലപ്പലം പഞ്ചായത്ത് പ്രസിഡന്റായാണ് ചുമതലയേറ്റത്. അതോടൊപ്പം തലപ്പലം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. കോട്ടയം ജില്ലയിലെ ആദ്യത്തെ സൂപ്പർ ഗ്രേഡ് ബാങ്കായി അതിനെ ഉയർത്താനും, കഴിഞ്ഞ 26 വർഷമായി 25 ശതമാനം ഡിവിഡന്റ് നൽകുന്ന മികച്ച ബാങ്കായി അതിനെ മാറ്റിയെടുക്കാനും സാധിച്ചു. പിന്നീട് പഞ്ചായത്ത് പ്രസിഡന്റായി പത്ത് വർഷത്തോളം പ്രവർത്തിച്ചു. അതിനുശേഷവും രാഷ്ട്രീയപ്രവർത്തനം തുടർന്നു. പക്ഷെ ബാങ്കിന്റെ പ്രവർത്തനങ്ങളിൽ നേരിട്ടല്ലാതെയുള്ള ഇടപെടലുകളാണ് നടത്തിവരുന്നത്.
ഇനി പൂഞ്ഞാറിനെ കുറിച്ച് പറയുകയാണെങ്കിൽ കേരള കോൺഗ്രസ് മാറിമാറി ഭരിക്കുന്ന ഒരു മണ്ഡലമാണ് പൂഞ്ഞാർ. പൂഞ്ഞാറിന്റെ അടിസ്ഥാന രാഷ്ട്രീയ ഘടന പരിശോധിച്ചാൽ കോൺഗ്രസിന് ശക്തമായ ഒരു അടിത്തറ ഇവിടെയുള്ള കാര്യം നമുക്ക് വ്യക്തമാകും. ഒരു സമയത്ത്, മണ്ഡലത്തിന്റെ അതിർത്തിപുനർനിർണയത്തെ തുടർന്ന് പൂഞ്ഞാറിന്റെ ചില പ്രദേശങ്ങൾ മറ്റു മണ്ഡലങ്ങളിലേക്ക് പോയെങ്കിലും, നാലോ അഞ്ചോ പഞ്ചായത്തുകളിൽ അപ്പോഴും കോൺഗ്രസിന് ശക്തമായ സംഘടനാ അടിത്തറയുണ്ടായിരുന്നു. പഴയ പൂഞ്ഞാർ മേഖലയിലും കോൺഗ്രസിന് മികച്ച വേരോട്ടമുണ്ടായിരുന്നു.
അഡ്വ. സെബാസ്റ്റ്യൻ എം. ജെ എം എൽ എ (അഡ്വ .സജി ജോസഫ് )
അത്തരമൊരു സാഹചര്യത്തിൽ കൃത്യമായ ഒരു സ്ഥാനാർഥിയെ മുന്നിൽ നിർത്തിയപ്പോൾ ഉണ്ടായ വിജയം മാത്രമാണ് എന്റെത്. അത് പക്ഷേ ഞാനെന്റെ വ്യക്തിപരമായ നേട്ടമായി കാണുന്നില്ല. മണ്ഡലത്തിലെ യു.ഡി.എഫിന്റെ രാഷ്ട്രീയ അടിത്തറയും ജനങ്ങളുടെ പിന്തുണയും തന്നെയാണ് ഈ വിജയത്തിന്റെ പ്രധാന കാരണം. അതോടൊപ്പം കൃത്യമായ ആസൂത്രണവും പ്രവർത്തനവും കൂടി ഈ വിജയത്തിന് പിന്നിലുണ്ടായിരുന്നു.
അതേസമയം,കഴിഞ്ഞ തവണ കോൺഗ്രസിന്റെ സ്ഥാനാർഥി ഏകദേശം 26,000 വോട്ടിന്റെ വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന മണ്ഡലത്തിലാണ് ഇത്തവണ ഞാൻ വിജയിച്ചത്. അതും 6,500-ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് എനിക്ക് എത്താൻ കഴിഞ്ഞു എന്നത് വലിയൊരു മാറ്റമാണെന്ന് പറയാതെ വയ്യ. കേരളത്തിൽ തന്നെ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നായിരുന്നു പൂഞ്ഞാർ. ആ ഒരു തരത്തിൽ നോക്കിക്കാണുകയാണെങ്കിൽ ഈ വിജയം അല്പം പ്രത്യേകത ഉള്ളത് തന്നെയാണ്.
