പാലക്കാട്: തൃത്താല പരതൂർ ഹയർസെക്കൻഡറി സ്കൂളിലെ വെടിവെപ്പ് കേസിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ഡിസംബർ അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റി. വെടിയേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ശരീരത്തിൽ തറച്ച വെടിയുണ്ട സ്വകാര്യ ആശുപത്രിയിൽ നിന്ന് തൃത്താല പോലീസ് ഇന്ന് (നവംബർ 26) ശേഖരിക്കും. പരിക്കേറ്റ കുട്ടി ഒരു ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും.
കേസിൽ അനധികൃതമായി തോക്ക് കൈവശം വെച്ചതിന് കുട്ടിയുടെ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ കൈവശമുണ്ടായിരുന്നത് ലൈസൻസില്ലാത്ത, പ്രവർത്തനക്ഷമമായ 0.22 നാടൻ റിവോൾവറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഉത്തരേന്ത്യയിൽ നിർമ്മിച്ച തോക്കാണെന്നും ഇതിലുണ്ടായിരുന്ന ബുള്ളറ്റുകൾ പഞ്ചാബിൽ നിർമ്മിച്ചതാണെന്നും പോലീസ് വ്യക്തമാക്കി.കുട്ടിയുടെ മുത്തശ്ശന്റേതായിരുന്ന തോക്ക് വീട്ടിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. തോക്ക് എങ്ങനെയാണ് കുട്ടിയുടെ കൈവശമെത്തിയതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. സംഭവത്തിൽ പരതൂർ ഹയർസെക്കൻഡറി സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയുണ്ടാകും.

