PRAVASI

പീരുമേട്ടിലെ സീതയെ കൊന്നത് കാട്ടാനയല്ല; ഭര്‍ത്താവിനെ പൊക്കി പോലീസ്

Blog Image

ഇടുക്കി പീരുമേട്ടില്‍ മീന്‍മുട്ടി വനത്തില്‍ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തില്‍ അല്ലെന്ന് സ്ഥിരീകരണം. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് നിര്‍ണായക കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്. ക്രൂരമായ മര്‍ദനമേറ്റതിനാലാണ് സീത മരിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തലയ്ക്കും നെഞ്ചിനും മര്‍ദനമേറ്റിട്ടുണ്ട്. തലയുടെ വലതു ഭാഗം നിരവധി തവണ മരത്തില്‍ ഇടിപ്പിച്ചു. കൂടാതെ പാറക്കെട്ടില്‍ നിന്ന് താഴേക്ക് തള്ളിയിട്ടിട്ടുണ്ട്.

സീതയുടെ 13 വാരിയെല്ലുകള്‍ ഓടിഞ്ഞിട്ടുണ്ട്. ഇടതുവശത്തെ ഏഴ് വരിയെല്ലുകള്‍ ഒടിഞ്ഞു. അതില്‍ രണ്ടെണ്ണം ശ്വാസകോശത്തില്‍ കുത്തിക്കയറി. വലത് വശത്തെ ആറ് വരിയെല്ലുകള്‍ ഒടിഞ്ഞു. ഒരെണ്ണം ശ്വാസകോശത്തില്‍ കുത്തിക്കയറിയ നിലയിലാണ്. മുഖത്തും മര്‍ദനമേറ്റ പാടുകളുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ ബിനുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

വനവിഭവം ശേഖരിക്കുന്നതിനായാണ് സീതയും ഭര്‍ത്താവ് ബിനുവും രണ്ട് മക്കളും കാട്ടിലേക്ക് പോയത്. ഉച്ചയ്ക്കു രണ്ടു മണിയോടെ കാട്ടുപൊന്തയുടെ മറവില്‍ നിന്നിരുന്ന ആനയുടെ മുന്നില്‍ പെടുകയായിരുന്നെന്നു എന്നാണ് ബിനു മൊഴി നല്‍കിയത്. സീതയെ ആന തുമ്പക്കൈയില്‍ കോരി എറിഞ്ഞതായും ബിനു പറഞ്ഞിരുന്നു. ഇയാള്‍ ഫോണ്‍ വിളിച്ച് പറഞ്ഞത് അനുസരിച്ചാണ് ഫോറസ്റ്റും പോലീസും സ്ഥലത്ത് എത്തി സീതയെ ആശുപത്രിയിലേക്ക് മാറ്റിയത്.

ബിനുവിന്റെ മൊഴിയില്‍ പോലീസിനും ഫോറസ്റ്റിനും ചില സംശയങ്ങളുണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളെ പോലീസ് നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഫോറസ്റ്റിലെ താല്‍ക്കാലിക ഫയര്‍ വാച്ചറാണ് ബിനു. ആനയുടെ സാന്നിധ്യം കൃത്യമായി മനസിലാക്കാന്‍ ബിനുവിന് കഴിയും. അതുകൊണ്ട് തന്നെ അബദ്ധത്തില്‍ പെട്ടുപോയി എന്നതില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും സംശയമുണ്ടായിരുന്നു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.