ലോകം വലിയൊരു സാങ്കേതിക വിപ്ലവത്തിലേക്ക് നീങ്ങുമ്പോൾ, കേരളത്തിന്റെ രാഷ്ട്രീയവും ഭരണസംവിധാനവും എങ്ങനെയാണ് മാറേണ്ടത്?
ജനങ്ങൾ എപ്പോഴും നോക്കുന്നത് അവരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുന്ന വികസന രാഷ്ട്രീയത്തെയാണ്. പ്രത്യേകിച്ച് പുതിയ തലമുറ അതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള രാഷ്ട്രീയത്തിന് ഇന്നത്തെ കാലത്ത് വലിയ പ്രസക്തിയില്ല. ലോകം അതിവേഗം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ജീവിതനിലവാരം എങ്ങനെ ഉയർത്താം, അവർക്ക് എന്ത് ചെയ്യാൻ കഴിയും, സമൂഹത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്ന ചിന്തയിലാണ് ഇനി രാഷ്ട്രീയം കേന്ദ്രീകരിക്കേണ്ടത്. കുറച്ചുകാലത്തേക്ക് ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ജനങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ വികസിത രാജ്യങ്ങളിലെ ജനാധിപത്യ തിരഞ്ഞെടുപ്പുകളിലേക്ക് നോക്കിയാൽ, അവിടെയെല്ലാം വികസനം, ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ, സാങ്കേതികവിദ്യ, ജനങ്ങളുടെ ജീവിതനിലവാരം തുടങ്ങിയ വിഷയങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. നമ്മുടെ രാഷ്ട്രീയവും ആ ദിശയിലേക്കാണ് മാറേണ്ടത്.
എന്റെ കാഴ്ചപ്പാടിൽ, അടുത്ത 15 വർഷത്തിനുള്ളിൽ ലോകം വലിയൊരു റാഡിക്കൽ ഡിസ്റപ്റ്റീവ് റവല്യൂഷന് വിധേയമാകും. അതായത്, നിലവിലുള്ള സംവിധാനങ്ങളെ തച്ചുടച്ച് പുതിയ സംവിധാനങ്ങൾ രൂപപ്പെടുന്ന തരത്തിലുള്ള സാങ്കേതിക മാറ്റങ്ങളായിരിക്കും വരാൻ പോകുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലകൾ പരസ്പരം സംയോജിച്ചുകൊണ്ടുള്ള വലിയൊരു മാറ്റമാണത്. ഇന്ന് ലോകത്ത് നടക്കുന്നത് ഒരർഥത്തിൽ ഒരു ടെക്നോളജിക്കൽ വാറും ഇന്റലക്ച്വൽ വാറുമാണ്. ഇക്കാര്യത്തിൽ അമേരിക്കയാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. അമേരിക്കയുടെ ശക്തി ഭരണകൂടത്തിൽ മാത്രമല്ല; അവിടുത്തെ സ്വകാര്യ കമ്പനികൾക്ക് ലഭിക്കുന്ന പ്രാധാന്യവും അവരുടെ ഗവേഷണ-വികസന പ്രവർത്തനങ്ങൾക്ക് നൽകുന്ന വലിയ പിന്തുണയുമാണ് അതിന്റെ പ്രധാന കാരണം.
ഇതിന്റെ രണ്ട് ഉദാഹരണങ്ങൾ പറയാം. അമേരിക്കൻ കമ്പനിയായ ആൻത്രോപിക് (Anthropic) വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെ വളർച്ച ഇന്ന് ഐ.ടി. മേഖലയിലെ തൊഴിൽരംഗത്ത് വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഈ കമ്പനി ഇന്ത്യയുടെ ബജറ്റിന്റെ വലിയൊരു ഭാഗത്തിന് തുല്യമായ സമ്പത്ത് സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ട്. കമ്പനിയുടെ ആസ്തി ഏകദേശം 33 ലക്ഷം കോടി രൂപയും.
