ചിര വൈരികളായി ഇടത് – വലത് മുന്നണികള്‍ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണച്ചൂടിലേക്ക് കടന്നിട്ടും മുന്‍ എംഎല്‍എ പി വി അന്‍വറും ബിജെപിയും അരങ്ങിലെത്താതെ വട്ടം ചുറ്റുകയാണ്. സിപിഎം മലപ്പുറം ജില്ലയെ തീവ്രവാദികളുടെ താവളമാക്കി അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസും, ക്ഷേമ പെന്‍ഷന്‍ കൈക്കുലിയാണെന്ന കെസി വേണുഗോപാലിന്റെ പ്രസ്താവനയെ ആയുധമാക്കി സിപിഎമ്മും തിരഞ്ഞെടുപ്പ് അജണ്ടകള്‍ സെറ്റാക്കി കഴിഞ്ഞു. ദേശീയപാത തകര്‍ച്ച തിരഞ്ഞെടുപ്പ് വിഷയമാകാതിരിക്കാന്‍ ബിജെപിയും സിപിഎമ്മും പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ യുഡിഎഫ് എന്‍എച്ച് നിര്‍മ്മാണത്തിലെ അപാകതയും അഴിമതിയും ചര്‍ച്ചയാക്കാനുള്ള ഒരുക്കത്തിലാണ്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ഈ ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ പറ്റിയ ഒരു വിഷയവും ബിജെപി ഇതുവരെ മുന്നോട്ട് വെച്ചിട്ടില്ല. ക്രിസ്ത്യന്‍ സമുദായ അംഗമായ മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കി അവതരിപ്പിച്ചെങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രൈസ്തവ വേട്ട കോണ്‍ഗ്രസും സിപിഎമ്മും പ്രചരണായുധമാക്കിയിട്ടുണ്ട്. ക്രിസ്ത്യന്‍ കുടിയേറ്റ മേഖലകളില്‍ ഈ വിഷയം പരമാവധി കത്തിക്കാനാണ് ശ്രമം.
ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയാക്കി തിരഞ്ഞെടുപ്പ് കാലത്ത് ഒരുമിച്ച് വിതരണം ചെയ്യുന്നത് ഒരുതരം കൈക്കൂലിയാണെന്ന കെസി വേണുഗോപാല്‍ എംപിയുടെ പ്രസ്താവനയാണ് സിപിഎമ്മും സ്ഥാനാര്‍ത്ഥി സ്വരാജും ഉപയോഗിക്കുന്നത്. സിപിഎമ്മും മുഖ്യമന്ത്രിയും പിന്നെ സംഘപരിവാറും ഒരുമിച്ച് ചേര്‍ന്ന് മലപ്പുറം ജില്ലയെ അപഹസിക്കയാണ്. മലപ്പുറത്തെ ജനങ്ങള്‍ തീവ്രവാദവും സ്വര്‍ണക്കടത്തും നടത്തുന്നവരാണെന്ന് മുഖ്യമന്ത്രിയുടെ പിആര്‍ ടീം തന്നെ ഡല്‍ഹിയിലും മറ്റും പ്രചരിപ്പിക്കയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിക്കുന്നു. ജനങ്ങളെ വര്‍ഗീയമായി ചേരി തിരിക്കാന്‍ സതീശന്‍ ശ്രമിക്കയാന്നെന്ന് സിപിഎം പിബി അംഗം എ വിജയരാഘവന്‍ തിരിച്ചടിക്കുന്നു.
ഇങ്ങനെ കൊണ്ടും കൊടുത്തും ഇരുമുന്നണികളും തിരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കുമ്പോള്‍ മുന്‍ എംഎല്‍എ അന്‍വര്‍ ചാനലുകളുടെ മുമ്പില്‍ മാത്രം പ്രത്യക്ഷപ്പെട്ട് പരിഭവങ്ങളും അടിസ്ഥാനമില്ലാത്ത കുറെ ആരോപണങ്ങളും പറഞ്ഞ് തടി തപ്പുകയാണ്. കാര്യമായ തിരഞ്ഞെടുപ്പ് പ്രചരണങ്ങളൊന്നും തന്നെ അന്‍വര്‍ നടത്തുന്നില്ല. ബക്രീദ് കഴിഞ്ഞ് സജീവമാകുമെന്നാണ് അന്‍വര്‍ ഇപ്പോള്‍ പറയുന്നത്. നാളെ മാറ്റിപ്പറയുമോ എന്ന് അണികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരു ഉറപ്പുവുമില്ല. അന്‍വര്‍ പത്രിക തന്നെ പിന്‍വലിക്കുമോ എന്ന ചര്‍ച്ചയും നിലമ്പൂരില്‍ സജീവമാണ്. നാലാള്‍ കൂടുന്നിടത്തെ പ്രധാന ചര്‍ച്ചാ വിഷയവും ഇതാണ്. ഇക്കാര്യത്തില്‍ പന്തയം വെച്ചിരിക്കുന്നവരുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
യുഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും സംസ്ഥാന നേതാക്കള്‍ മണ്ഡലത്തിലാകെ നിറഞ്ഞു നില്‍ക്കുമ്പോഴും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയുടെ അറിയപ്പെടുന്ന നേതാക്കളുടെ പൊടിപോലും ഇവിടെ കാണാനില്ലെന്നാണ് വോട്ടറന്‍മാര്‍ പറയുന്നത്. സുരേഷ് ഗോപി എത്തുന്നതോടെ കളം മാറുമെന്നാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിവാദ രാഷ്ട്രീയ വിഷയങ്ങള്‍ പറയാതെ തന്ത്രപരമായി പ്രാദേശിക വികസന പ്രശ്‌നങ്ങളില്‍ ഊന്നിയാണ് പ്രസംഗവും പ്രചരണവും നടത്തുന്നത്.

