തിരുവനന്തപുരത്ത് ഇ.ഡി സംഘത്തിനുനേരെ നടന്ന സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റും നിലപാട് കടുപ്പിക്കുന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിൽ എത്തി മകൾ വീണ വിജയനെ ചോദ്യം ചെയ്യാനും രേഖകൾ പിടിച്ചെടുക്കാനും എത്തിയ ഇ.ഡി സംഘത്തിൻ്റെ കാറുകളാണ് അന്വേഷണ സംഘം മടങ്ങുന്ന സമയത്ത് സി.പി.എം പ്രവർത്തകർ അടിച്ചുതകർത്തത്. ഇ.ഡി ഉദ്യോഗസ്ഥരടക്കം നിരവധി പേർക്ക് ഈ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചിരിക്കുകയാണ്. അടിച്ച് തകർക്കപ്പെട്ട വാഹനങ്ങൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ് നിലവിലുള്ളത്.
പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർക്കും വാഹനത്തിനും നേരെ നടന്ന ആക്രമണങ്ങൾ ആസൂത്രിതമായിരുന്നു എന്നാണ് കേന്ദ്ര ഇൻ്റലിജൻസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇ.ഡി ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം നടന്നപ്പോൾ സി.പി.എം നേതാക്കൾ തടയാൻ ശ്രമിച്ചില്ലെന്നും, പൊലീസിൻ്റെ ഭാഗത്ത് നിന്നും ഒരു സംരക്ഷണവും ഇഡി ഉദ്യോഗസ്ഥർക്ക് കിട്ടിയില്ലന്നുമാണ് ഐബി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
സംസ്ഥാനത്ത് ഭരണമാറ്റം സംഭവിച്ചെങ്കിലും, പിണറായി സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥർ തന്നെ ഇപ്പോഴും ക്രമസമാധാന ചുമതലയിൽ തുടരുന്നതാണ് ഇതിന് കാരണമായി കേന്ദ്ര ഏജൻസി വിലയിരുത്തുന്നത്. ഈ റിപ്പോർട്ട് ഗൗരവമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോക്കി കാണുന്നത്. നിഷ്‌ക്രിയരായ ഉദ്യോഗസ്ഥർക്ക് എതിരെ കേന്ദ്രം തന്നെ നടപടി ആവശ്യപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. കേന്ദ്ര ധനകാര്യ മന്ത്രിയും ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണത്തിൻ്റെ വിശദാംശം ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.
ഈ കേസിൻ്റെ തുടർ നടപടികൾ ഇനി കേരളത്തിൽ നടത്തുന്നത് ശരിയാവില്ലന്ന നിലപാടിലാണ് ഇ.ഡി ഡയറക്ടറേറ്റ് ഉറച്ചു നിൽക്കുന്നത്. ഉടൻ തന്നെ ഡൽഹി യൂണിറ്റിലേക്ക് കേസന്വേഷണം മാറ്റുമെന്ന വിവരവും ഇപ്പോൾ പുറത്തു വരുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ തുടർ ചോദ്യംചെയ്യൽ ഉൾപ്പെടെ ഇനി നടക്കുക ഡൽഹി ഇ.ഡി ഓഫീസിൽ വെച്ചായിരിക്കും.
കേരളത്തിൽ ഇ.ഡി ഉദ്ദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ കേസ് ഡൽഹിയിലേക്ക് മാറ്റിയാൽ, അത് കോടതിയിൽ ചോദ്യം ചെയ്താൽ പോലും അനുകൂല വിധി ഉണ്ടാകാനുള്ള സാധ്യത വിദൂരമാണെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.