അതുപോലെ, അമേരിക്കൻ കമ്പനിയായ എൻവിഡിയ (NVIDIA) യുടെ വളർച്ചയും സാങ്കേതികവിദ്യയുടെ ശക്തി വ്യക്തമാക്കുന്ന മറ്റൊരു ഉദാഹരണമാണ്. വെറും 12 വർഷത്തിനുള്ളിൽ ഏകദേശം 95 ലക്ഷം കോടി രൂപയുടെ സമ്പത്ത് സൃഷ്ടിക്കാൻ ആ കമ്പനിക്ക് കഴിഞ്ഞു.
ഇതിൽ നിന്ന് മനസ്സിലാക്കേണ്ട പ്രധാന കാര്യം, സാങ്കേതികവിദ്യയാണ് ഇനി ലോക സമ്പത്തിന്റെയും ശക്തിയുടെയും ദിശ നിർണയിക്കാൻ പോകുന്നത് എന്നതാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ സയൻസ്, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലകളിൽ സംഭവിക്കുന്ന ഈ മാറ്റത്തിന്റെ ആഴം മനസ്സിലാക്കാതെ ഒരു ഭരണാധികാരിക്കും ഒരു രാഷ്ട്രത്തെ ശരിയായ രീതിയിൽ നയിക്കാനോ വികസനത്തിന്റെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്താനോ കഴിയില്ല.
ഇത് വളരെ വലിയ മാറ്റമായിരിക്കും. പണ്ട് വ്യവസായ വിപ്ലവത്തിന്റെ വരവോടെ പല പഴയ സംവിധാനങ്ങളും അധികാരകേന്ദ്രങ്ങളും തകർന്നടിഞ്ഞതുപോലെ, പുതിയ സാങ്കേതിക വിപ്ലവവും നിലവിലുള്ള പല സംവിധാനങ്ങളെയും മാറ്റിമറിക്കും. അതുകൊണ്ട് ആ മാറ്റത്തെ ഭയക്കുകയല്ല, അതിനെ മുന്നിൽ കണ്ടുകൊണ്ട് പ്രവർത്തിക്കുകയാണ് വേണ്ടത്. കേരളത്തിലും അതിനനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടാകണം. ഇപ്പോൾ അധികാരത്തിലെത്തിയ യു.ഡി.എഫ്. മുന്നണി, പ്രത്യേകിച്ച് വി.ഡി. സതീശന്റെ നേതൃത്വത്തിൽ, കൃത്യമായ പദ്ധതികളോടെയാണ് മുന്നോട്ടുപോകുന്നത് എന്നാണ് ഞാൻ കരുതുന്നത്. യു.ഡി.എഫിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വലിയൊരു വിഭാഗം എം.എൽ.എമാരും ചെറുപ്പക്കാരും വിദ്യാസമ്പന്നരും പുതിയ കാഴ്ചപ്പാടുള്ളവരുമാണ്. അത് കേരള സമൂഹത്തിന് വലിയ ഗുണം ചെയ്യുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതിനനുസരിച്ചുള്ള വികസന പദ്ധതികളും കേരളത്തിൽ ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്.
പൂഞ്ഞാറിന്റെ പ്രത്യേക വികസന പദ്ധതിയെക്കുറിച്ച് പറയാമോ?
പൂഞ്ഞാറിന്റെ അടുത്ത 25 വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു ദീർഘവീക്ഷണമുള്ള വികസന പദ്ധതിയാണ് ഞങ്ങൾ ആസൂത്രണം ചെയ്യുന്നത്. വികസനം എന്നത് ഒരു തുടർച്ചയായ പ്രക്രിയയാണ്. ഒരു എം.എൽ.എ. മാറി മറ്റൊരാൾ വരുമ്പോൾ, മുൻഗാമി ആരംഭിച്ച പദ്ധതികളെ വെട്ടിമുറിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്ന സമീപനം ഒരിക്കലും നല്ലതല്ല. അത്തരമൊരു രാഷ്ട്രീയ ഇടപെടൽ വികസനത്തെ ഗുരുതരമായി ബാധിക്കും.
