PRAVASI

ഓര്‍മ്മയില്‍ എന്‍റെ ഗ്രാമം ( കവിത )

Blog Image

മനസ്സിനെന്നും കുളിര്‍കാറ്റായ് തഴുകുന്ന
നനുത്ത ഓര്‍മ്മകളിലെന്‍റെ ഗ്രാമം
പച്ചപുതപ്പിട്ടു മൂടി തളിര്‍ത്തും
തരളിതമാക്കിയും ഒരിക്കലെന്നെ
ഒക്കത്തുവച്ചു നടന്നയെന്‍ കൊച്ചുഗ്രാമം
കൈപ്പുഴയാണെന്‍റെ പുണ്യഗ്രാമം

കുഞ്ഞിക്കാലുകളോടിയ മുറ്റത്തു ഞാന്‍ നട്ട
നാലുമണിച്ചെടികളില്‍ നിറഞ്ഞ പൂക്കളും
കുറുമൊഴിമുല്ലപ്പൂക്കളും ഞാന്‍ ചവിട്ടിയ
ഇലഞ്ഞിപ്പൂക്കളും മുത്തമിട്ട റോസാപ്പൂക്കളും
ചാവടിത്തിണ്ണയിലെ ചാരുകസേരയില്‍
എന്നുമെന്‍റെ മുത്തച്ഛന്‍റെ ഗന്ധം
മണലുനിറഞ്ഞ മുറ്റത്തെ മഴവെള്ളക്കെട്ടില്‍
തുള്ളിക്കളിച്ചെന്‍റെ കടലാസുതോണികള്‍.
അരിമണികളില്‍ എന്‍റെ വിരലുകളെഴുതിയതും
ശ്രീധര്‍മ്മ ശാസ്ത്രക്ഷേത്രത്തില്‍ മുഴങ്ങിയതും ഹരിശ്രീ
അമ്പലക്കുളത്തില്‍ കുളിച്ചീറനായ് കയറിയ
വെടിപ്പുള്ള മനസ്സുകളില്‍ നിറയുന്നു ഭക്തി
പടിഞ്ഞാറന്‍ പാടങ്ങളില്‍ പച്ചപ്പിന്‍ ഭംഗി
ആ പുഞ്ചപ്പാടങ്ങളില്‍ അച്ഛന്‍റെ കൈപിടിച്ചു
വരമ്പത്തെ ചെളിയിലകപ്പെടാതെയെന്നെ
ഏറുമാടത്തിന്‍റെ തണലത്തിരുത്തിയ കരുതലും
ഇന്നും മുഴങ്ങുന്നുവോയെന്‍ കാതുകളില്‍
തെറതിയുടെ ഞാറ്റുപാട്ടിന്‍റെ താളം.

തോര്‍ത്തുകൊണ്ട് മറച്ച മാറില്‍
തുളുമ്പിയ സ്നേഹത്തിന്‍ സംഗീതം
ചീരന്‍പുലയന്‍റെ കട്ടന്‍കാപ്പിയും
ചായക്കടയുടെ നന്മയുള്ള ബോണ്ടയും
ഏറുമാടത്തിന്‍റെ ശാന്തിയും സ്നേഹവും
കുഞ്ഞുമനസ്സിനുണര്‍വായ്, വെളിച്ചമായ്

ഓടിനടക്കുന്നു ഓര്‍മ്മകള്‍ ദൂരത്ത്
ഓടിക്കയറുന്നു നൂറുപടവുകള്‍
ഉച്ചവെയിലിലും ഉച്ചിയില്‍ പ്രൗഢമായ്
ഉയര്‍ന്നു നില്‍ക്കുന്നു സെന്‍റ് ജോര്‍ജ് ദേവാലയം
സന്തോഷ നൊമ്പര നിശ്വാസങ്ങളുമായ്
കയറിയിറങ്ങിയ ദേവാലയാങ്കണങ്ങള്‍
സിമിത്തേരിപ്പൂക്കളുറങ്ങുന്ന കല്ലറകള്‍
കയറ്റുപായ പോറിയ കണങ്കാലുകള്‍
രക്തംവാര്‍ന്ന ഹൃദയമോഹങ്ങള്‍

