PRAVASI

നവനീത് ഉണ്ണികൃഷ്ണൻ: രാഗങ്ങളുടെ കളിത്തോഴൻ, അമേരിക്കൻ മലയാളികളുടെ അഭിമാനം

Blog Image

കുഞ്ഞരി പല്ല് കാട്ടി, നിഷ്കളങ്കമായ പുഞ്ചിരിയോടെ ഓടിച്ചാടി നടന്ന ഒരു കൊച്ചു മിടുക്കന്റെ ഹരിശ്രീ നുണഞ്ഞ നാവിൽ നിന്നും ദേവരാജൻ മാസ്റ്ററുടെയും ദക്ഷിണാമൂർത്തി സ്വാമികളുടെയും മധുരമൂറുന്ന ഗാനങ്ങൾ ഒഴുകിയെത്തിയ അത്യപൂർവ്വമായ ഒരു സംഭവത്തെക്കുറിച്ച് പറയട്ടെ. കണ്ണൂർ സ്വദേശിയും അമേരിക്കൻ മലയാളിയുമായ നവനീത് ഉണ്ണികൃഷ്ണനാണ് ജനമനസ്സുകളെ അമ്പരപ്പിച്ച ആ കുഞ്ഞു ഗായകൻ. സംഗീതാസ്വാദകരായ അച്ഛനമ്മമാർ കാതോർക്കുന്ന പാട്ടിന്റെ വരികൾ കുഞ്ഞു നവനീത് മനപ്പാഠമാക്കി തുടങ്ങിയത് അവന്റെ മൂന്നാം വയസ്സിൽ. മകന്റെ സംഗീതാഭിരുചി തിരിച്ചറിഞ്ഞ മാതാപിതാക്കൾ അവന് സംഗീത പഠനം നൽകിയതിനു പിന്നാലെ അവൻ പാടുന്ന അനശ്വര ഗാനങ്ങൾ കാതോർക്കാൻ ലോകം തന്നെ ഇരമ്പിച്ചെത്തി. ഇന്ന് സംഗീത വേദികളിലെ നിറസാന്നിധ്യമാണ് നവനീത് ഉണ്ണികൃഷ്ണൻ. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ പ്രിയപ്പെട്ട പാട്ടുകാരൻ!

എൻജിനീയറായ ഉണ്ണികൃഷ്ണന്റെയും ശിശുരോഗ വിദഗ്ധയായ ഡോ. പ്രിയയുടെയും  മകനാണ് നവനീത് ഉണ്ണികൃഷ്ണൻ. ജോലിത്തിരക്കുകൾ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തി കുഞ്ഞിനോടൊപ്പം സമയം ചിലവഴിക്കുമ്പോഴെല്ലാം മലയാളത്തിലെ അനശ്വര ഗാനങ്ങൾക്ക് കാതോർക്കുന്ന മാതാപിതാക്കൾ മകനും അത് ആസ്വദിക്കുന്നുണ്ടെന്ന് തുടക്കത്തിൽ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് കളിപ്പാട്ടങ്ങൾക്ക് നടുവിലിരുന്ന് മനപ്പാഠമാക്കിയ വരികൾ പാടി തുടങ്ങിയ കുഞ്ഞു നവനീതിന്റെ കഴിവിൽ ആ  മാതാപിതാക്കൾ ആശ്ചര്യപ്പെട്ടുപോയി. രണ്ടു വയസ്സിൽ അവൻ പാടിയ പാട്ടിന്റെ വീഡിയോ ഇന്നും  സമൂഹമാധ്യമങ്ങളിൽ നിറഞ്ഞൊഴുകുന്നുണ്ട്. മകന്റെ സംഗീത താൽപര്യം ഗൗരവമായി ഉൾക്കൊണ്ടുകൊണ്ട് അവന് സംഗീതത്തിൽ ശിക്ഷണം നൽകുവാൻ ആ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. അങ്ങനെ നാലാം വയസ്സിൽ ശാസ്ത്രീയ സംഗീത പഠനം തുടങ്ങി.

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോ. കെ.സി.ശർമയായിരുന്നു ഗുരു. അദ്ദേഹത്തിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. കർണാടക സംഗീതത്തിൽ ട്രിവാൻഡ്രം കൃഷ്ണകുമാർ ആണ് ഗുരു. പത്താം ക്ലാസ് മുതൽ പണ്ഡിറ്റ് രമേശ് നാരായണന്റെ കീഴിൽ പഠിച്ചുവരുന്നു.ഇന്ന് ബിരുദം പൂർത്തിയാക്കി യൗവനത്തിലേക്ക് കടന്ന നവനീത് ഒട്ടനേകം വേദികളും സമൂഹമാധ്യമങ്ങളും കീഴടക്കിയ അനേകമായിരങ്ങളുടെ ആരാധനാപാത്രമായ പാട്ടുകാരനാണ്. അതുകൊണ്ടുതന്നെ ഈ അതുല്യപ്രതിഭയാൽ അഭിമാന പുളകിതരാണ് മാതാപിതാക്കളായ ഉണ്ണികൃഷ്ണനും പ്രിയയും.