ഇഷ്ടികയും കട്ടകളും ഉപയോഗിച്ച് എറിഞ്ഞും കൈകൊണ്ട് ഇടിച്ചുമാണ് സി.പി.എം പ്രവർത്തകർ ഇ.ഡിയുടെ രണ്ട് വാഹനങ്ങൾ തകർത്തിരിക്കുന്നത്. ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൂക്കിവിളിക്കുകയും ചെയ്ത പ്രവർത്തകർ, വീടിന്റെ കോമ്പൗണ്ടിലേക്ക് കുപ്പികളും ചെരുപ്പുകളും വലിച്ചെറിയുകയും ചെയ്തു. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഇഡി സംഘം പത്ത് മിനിറ്റിലധികമാണ് പ്രകോപിതരായ ഈ ജനക്കൂട്ടത്തിനിടയിൽ കുടുങ്ങിക്കിടന്നത്. പോലീസിന് പ്രവർത്തകരെ നിയന്ത്രിക്കാനോ വാഹനങ്ങൾക്ക് വഴിയൊരുക്കാനോ സാധിച്ചിട്ടില്ലെന്നതും പകൽപോലെ വ്യക്തമാണ്. ഉദ്യോഗസ്ഥർ അക്രമിക്കപ്പെട്ടതിലും വാഹനങ്ങൾ തകർക്കപ്പെട്ടതിലും ഇ.ഡി തമ്പാനൂർ പോലീസിൽ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇ.ഡിയുടെ മിന്നൽ നീക്കത്തിന് നിർണായകമായത് ഹൈക്കോടതി ഉത്തരവ്
മാസപ്പടി കേസിൽ, ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ നിന്ന് ലഭിച്ച അപ്രതീക്ഷിത പിടിവള്ളിയിൽ നിർണായകമായ നിയമകടമ്പ മറികടന്നതോടെ ഇ.ഡി നടത്തിയത് തന്ത്രപരമായ നീക്കമാണ്. ഇന്നലെ രാവിലെ 10.20ഓടെ ഇ.ഡി അന്വേഷണത്തിനെതിരെയുള്ള ഹർജി തള്ളിക്കൊണ്ടുള്ള വിധി ജസ്റ്റിസ് ടി.ആര്‍.രവി പുറപ്പെടുവിച്ചിരുന്നു. തൊട്ടുപിന്നാലെ, മേൽക്കോടതിയെ സമീപിക്കാൻ രണ്ടാഴ്ച സമയം അനുവദിക്കണമെന്ന് ഹർജിക്കാര്‍ അഭ്യർത്ഥിച്ചെങ്കിലും, ഈ ആവശ്യത്തെ ഇ.ഡി ശക്തമായി എതിർക്കുകയായിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹർജിക്കാർക്ക് ഡിവിഷൻ ബെഞ്ചിനെ സമീപിക്കണമെങ്കിൽ തന്നെ രണ്ടു ദിവസത്തെ അവധിക്ക് ശേഷം വെള്ളിയാഴ്ച മാത്രമേ സാധിക്കൂ. ആ അവസരം ഇ.ഡി വിനിയോഗിക്കുകയും ചെയ്തു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി റെയ്‍ഡ് നടത്തുന്ന കാര്യം നിയമവൃത്തങ്ങളിൽ പോലും പലരും അറിഞ്ഞത് ഏറെ വൈകിയാണ്. ഇന്നലെ കോടതി വിധി എതിരായെങ്കിലും ഇന്ന് റെയ്ഡ് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഹർജിക്കാരോട് അടുത്ത വൃത്തങ്ങൾ പോലും പറയുന്നത്.
എന്നാൽ മിന്നൽ നീക്കം നടത്താൻ ആവശ്യമായ കാര്യങ്ങൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിലുണ്ടായിരുന്നു. ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് വിധി വന്നതിനു ശേഷം 2024 ഏപ്രിലിലാണ് ഇ.ഡി ഇതുമായി ബന്ധപ്പെട്ട് ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്. അന്നു മുതൽ സിംഗിൾ ബെഞ്ച് മുമ്പാകെ ഈ ഹർജിയുണ്ട്. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ), അതിന്റെ എംഡി എസ്.എൻ.ശശിധരൻ കർത്ത, സീനിയർ മാനേജർ എൻ.സി.ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചൽ കുരുവിള, ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ്.സുരേഷ് കുമാർ എന്നിവരായിരുന്നു ഹർജിക്കാർ. ഇ.ഡി നടത്തുന്ന അന്വേഷണവും സമൻസ് അയയ്ക്കുന്നതും സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ഹൈക്കോടതി മുമ്പാകെ പല തവണ വിഷയമെത്തി. ഇതിനിടെ, ഉദ്യോഗസ്ഥർ ഇ.ഡി മുമ്പാകെ ഹാജരാവുകയും രേഖകൾ ഹാജരാക്കുകയും ചെയ്തു. 24 മണിക്കൂറിലധികം തങ്ങളെ ചോദ്യം ചെയ്തെന്ന് ഇവർ കോടതിയെ അറിയിക്കുകയും ചോദ്യം ചെയ്യലിന്റെ സിസി ടിവി ദൃശ്യങ്ങളും ഫോൺ രേഖകളും സംരക്ഷിക്കണമെന്ന് കോടതി നിർദേശിക്കലും ഇതിനിടെ ഉണ്ടായി. ശശിധരൻ കർത്തയെ ഇ.ഡി വീട്ടിലെത്തിയും ചോദ്യം ചെയ്തിരുന്നു. അതിനൊടുവിലാണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വാദം പൂർത്തിയാക്കി കോടതി കേസ് വിധി പറയാനായി മാറ്റിയത്.