ഓടിനടന്ന പള്ളിക്കൂടങ്ങള്‍
ക്ലാസ്സുമുറികളില്‍ എന്നെ 
ഞാനാക്കിയ അദ്ധ്യാപകശ്രേഷ്ഠര്‍
നൂറിന്‍റെ നിറവില്‍ ശാന്ത ഗംഭീരനായ്
എന്‍റെ പ്രിയവിദ്യാലയം
അതുതാനല്ലോ സെന്‍റ് ജോര്‍ജ് ഹൈസ്കൂള്‍
ഓര്‍മ്മകളുടെ പൂക്കാലങ്ങളിലെന്നും
എന്‍റെ പള്ളിക്കൂടമുറ്റത്തെ വാകപ്പൂക്കള്‍ മാത്രം
കന്യാസ്ത്രീമഠങ്ങളിലെ ചാപ്പലുകളില്‍
ഓടിക്കയറി സ്വകാര്യം പറയാനെന്നും
കാത്തിരുന്നയെന്‍റെ കാവല്‍ മാലാഖമാര്‍

പള്ളിത്താഴെക്കവലയില്‍ കേട്ടുവോ
ആരവങ്ങള്‍, പെരുന്നാളിന്‍ ചെണ്ടമേളങ്ങള്‍
കാളച്ചന്തയില്‍ കാളക്കൂറ്റന്മാരുടെ അമറലുകള്‍
വിലപേശി വില്‍ക്കപ്പെടുന്ന കാളജീവിതങ്ങള്‍
കൈപ്പുഴക്കടവിലും വില്‍ക്കപ്പെടുന്ന മത്സ്യങ്ങള്‍
വള്ളങ്ങളില്‍ കൂമ്പാരക്കൂട്ടങ്ങളായ് പിടയ്ക്കുന്ന മത്തികള്‍
തോണികളെ തള്ളിമാറ്റുന്ന ആഫ്രിക്കന്‍ പായലുകള്‍

എല്ലാവര്‍ഷവും എന്‍റെ ഗ്രാമത്തിലെത്തുന്ന
ചിങ്ങപ്പുലരികളില്‍ തുടുക്കുന്ന തുമ്പയും
തുളസിയും കോളാമ്പിപ്പൂക്കളും
തിരുവാതിര കളികളില്‍ ചിണുങ്ങുന്ന
പാദസരക്കിലുക്കങ്ങള്‍
ഓണപ്പുടവയുടുത്തോടി നടന്ന ബാല്യം
പകിടകളി പന്തുകളി തൂശനിലകളില്‍
പപ്പടം പഴം പായസം എത്ര മധുരം

അതിര്‍ത്തി കെട്ടാത്ത സ്വപ്നങ്ങളുമായി നടന്ന
തൊണ്ടുകള്‍, ഇടവഴികള്‍
പടിഞ്ഞാട്ട് ശാസ്താങ്കല്‍, കിഴക്കോട്ട് മണ്ണാറുകുന്ന്
കൈപ്പുഴക്കവലയും ആശുപത്രിക്കവലയും പള്ളിത്താഴെയും
തേനാകരക്കുന്ന് കയറിവന്നാല്‍ 
തിരുഹൃദയം വാഴും കുരിശുപള്ളിയും
ആ തിരുഹൃദയത്തണലില്‍ നിന്നു ഞാന്‍
കണ്ണെത്താദൂരെനിന്നും വരുന്ന വണ്ടികളെ
എനിക്കു വീണ്ടും മടങ്ങിവരാനായി
ഇനിയും പുലരികളുമായി എന്നെ കാത്തുനില്‍ക്കും
എന്‍റെ അമ്മ തന്നെയീ കൊച്ചുഗ്രാമം
കൈപ്പുഴയെന്ന പുണ്യഗ്രാമം.


ലൂസി കണിയാലി, ചിക്കാഗോ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.