പാട്ടുകൾ പാടുന്നതിനൊപ്പം തന്നെ രാഗ താളലയങ്ങളുടെ സൂക്ഷ്മഭേദങ്ങൾ വിശകലനം ചെയ്ത് അതിന്റെ വിശദാംശങ്ങൾ ശ്രോതാക്കളോടായി വിശദീകരിക്കുന്ന നവനീതിന്റെ ശൈലിയാണ് മറ്റ് ഗായകരിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത്. ഇത്തരമൊരു ശൈലി രൂപപ്പെടുത്തിയതിന് പിന്നിൽ ഗുരുവിന്റെ സ്വാധീനം തന്നെയാണുള്ളതെന്ന് നവനീത് തന്നെ പറഞ്ഞിരുന്നു. ഒരിക്കൽ "ചക്രവർത്തിനി നിനക്ക് ഞാൻ എന്റെ" എന്ന പാട്ട് പാടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തപ്പോൾ ഗുരു അതിന്റെ വിശദാംശങ്ങൾ അവന്  പറഞ്ഞു നൽകുകയുണ്ടായി. ഗുരു നൽകിയ ആ വിശദീകരണങ്ങളിൽ നിന്നും പ്രേരണ ഉൾക്കൊണ്ടുകൊണ്ട്, പാട്ടുകളുടെ വരികൾ പഠിക്കുന്നതിനൊപ്പം തന്നെ ഓരോന്നിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും അവൻ മനപ്പാഠമാക്കി തുടങ്ങി. അങ്ങനെ ദേവരാജൻ മാസ്റ്ററുടെ പാട്ടുകൾ പാടി അതിലെ രാഗ താളലയങ്ങൾ സൂക്ഷ്മ വിശകലനം ചെയ്ത വീഡിയോ പങ്കുവെച്ചാണ് സാമൂഹ്യ മാധ്യമങ്ങളിൽ നവനീത് തരംഗം സൃഷ്ടിച്ചത്. പന്ത്രണ്ടാം വയസ്സിൽ അരിസോണയിലെ ഒരു ക്ഷേത്രത്തിലായിരുന്നു ആദ്യ കച്ചേരി. 2022ലെ കേരള ഹിന്ദുസ് നോർത്ത് അമേരിക്ക കൺവെൻഷനായിരുന്നു ആദ്യത്തെ വലിയ വേദിയും.

 ജന്മനാട്ടിലെ വേദികളിലും സംഗീതം കൊണ്ട് നിറഞ്ഞൊഴുകിയ അതുല്യപ്രതിഭയാണ് നവനീത് ഉണ്ണികൃഷ്ണൻ. മൂന്നുവർഷം മുൻപ് അച്ഛന്റെ സ്വദേശമായ വേങ്ങരക്കടുത്തുള്ള പഴയങ്ങാടിയിൽ വെച്ച് നടത്തിയ ആദ്യ പൊതു പരിപാടിയെക്കുറിച്ച് ഇന്നും അഭിമാനത്തോടെ നവനീത് ഓർക്കുന്നു. പിന്നീട് കണ്ണൂർ നഗരത്തിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ പി ജയചന്ദ്രനൊപ്പം തൃശ്ശൂരിൽ ഗാനമേളയ്ക്ക് പങ്കെടുക്കാൻ  നവനീതിന് അവസരം ലഭിക്കുകയുണ്ടായി.

സംഗീത പഠനത്തിനൊപ്പം തന്നെ വിദ്യാഭ്യാസപരമായും നവനീത് കഴിവ് തെളിയിച്ചിട്ടുണ്ട്. ഹയർസെക്കൻഡറി പഠനത്തിനുശേഷം ന്യൂയോർക്ക് സർവകലാശാലയിൽ നിന്നും ഡാറ്റ സയൻസിൽ ബിരുദം നേടിയിട്ടുണ്ട്. സങ്കീർത്തനൊപ്പം തന്നെ ഡാറ്റാ സയൻസ് കരിയറും മുന്നോട്ടു കൊണ്ടുപോകാനാണ് നവനീതിന്റെ തീരുമാനം.

സ്വന്തം കഴിവുകളെ തിരിച്ചറിയാതെ അലസതയോടെ ജീവിതം തള്ളി നീക്കുന്ന ഇന്നത്തെ യുവതലമുറയ്ക്ക് മുന്നിൽ മാതൃകയാവുകയാണ് നവനീത് ഉണ്ണികൃഷ്ണൻ. സംസാരത്തിൽ അമേരിക്കൻ ഇംഗ്ലീഷ് നിറയുമ്പോഴും മലയാളത്തിലെ അനശ്വര ഗാനങ്ങൾ നവനീത് പാടുമ്പോൾ ആ ഒഴുക്കിൽ നമ്മളും അലിഞ്ഞു പോകും. അമേരിക്കൻ മണ്ണിലേക്ക് ചേക്കേറിയെങ്കിലും മലയാളനാടും മലയാളത്തനിമയും മലയാള ഗാനങ്ങളും മനസ്സിൽ സൂക്ഷിക്കുന്ന ഈ അതുല്യപ്രതിഭ  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് അഭിമാന താരം തന്നെ.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.