PRAVASI

സി വി ആനന്ദബോസ് ബംഗാൾ ഗവർണർ സ്ഥാനം രാജി വെച്ചു:രാജി ഞെട്ടിച്ചെന്ന് മമത ബാനർജി

Blog Image

പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് വ്യാഴാഴ്ച തന്റെ പദവി രാജിവെച്ചു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ നിർണ്ണായക നീക്കം. അദ്ദേഹത്തിന്റെ രാജിക്കു പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ജഗ്ദീപ് ധൻകറിന് ശേഷം 2022-ൽ പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റ ആനന്ദ ബോസ്, മൂന്ന് വർഷത്തിലേറെ ആ പദവിയിൽ സേവനമനുഷ്ഠിച്ച ശേഷമാണ് തന്റെ രാജിക്കത്ത് ഡൽഹിയിലേക്ക് അയച്ചത്.2027 നവംബർ വരെ കാലാവധിയുണ്ടായിരുന്ന ആനന്ദ ബോസ്, തന്റെ ഔദ്യോഗിക കാലാവധി അവസാനിക്കാൻ 20 മാസം ബാക്കിനിൽക്കെയാണ് പദവി ഒഴിഞ്ഞത്. ഗവർണറുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) രാജിവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹം രാജിവെച്ചതെന്ന് ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

സിവി ആനന്ദ ബോസിന്റെ പെട്ടെന്നുള്ള രാജിയിൽ താൻ ഞെട്ടലിലും ആശങ്കയിലുമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ചില രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അദ്ദേഹത്തിന് മേൽ സമ്മർദ്ദമുണ്ടായിട്ടുണ്ടാകാമെന്ന് എക്സിൽ പങ്കുവച്ച പോസ്റ്റിൽ മമത സൂചിപ്പിച്ചു.
ആനന്ദ ബോസിന്റെ രാജിക്കു പിന്നിലെ യഥാർത്ഥ കാരണങ്ങൾ ഇപ്പോൾ തനിക്ക് അറിയില്ലെന്നും എന്നാൽ നിലവിലെ സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രിയിൽ നിന്നുള്ള സമ്മർദ്ദത്തിന് ഗവർണർ വഴങ്ങിയിട്ടുണ്ടാകാമെന്ന് താൻ സംശയിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.നിലവിലുള്ള കീഴ്വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് തന്നോട് ആലോചിക്കാതെ ആർ.എൻ. രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നടപടിയെയും മമത ബാനർജി രൂക്ഷമായി വിമർശിച്ചു. ഇത്തരം പ്രവൃത്തികൾ ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയെ തകർക്കുന്നതും ഫെഡറൽ സംവിധാനത്തിന്റെ അടിത്തറയ്ക്ക് നേരെയുള്ള കടന്നുകയറ്റവുമാണെന്ന് അവർ പറഞ്ഞു. കേന്ദ്രസർക്കാർ സഹകരണ ഫെഡറലിസം എന്ന തത്വത്തെ ബഹുമാനിക്കണമെന്നും, ജനാധിപത്യ മര്യാദകളെയും സംസ്ഥാനങ്ങളുടെ അന്തസ്സിനെയും തകർക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളിൽ നിന്ന് പിന്തിരിയണമെന്നും മമത ആവശ്യപ്പെട്ടു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.