അതുകൊണ്ടുതന്നെ, കഴിഞ്ഞ എം.എൽ.എ. നടപ്പാക്കിയ പദ്ധതികളെ കൃത്യമായി പഠിച്ചശേഷമാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്. ജനങ്ങൾക്ക് ഗുണകരമായ പദ്ധതികളിൽ ഒരു മാറ്റവും വരുത്താതെ അവ അതേപടി തുടരാനാണ് തീരുമാനം. കാരണം, ആ പദ്ധതികളെല്ലാം ജനങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളുടെ ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ആവിഷ്കരിച്ചിട്ടുള്ളത്. കേവലം രാഷ്ട്രീയ ലാഭത്തിനുവേണ്ടി നല്ല പദ്ധതികളെ വെട്ടിമുറിക്കുന്ന ചീപ്പ് പൊളിറ്റിക്സ് നമ്മൾ ചെയ്യാൻ പാടില്ല.
അതേസമയം, വ്യക്തിപരമായോ രാഷ്ട്രീയപരമായോ നേട്ടങ്ങൾ ലക്ഷ്യമിട്ട് രൂപപ്പെടുത്തിയിട്ടുള്ള പദ്ധതികളോ നടപടികളോ ഉണ്ടെങ്കിൽ അവയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ല. എന്നാൽ വികസനത്തിന്റെ കാര്യത്തിൽ ഞങ്ങളുടെ സമീപനം എല്ലായ്പ്പോഴും പോസിറ്റീവും തുടർച്ച ഉറപ്പാക്കുന്നതുമായിരിക്കും. പൂഞ്ഞാറിന്റെ ഭാവി മുന്നിൽ കണ്ടുകൊണ്ട്, രാഷ്ട്രീയത്തിനതീതമായി ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വികസനമാണ് ലക്ഷ്യം.
.jpeg)
പൂഞ്ഞാറിന്റെ വികസനത്തിന് താങ്കളുടെ കാഴ്ചപ്പാടിൽ എന്തൊക്കെയാണ് പ്രധാന സാധ്യതകൾ? അതിനായി ആവിഷ്കരിക്കുന്ന പദ്ധതികൾ എന്തൊക്കെയാണ്?
നമ്മുടെ നിയോജകമണ്ഡലത്തിന്റെയും അതോടൊപ്പം കേരളത്തിന്റെയും വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പോരായ്മ, ഒരു വീട് പണിയുമ്പോൾ അതിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതുപോലെ കൃത്യമായ കണക്കുകൂട്ടലുകളോടെയല്ല പലപ്പോഴും വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് എന്നതാണ്. അതിലാണ് ഏറ്റവും വലിയ അപകടവും.
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും കൃത്യമായ ഡാറ്റാ ശേഖരണം നടത്തും. ഓരോ പഞ്ചായത്തിന്റെയും നഗരസഭയുടെയും പ്രാദേശിക പ്രത്യേകതകളും സാധ്യതകളും മനസ്സിലാക്കിയ ശേഷമായിരിക്കും വികസന പദ്ധതികൾ തയ്യാറാക്കുക. ഈ വിവരങ്ങളെല്ലാം ക്രോഡീകരിച്ച് പൂഞ്ഞാർ നിയോജകമണ്ഡലത്തിനാകെ ഒരു സമഗ്ര വികസന പദ്ധതി തയ്യാറാക്കും.