ഇ.ഡിക്ക് കേസുമായി മുന്നോട്ടു പോകാൻ ആവശ്യമായ കാര്യങ്ങളൊക്കെ ഇന്നലത്തെ വിധിയിൽ ഉണ്ടെന്നാണ് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സെക്ഷൻ 50 പ്രകാരം ഇ.ഡി നൽകിയ സമൻസിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. എന്നാൽ സമൻസ് ഘട്ടത്തിൽ കേവലം സത്യം ബോധിപ്പിക്കാനോ രേഖകൾ ഹാജരാക്കാനോ മാത്രമാണ് ആവശ്യപ്പെടുന്നത് എന്നതിനാൽ, ഈ ഘട്ടത്തിൽ ഹർജിക്കാർക്ക് യാതൊരുവിധ അവകാശലംഘനവും ഉണ്ടാകുന്നില്ലെന്നും അതിനാൽ ഹർജി നിലനിൽക്കുന്നതല്ല എന്നുമാണ് കോടതി വ്യക്തമാക്കിയത്. ഷെഡ്യൂൾഡ് കുറ്റകൃത്യത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള നടപടികൾക്ക് ഇ.ഡിക്ക് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരുടെ മറ്റൊരു വാദം. എന്നാൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണങ്ങൾക്കും വസ്തുവകകൾ താൽക്കാലികമായി കണ്ടുകെട്ടുന്നതുപോലുള്ള സിവിൽ നടപടികൾ ആരംഭിക്കുന്നതിനും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നത് ഒരു മുൻവ്യവസ്ഥയല്ലെന്ന് സുപ്രീം കോടതി വിധി മുൻനിർത്തി ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിൽ നിന്ന് ഹർജിക്കാർക്ക് ലഭിച്ച പ്രോസിക്യൂഷൻ ഇളവ് ആദായനികുതി നിയമപ്രകാരമുള്ള നടപടികൾക്ക് മാത്രമുള്ളതാണെന്ന് കോടതി വ്യക്തമാക്കിയതാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള നടപടികളിൽ നിന്നും ഈ ഇളവ് വഴി ഹർജിക്കാർക്ക് പരിരക്ഷ അവകാശപ്പെടാൻ കഴിയില്ലെന്നും കോടതി പറയുന്നു. എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ടതായിരുന്നു സിംഗിൾ ബെഞ്ചിന്റെ മറ്റൊരു നിരീക്ഷണം. എസ്എഫ്ഐഒ കമ്പനികാര്യ മന്ത്രാലയത്തിന് അന്തിമ റിപ്പോർട്ട് നൽകിയ ശേഷമേ ഇ.ഡിക്ക് നടപടിയെടുക്കാൻ സാധിക്കൂ എന്ന ഹർജിക്കാരുടെ വാദം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ, കമ്പനി നിയമത്തിലെ സെക്ഷൻ 447 പ്രകാരമുള്ള ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് എസ്എഫ്ഐഒ ഹർജിക്കാർക്കെതിരെ കോടതിയിൽ പരാതി നൽകിയിരുന്നു. ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഷെഡ്യൂൾഡ് കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നതിനാൽ, തങ്ങൾക്കെതിരെ ഷെഡ്യൂൾഡ് കുറ്റകൃത്യമില്ലെന്ന ഹർജിക്കാരുടെ വാദം നിലനിൽക്കില്ലെന്നാണ് കോടതി വിലയിരുത്തിയത്. ചുരുക്കത്തിൽ, കേവലം അന്വേഷണത്തിന്റെ ഭാഗമായി സമൻസ് അയച്ചതിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഹർജി തള്ളിയത്. ഇതോടെയാണ് മിന്നൽ വേഗത്തിൽ ഇ.ഡി പ്രവർത്തിച്ചത്. കേരളത്തിലെ വിവിധ ഇടങ്ങൾക്ക് പുറമെ ബെംഗളുരുവിലും ഒരേ സമയം നടത്തിയ റെയ്ഡാണ് മുൻ മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ ഇ.ഡി ഉദ്യോഗസ്ഥർ തന്നെ ആക്രമിക്കപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ഇപ്പോൾ എത്തിച്ചിരിക്കുന്നത്.

