PRAVASI

സൊയൂസ് എം എസ് 29 ദൗത്യം വിക്ഷേപിച്ചു; മലയാളിക്കും ബഹിരാകാശം അകലെയല്ല! സൊയൂസിൽ പറന്ന് അനിൽ മേനോൻ ചരിത്രം കുറിക്കുന്നു, കേരളത്തിന് അഭിമാനം

Blog Image

വാഷിങ്ടൺ: മലയാളക്കരയ്ക്കും ഇത് അഭിമാന നിമിഷം. സൊയൂസ് എം എസ് 29 ദൗത്യം വിക്ഷേപിച്ചു. പാതി മലയാളിയും നാസയുടെ ബഹിരാകാശ സഞ്ചാരിയായ അനിൽ മേനോനും കൂടി ഭാഗമായ ദൗത്യമാണ് സൊയൂസ്. റോസ്കോസ്മോസിന്റെ പ്യോട്ടർ ഡുബ്രോവും അന്ന കിക്കിനയുമാണ് അനിലിന്റെ സഹയാത്രിക‌ർ. കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപിച്ചത്. രാത്രി 11:26 ഓടെ സൊയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യും. പതിനഞ്ചിന് പുലർച്ചെ ഒന്നരയോടെയാകും മൂന്നംഗ സംഘം നിലയത്തിലേക്ക് പ്രവേശിക്കുക. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് മാസത്തെ ദൗത്യ ശേഷം അടുത്ത വർഷം ഏപ്രിലിൽ ആയിരിക്കും മടക്കം. ബഹിരാകാശ നിലയത്തിലെ എക്സ്പെഡിഷൻ 74ൻ്റെ ഭാഗമാകാനാണ് യാത്ര.അനിലിന്റെ തയ്യാറെടുപ്പുകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. മിനിയപ്പലിസിൽ ജനിച്ച അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദം നേടി. പിന്നീട് മെക്കാനിക്കൽ എ‍ഞ്ചിനിയറിങ്ങിൽ സ്റ്റാൻഫോർഡിൽ നിന്ന് മാസ്റ്റേഴ്സ് കരസ്ഥമാക്കി. അമേരിക്കൻ വ്യോമസേനയിൽ കേണലായും സേവനമനുഷ്ഠിച്ചു. സ്റ്റാൻഫോർഡിൽ നിന്ന് വൈദ്യശാസ്ത്ര പഠനവും ഒപ്പം നാസയിൽ സോഫ്റ്റ് ടിഷ്യു മൊഡലുകളെ പറ്റി ഗവേഷണവും നടത്തി. ആയിരത്തിലേറെ മണിക്കൂർ പറന്ന സെർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ കൂടിയായ അനിൽ മേനോൻ നാസയിൽ ഫ്ലൈറ്റ് സർജനായി. പിന്നെ സ്പേസ് എക്സിൻ്റെ ആദ്യ മനുഷ്യബഹിരാകാശ ദൗത്യങ്ങളിലും ഫ്ലൈറ്റ് സർജനായി. ബഹിരാകാശ വൈദ്യശാസ്ത്രത്തിൽ ഇരുപതിലേറെ പ്രബന്ധങ്ങൾ രചിച്ച പ്രതിഭാശാലി കൂടിയാണ് അനിൽ. നാസയുടെ ഇരുപത്തിമൂന്നാം ആസ്ട്രനോട്ട് ഗ്രൂപ്പിലേക്ക് അനിൽ തെരഞ്ഞെടുക്കപ്പെട്ടത് ഈ അസാധാരണ മികവിന്റെ ബലത്തിലാണ്. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട പഠനം ഇദ്ദേഹം നടത്തും.

അനിലിൻ്റെ ഭാര്യ അന്ന മേനോനും ബഹിരാകാശ സഞ്ചാരിയാണ്. സ്പേസ് എക്സുമായി ചേർന്ന് ഇപ്പോഴത്തെ നാസ അഡ്മിനിസ്ട്രേറ്റർ ജാറെഡ് ഐസക്മാൻ നടത്തിയ ഇൻസ്പിരേഷൻ ഫോർ ദൗത്യത്തിന്റെ ഭാഗമായിരുന്നു അവർ. പിന്നീട് നാസയുടെ ഇരുപത്തിനാലാം ആസ്ട്രനോട്ട് ഗ്രൂപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് മക്കളുണ്ട്. ആർട്ടെമിസിലൂടെ ചാന്ദ്ര ദൗത്യങ്ങൾ സജീവമാകുമ്പോൾ അനിലും അന്നയും ഇനിയും ബഹിരാകാശ യാത്ര നടത്തും. രണ്ടിലൊരാളെങ്കിലും ചന്ദ്രനിലിറങ്ങാനും സാധ്യത ഏറെയാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.