PRAVASI

നവീൻ ബാബുവിന്റെ മരണം സിബിഐയ്ക്ക്; കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച് പുതിയ സർക്കാർ, മകൾക്ക് ആശ്രിത നിയമനം

Blog Image

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കും. ഇതുസംബന്ധിച്ച ഫയലിൽ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നവീൻ ബാബുവിന്റെ മകൾക്ക് യോഗ്യതയ്ക്കനുസരിച്ച് ആശ്രിത നിയമനം നൽകാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. നേരത്തെ കേസ് അന്വേഷിച്ച പ്രത്യേക പോലീസ് സംഘത്തിന്റെ കണ്ടെത്തലുകളിൽ അതൃപ്തി രേഖപ്പെടുത്തി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കേസ് വീണ്ടും കോടതി പരിഗണിക്കാനിരിക്കെയാണ് അന്വേഷണം സിബിഐയ്ക്ക് വിടാനുള്ള സർക്കാരിന്റെ ഔദ്യോഗിക തീരുമാനം പുറത്തുവരുന്നത്. കോടതി നേരത്തെ നാല് പ്രധാന കാര്യങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടിരുന്നു. കേസിലെ ഏക പ്രതിയായ പി.പി. ദിവ്യയുടെ ഔദ്യോഗിക ഫോൺ നമ്പറിലെ മുഴുവൻ കോൾ ഡീറ്റെയിൽസ് റെക്കോർഡുകളും പരിശോധിക്കുക (മുൻപ് സ്വകാര്യ നമ്പറിലെ വിവരങ്ങൾ മാത്രമാണ് പോലീസ് ശേഖരിച്ചിരുന്നത്). പ്രശാന്തൻ ഗോൾഡ് ലോൺ എടുത്താണ് നവീൻ ബാബുവിന് കൈക്കൂലി നൽകിയതെന്ന വാദത്തിൽ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുക.

പ്രശാന്തൻ നവീൻ ബാബുവിന്റെ ക്വാർട്ടേഴ്‌സിൽ എത്തി എന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ വിശദമായ അന്വേഷണം നടത്തുക. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തണമെന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. 2024 ഒക്ടോബർ 15-നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ എത്തുകയും പരസ്യമായി വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്താണ് നവീൻ ബാബു ജീവനൊടുക്കിയത് എന്നാണ് കേസ്.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.