അതിൽ ഏറ്റവും കൂടുതൽ ഊന്നൽ നൽകുന്നത് ഉൽപാദന മേഖലകൾക്കായിരിക്കും. ഉൽപാദന മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് വികസനം ആസൂത്രണം ചെയ്താൽ അതിന്റെ ഗുണഫലം മറ്റു മേഖലകളിലേക്കും സ്വാഭാവികമായി വ്യാപിപ്പിക്കാൻ കഴിയും. കാർഷിക മേഖല, ടൂറിസം, തീർത്ഥാടന ടൂറിസം, ആയുർവേദ ടൂറിസം തുടങ്ങി നിരവധി സാധ്യതകളെ ഒരുമിച്ച് പ്രയോജനപ്പെടുത്താൻ കഴിയുന്ന പ്രദേശമാണ് ഈരാറ്റുപേട്ട ഉൾപ്പെടുന്ന പൂഞ്ഞാർ. ഈരാറ്റുപേട്ട വലിയൊരു വാണിജ്യകേന്ദ്രം കൂടിയാണ്. ഈ വാണിജ്യസാധ്യതയെ ഫലപ്രദമായി പ്രയോജനപ്പെടുത്തണം. കാർഷിക ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള പ്രാദേശിക ഉൽപന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താനും അവയുടെ പ്രമോഷൻ ശക്തമാക്കാനും സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനും പദ്ധതികളുണ്ടാകും. അതോടൊപ്പം ടൂറിസത്തിനും പ്രത്യേക പ്രാധാന്യം നൽകും. എരുമേലി ഉൾപ്പെടുന്ന പൂഞ്ഞാർ മേഖല ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വലിയ പ്രാധാന്യമുള്ള പ്രദേശമാണ്. ശബരിമലയെയും എരുമേലിയെയും കൂട്ടിയിണക്കി ഇന്ത്യയിലെ തന്നെ മികച്ച തീർത്ഥാടന ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഈ മേഖലയെ ഉയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്കും ഇപ്പോൾ തുടക്കം കുറിച്ചിട്ടുണ്ട്. വികസനത്തിന്റെ വിവിധ സാധ്യതകളെ ഏകോപിപ്പിച്ചുകൊണ്ട് പൂഞ്ഞാറിനെ അടുത്ത തലമുറയ്ക്ക് അനുയോജ്യമായ ഒരു മാതൃകാ നിയോജകമണ്ഡലമാക്കി മാറ്റുകയാണ് ലക്ഷ്യം.
താങ്കൾ ഒരു ഗ്രീൻ കാർഡ് ഹോൾഡറായ എം.എൽ.എ. ആണെന്ന് കേട്ടിട്ടുണ്ട്. അതിന്റെ പശ്ചാത്തലം എന്താണ്?
അത് അമേരിക്കയിലെ ഒരു പെർമനന്റ് റെസിഡൻസി മാത്രമാണ്. എന്റെ എല്ലാ സഹോദരന്മാരും അമേരിക്കയിലാണ്. അതിലൊരാൾ എന്നെ സ്പോൺസർ ചെയ്തതിലൂടെയാണ് എനിക്ക് ഗ്രീൻ കാർഡ് ലഭിച്ചത്. അതിൽ പ്രത്യേകിച്ച് എടുത്തുപറയത്തക്ക പ്രാധാന്യമൊന്നുമില്ല. ഗ്രീൻ കാർഡ് എന്നത് അമേരിക്കയിലെ നിയമപരമായ സ്ഥിരതാമസ പദവിയാണ്; അത് അമേരിക്കൻ പൗരത്വത്തിന് തുല്യമല്ല.
എന്റെ പ്രവർത്തനമേഖലയിൽ അതിന് പ്രത്യേക സ്വാധീനമൊന്നുമില്ല. എന്റെ പ്രവർത്തനത്തിന്റെ 95 ശതമാനവും നാട്ടിൽ തന്നെയാണ്. ജനങ്ങളോടൊപ്പം ഇവിടെ പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾക്കായി ഇടപെടാനുമാണ് ഞാൻ കൂടുതൽ സമയം ചെലവഴിക്കുന്നത്. അമേരിക്കയിൽ കുടുംബാംഗങ്ങളുള്ളതിന്റെ ഭാഗമായി ലഭിച്ച ഒരു റെസിഡൻസി എന്നതിലപ്പുറം, അതിനെ ഞാൻ വലിയൊരു വിഷയമായി കാണുന്നില്ല.
