PRAVASI

ഒരാളെ മുഖ്യമന്ത്രിയാക്കാൻ നാടൊന്നാകെ മുറവിളി കൂട്ടി, ഇത് കേരള ചരിത്രത്തിൽ തന്നെ വിരളമായിരിക്കും: മോഹൻലാൽ

Blog Image

കൊച്ചി: ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ നാട് ഒന്നാകെ മുറവിളി കൂട്ടിയ അനുഭവമുണ്ടായെന്നും ഇത് കേരള ചരിത്രത്തില്‍ തന്നെ വിരളമായിരിക്കുമെന്നും മോഹൻലാല്‍. മുഖ്യമന്ത്രി വി ഡി സതീശന് പറവൂര്‍ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധത, സുതാര്യത എന്നിവ മുഖ്യമന്ത്രിയിൽ പ്രകടമാണെന്നും ജീവിതത്തില്‍ മറ്റെന്തൊക്കെ കൈമോശം വന്നാലും ഇവ രണ്ടും കാത്തുസൂക്ഷിക്കാന്‍ ആകട്ടെ എന്ന് ആശംസിക്കുന്നുവെന്നും നടൻ പറഞ്ഞു.'ഞാനടക്കമുള്ള മലയാളികളുടെ പ്രതീക്ഷകളുടെ ഭാരം എത്രയുണ്ടെന്ന് പ്രിയപ്പെട്ട സതീശന്‍ സാറിപ്പോള്‍ അറിയുന്നുണ്ടാകാം. അത്രമാത്രം പ്രതീക്ഷകളോടെയാണ് കേരളം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി അവരോധിച്ചത്. ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ നാട് ഒന്നാകെ മുറവിളി കൂട്ടിയ അനുഭവമുണ്ടായി. ഇത് കേരള ചരിത്രത്തില്‍ തന്നെ വിരളമായിരിക്കും. പറവൂരിന് മാത്രമല്ല കേരളത്തിനാകെ ഈയൊരാളിനെ വേണം എന്നുതോന്നാന്‍ കാരണമെന്താണെന്ന് ആ ദിവസങ്ങളിലെല്ലാം ഞാന്‍ ആലോചിച്ചു. സത്യസന്ധത, സുതാര്യത, സതീശന്‍ സാറിന് ഇതുരണ്ടും പ്രകടമാണ്. ജീവിതത്തില്‍ മറ്റെന്തൊക്കെ കൈമോശം വന്നാലും ഇവ രണ്ടും കാത്തുസൂക്ഷിക്കാന്‍ ആകട്ടെ എന്ന് ആശംസിക്കുന്നു.

അദ്ദേഹത്തിന്റെ സ്വപ്നങ്ങളിലൂടെ കേരളം മഴവില്‍ ഭംഗിയോടെ വളരുമെന്ന് പ്രത്യാശിക്കുന്നു. അത്തരമൊരു നാടിനെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ. ആളെ കൊല്ലുന്ന റോഡുകളില്‍ നിന്നും, നാടിനെ നശിപ്പിക്കുന്ന മാലിന്യങ്ങളില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ നമുക്ക് സാധിക്കണം. നര്‍കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ് എന്ന് എന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്. കേരളത്തില്‍ ഇപ്പോള്‍ മയക്കുമരുന്ന് ഒഴുകുകയാണ്. ഉരുക്കുമുഷ്ടിയും ദൃഢനിശ്ചയവും കൊണ്ട് സര്‍ക്കാര്‍ മുന്നില്‍ നിന്നാല്‍ മയക്കുമരുന്നിനെ തുടച്ചുനീക്കാനാകും. അതിനുള്ള കരുത്ത് ഈ സര്‍ക്കാരിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. വി ഡി സതീശന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തപ്പോള്‍ ആധുനിക സിംഗപ്പൂരിന്റെ സ്രഷ്ടാവായ ലീ കുവാന്‍ യൂവിനെ ഓര്‍മ്മ വന്നു. അദ്ദേഹം മരിച്ചിട്ട് 11 വര്‍ഷമായി. ഒരു ഭരണാധികാരി ജനമനസുകളുടെ ഭാഗമാകുന്നത് സിംഗപ്പൂരിൽ പോകുമ്പോഴൊക്കെ ഞാനറിയും. ഒരാള്‍ക്ക് മറ്റൊരാളാകാനാകില്ലെന്ന് എനിക്കറിയാം. നമ്മുടെ മുഖ്യമന്ത്രിക്ക് ലീ കുവാന്‍ യൂവിനെപ്പോലെ സ്വപ്‌നം കാണാനും കഠിനാധ്വാനത്തിലൂടെ പുതിയൊരു കേരളം സൃഷ്ടിക്കാനുമാവട്ടെ. അതിന് എല്ലാ പിന്തുണയുമായി ഞങ്ങളുണ്ട്'

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.