പ്രശസ്തരായ സംഗീത സംവിധായാകർ സ്വന്തം ശബ്ദത്തിൽ പാടിയിട്ടുള്ള നിരവധി സിനിമ /നാടക ഗാനങ്ങൾ ഇന്നും മലയാളികൾ ഏറ്റുപാടാറുണ്ട്. ലക്ഷണമൊത്ത ആദ്യത്തെ മലയാള സിനിമ എന്നറിയപ്പെടുന്ന1954-ൽ പുറത്തിറങ്ങിയ നീലക്കുയിലിലെ പാട്ടുകൾ മലയാളികൾ ഇന്നും നെഞ്ചോട് ചേർത്തുപിടിക്കുന്നു. മലയാളിത്തം തുളുമ്പുന്ന "കായലരികത്ത് വലയെറിഞ്ഞപ്പോൾ" എന്ന് തുടങ്ങുന്ന ഗാനം പാടിയത്, ആ സിനിമയിലെ പാട്ടുകൾക്ക് ഈണം നൽകിയ രാഘവൻ മാസ്റ്റർ തന്നെയാണ്.
കലാലയ ജീവിതകാലത്ത്, അടുത്ത സുഹൃത്തായ ഓ എൻ വി കുറുപ്പ് രചിച്ച ഒരു കവിതക്ക്, തന്റെ ഹാർമോണിയത്തിലെ കട്ടകളിൽ വിരലുകൾ ഓടിച്ചുകൊണ്ട് ദേവരാജൻ എന്ന ചെറുപ്പക്കാരൻ സ്വന്തം ശബ്ദത്തിൽ പാടിയ പാട്ടാണ് നമ്മുടെ നാട് കണ്ടിട്ടുള്ള വിപ്ലവ ഗാനങ്ങളിൽ ഏറ്റവും അതുല്യമായ"പൊന്നരിവാൾ അമ്പിളിയില് കണ്ണെറിയുന്നോളെ". പിന്നീട്, ദേവരാജൻ മലയാള സിനിമാ സംഗീതലോകത്തെ ചക്രവർത്തിയായി മാറി. ദക്ഷിണാമൂർത്തി സ്വാമിയും സ്വന്തം ശബ്ദത്തിൽ പാടിയ ഗാനങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. മലയാള ചലച്ചിത്ര ലോകത്തെ ഹുന്ദുസ്ഥാനി സംഗീതത്തിന്റെ അധിപൻ എന്ന വിശേഷണത്തിന് അർഹനായ ഒരേയൊരു സംഗീതജ്ഞനേ ഉണ്ടായിട്ടുള്ളൂ. M S ബാബുരാജ് എന്ന ബാബുക്കയാണ് ആ സംഗീതജ്ഞൻ. ബാബുക്കായും ഏതാനം സിനിമാഗാനങ്ങൾ സ്വന്തം ശബ്ദത്തിൽ പാടിയിട്ടുണ്ട്. 1965 -ൽ റിലീസ് ചെയ്ത കുപ്പിവള എന്ന സിനിമയിൽ ബാബുരാജ് പാടി അനശ്വരമാക്കിയ "പേരാറ്റിൻ കരയിൽ വെച്ച് " എന്ന ഗാനം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നവ തരംഗമായി മാറുന്നു. ബാബുക്കയുടെ പാട്ടുകൾ നിരവധി വേദികളിൽ പാടി ഏറെ കൈയ്യടികൾ ഏറ്റുവാങ്ങിയിട്ടുള്ള ആദം അലോഷിയാണ് ഈ പാട്ട് പാടിയിട്ടുള്ളത്. "പേരക്ക" എന്ന പേരിൽ ഇറക്കിയ ഈ റീമിക്സ് സോങ് അലോഷിയുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ നമ്മളും ആ പാട്ടിൽ ലയിച്ചു ചേരും....


ചാണ്ടി കറുകപ്പറമ്പിൽ