പുതിയ തലമുറയുടെ വരവോടെ കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് പ്രസക്തി കുറഞ്ഞുവെന്ന് താങ്കൾ കരുതുന്നുണ്ടോ?
കഴിഞ്ഞ കാലഘട്ടങ്ങളിലൊക്കെ കോൺഗ്രസിൽ ഗ്രൂപ്പുകൾ ഉണ്ടായിരുന്നുവെന്നത് ശരിയാണ്. എന്നാൽ ഇപ്പോൾ വന്നിരിക്കുന്നത് പുതിയൊരു തലമുറയാണ്. ആ തലമുറയ്ക്ക് ഇത്തരം ഗ്രൂപ്പ് രാഷ്ട്രീയങ്ങളോട് ഒട്ടും താല്പര്യമില്ല. അവർ കൂടുതൽ പ്രാധാന്യം നൽകുന്നത് വികസനത്തിനും പ്രവർത്തനക്ഷമതയ്ക്കുമാണ് ഒരു വ്യക്തി മന്ത്രിയാണോ അല്ലയോ എന്നതല്ല പ്രധാനം; കഴിവുള്ള ഒരാൾക്ക് ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പദ്ധതികൾ കൊണ്ടുവരാൻ കഴിയുന്നുണ്ടെങ്കിൽ, ആ പദ്ധതികൾ കേരളത്തിന് മാത്രമല്ല, ഒരു നിയോജകമണ്ഡലത്തിനും ഒരുപക്ഷേ ലോകത്തിനുതന്നെയും മാതൃകയാകാം. എം.എൽ.എ. എന്ന നിലയിൽ ആ രീതിയിൽ ചിന്തിക്കുന്ന ഒരാളാണ് ഞാൻ. വികസനത്തിന് മുൻതൂക്കം നൽകിക്കൊണ്ട് മുന്നോട്ടുപോകുക എന്നതാണ് എന്റെ ലക്ഷ്യം.

ഒരിക്കൽപോലും മന്ത്രിയായിട്ടില്ലാത്ത വി.ഡി. സതീശനാണ് ഇപ്പോൾ മുഖ്യമന്ത്രിയായിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും ഈ കാഴ്ചപ്പാടിനെയും എങ്ങനെ വിലയിരുത്തുന്നു?
അതിന് ഒരു ഉദാഹരണം പറയാം. അമേരിക്കയിലെ ഇലോൺ മസ്കിനെ നോക്കൂ. അദ്ദേഹം ഒരു സർവകലാശാലയിൽ നിന്ന് വലിയ അക്കാദമിക് ബിരുദങ്ങളോ ഡോക്ടറേറ്റോ നേടിയ വ്യക്തിയാണെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ ഇന്ന് ലോകത്തിലെ ഏറ്റവും ശ്രദ്ധേയരായ ശാസ്ത്രചിന്തകരിലും സംരംഭകരിലും ഒരാളായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്. ന്യൂറാലിങ്ക് പോലുള്ള പദ്ധതികൾ, ബഹിരാകാശ ഗവേഷണ രംഗത്തെ സ്വകാര്യ സംരംഭങ്ങൾ, ടെസ്‌ല ഉൾപ്പെടെയുള്ള സാങ്കേതിക സംരംഭങ്ങൾ-ഇതെല്ലാം അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെയും കഴിവിന്റെയും ഉദാഹരണങ്ങളാണ്.
അതുകൊണ്ട് ഒരാൾ എത്ര വലിയ അക്കാദമിക് യോഗ്യത നേടിയിട്ടുണ്ട് എന്നതുമാത്രമല്ല പ്രധാനം. അയാളുടെ വിഷൻ എന്താണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതുതന്നെയാണ് വി.ഡി. സതീശന്റെ കാര്യത്തിലും ഞാൻ കാണുന്നത്. അദ്ദേഹം മന്ത്രിയായിരുന്നോ, അല്ലെങ്കിൽ എത്രകാലം എം.എൽ.എ. ആയിരുന്നു എന്നതല്ല പ്രധാനപ്പെട്ട കാര്യം. അദ്ദേഹത്തിന് വളരെ വ്യക്തമായ ഒരു കാഴ്ചപ്പാടും അതിനനുസരിച്ചുള്ള പദ്ധതികളും ഉണ്ട്. ഒരു വിഷയം അവതരിപ്പിച്ചാൽ അതിന്റെ കാതൽ പെട്ടെന്ന് മനസ്സിലാക്കാനും കാര്യങ്ങളെ വ്യക്തമായി ഗ്രഹിക്കാനും അദ്ദേഹത്തിന് കഴിയുന്നു. ഒരു നേതാവിന് ഏറ്റവും ആവശ്യമായ കഴിവുകളിലൊന്നാണിത്.
അമേരിക്കയുമായി അടുത്ത ബന്ധമുള്ള ഒരു വ്യക്തിയെന്ന നിലയിലും കേരളത്തിന്റെ ജനപ്രതിനിധിയെന്ന നിലയിലും അമേരിക്കൻ മലയാളികളോട് താങ്കൾക്ക് പറയാനുള്ള സന്ദേശം എന്താണ്?
അമേരിക്കയിലേക്ക് പോകുന്ന മലയാളികളിൽ ഭൂരിഭാഗവും പിന്നീട് അവിടെത്തന്നെ സ്ഥിരതാമസമാക്കുകയാണ് പതിവ്. കുടുംബവും ജോലിയും ജീവിതസാഹചര്യങ്ങളുമെല്ലാം അവിടെ കെട്ടിപ്പടുത്തുകഴിഞ്ഞാൽ, എല്ലാം ഉപേക്ഷിച്ച് പൂർണമായി നാട്ടിലേക്ക് തിരിച്ചുവരിക എന്നത് പലർക്കും പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ, നാട്ടിലേക്ക് തിരിച്ചുവരാൻ കഴിയുന്നില്ലെങ്കിൽ പോലും നാടുമായുള്ള ബന്ധം നഷ്ട്ടപ്പെടുത്തേണ്ടതില്ല എന്നാണ് എനിക്ക് അമേരിക്കൻ മലയാളികളോട് പറയാനുള്ളത്.
അതിനുള്ള ഏറ്റവും നല്ലൊരു മാർഗം ഇന്ത്യയിൽ ബിസിനസ് ചെയ്യുക എന്നതാണ്. നിങ്ങൾ അമേരിക്കയിൽ നേടിയ അറിവും അനുഭവവും സമ്പത്തും ഇന്ത്യയുടെ വികസനത്തിനായി കൂടി ഉപയോഗിക്കാം. അത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്നതിനൊപ്പം, അമേരിക്കൻ മലയാളികൾക്ക് സ്വന്തം നാടുമായുള്ള ബന്ധം നിലനിർത്താനും അവസരമൊരുക്കും. അമേരിക്കയിൽ ജീവിക്കുമ്പോഴും ഇന്ത്യയുടെ വളർച്ചയിൽ ഒരു പങ്കാളിയാകുക. ബിസിനസിലോ വ്യവസായത്തിലോ സാങ്കേതികവിദ്യയിലോ മറ്റേതെങ്കിലും മേഖലകളിലോ നിക്ഷേപിക്കാൻ കഴിയുമെങ്കിൽ അത് ചെയ്യണം. നിങ്ങൾക്ക് നാട്ടിലേക്ക് പൂർണമായി തിരിച്ചുവരാൻ കഴിഞ്ഞില്ലെങ്കിലും, നിങ്ങളുടെ അറിവും കഴിവും നിക്ഷേപവും നാട്ടിൽ ഒരു മാറ്റത്തിന്റെ ഭാഗമാകട്ടെ. അതാണ് അമേരിക്കൻ മലയാളികളോട് എനിക്ക് പറയാനുള്ള പ്രധാന സന്ദേശം.


