തിരുവനന്തപുരം നഗരത്തിൻ്റെ ഹൃദയഭാഗത്ത് അനന്തപത്മനാഭൻ (മഹാവിഷ്ണു) ശയിക്കുന്ന പത്മനാഭ സ്വാമി ക്ഷേത്രം മുതൽ സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രവും ബലികർമ്മങ്ങൾക്ക് പ്രശസ്തിയാർജ്ജിച്ച വർക്കലയിലെ പാപനാശം കടൽത്തീരവും തിരുവല്ലത്തെ പരശുരാമ ക്ഷേത്രവും വർക്കലയിലെ തന്നെ രണ്ടായിരം വർഷം പഴക്കമുള്ള ജനാർദ്ദന ക്ഷേത്രവും ശിവഗിരി തീർത്ഥാടന കേന്ദ്രവും മതസൗഹാർദപ്രശസ്തിയും അഭിമാനവും വിളിച്ചോതുന്ന വെട്ടുകാട് പള്ളിയും ബീമാപളിയും ഇന്നിപ്പോൾ പ്രശസ്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്ന ആഴിമല ശിവക്ഷേത്രവും ഏറ്റവും ഉയരം കൂടിയ ശിവലിംഗ പ്രതിമ സ്ഥിതി ചെയ്യുന്ന നെയ്യാറ്റിൻകര താലൂക്കിലെ ചെങ്കൽ ശിവക്ഷേത്രവും ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശവും തീർത്ഥാടന കേന്ദ്രവുമായ അഗസ്ത്യാർകൂടവുമെല്ലാം അനന്തപുരിയുടെ ഭക്തിയുടെ പ്രതീകങ്ങായ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളാണ്,
%20(1).jpeg)
കേരളത്തിനെ മുഴുവനായി വിലയ്ക്കെടുക്കുന്നയത്രയും നിധി ശേഖരമുണ്ടെന്ന് ഈയടുത്ത കാലത്ത് കണ്ടെത്തിയ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദിവസവും ആയിരക്കണക്കിന് തദ്ദേശവാസികളും ടൂറിസ്റ്റുകളുമാണ് ദർശനം നടത്തുന്നത്, ഇനിയും തുറക്കാത്ത B നിലവറയിലെ നിധിശേഖരത്തിൻ്റെ പെരുമയെക്കുറിച്ചുള്ള നിരവധി കഥകളാണ് പ്രചരിക്കുന്നത്. ക്ഷേത്രത്തിനോട് ചേർന്നുള്ള നിറയെ മീനുകളുള്ള പത്മതീർത്ഥകുളവും ഏറെ ആകർഷണീയമാണ്, പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും ശംഖുമുഖം വരെ എത്തിച്ചേരുന്ന രൂപത്തിൽ ഭൂമിക്കടിയിലൂടെ തുരങ്കമുണ്ടെന്നും ഇതിലൂടെയാണ് പണ്ട് രാജാക്കന്മാർ യുദ്ധ സമയത്ത് സഞ്ചരിച്ചതെന്നും ഐതിഹൃ കഥകൾ കേൾക്കുന്നുണ്ടെങ്കിലും ഇതിലെത്രെത്തോളം വാസ്തവമുണ്ടെന്ന് പറയാൻ ഇന്നും ചരിത്രകാരന്മാർക്ക് പോലും കഴിഞ്ഞിട്ടില്ല, ക്ഷേത്രത്തിനോട് ചേർന്നുള്ള കൊട്ടാരത്തിലെ ഗോപുരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന "മേത്തൻ മണിയും" (ഓരോ മണിക്കൂർ ഇടവിട്ടും സമയമറിയിച്ചു കൊണ്ട് 2 ആടുകളുടെ പ്രതിമ ഒരാളിൻ്റെ മുഖത്ത് കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കുന്ന ഘടികാരം) ഏറെ പ്രശസ്തമാണ്, മുമ്പ് ക്ഷേത്രത്തിലെ എല്ലാ ഗോപുരങ്ങളിലും കയറാമായിരുന്നെങ്കിലും നിധിശേഖരത്തിൻ്റെ കണ്ടെത്തലോടെ സുരക്ഷാ സംവിധാനത്തിനു വേണ്ടി മുഴുവൻ ഗോപുരങ്ങളിലും കയറുന്നതിന് കടിഞ്ഞാൺ വീണിരിക്കുന്നു. പത്മനാഭ സ്വാമിക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിനും പുകൾപെറ്റ പ്രശസ്തിയാണ്.
%20(1).jpeg)
ലക്ഷക്കണക്കിന് സ്ത്രീ ജനങ്ങൾ മാത്രം പങ്കെടുത്തുകൊണ്ട് അമ്പലത്തിൻ്റെ ചുറ്റുമായി നഗരത്തിൻ്റെ 7km ചുറ്റളവിൽ നടത്തുന്ന ആറ്റുകാൽ പൊങ്കാല ലോകപ്രശസ്തമാണ്, ഈ പെരുമ കേട്ടറിഞ്ഞ് വിദേശികൾ പോലും ദേവിയ്ക്ക് പൊങ്കാലയർപ്പിക്കാൻ എത്തുന്നു. ആറ്റുകാൽ പൊങ്കാല ഏറ്റവുമധികം സ്ത്രീ ജനങ്ങൾ എത്തിച്ചേരുന്ന ഉത്സവമെന്ന നിലയിൽ വേൾഡ് റിക്കാർഡ് ബുക്കിലും സ്ഥാനം നേടിയിട്ടുണ്ട്.
പിത്യക്കൾക്ക് മോഷം പ്രാപിക്കാനായി ബലിദാന കർമ്മങ്ങൾക്ക് എത്തുന്ന തിരുവനന്തപുരത്തെ പ്രശസ്തമായ 2 ബലിതർപ്പണ കേന്ദ്രങ്ങളാണ് വർക്കലയിലെ പാപനാശകടൽത്തീരവും തിരുവല്ലത്തെ പരശുരാമ ക്ഷേത്രവും. അത്രത്തോളം അല്ലെങ്കിൽ അതിനെക്കാളുമേറെ പ്രശസ്തമാണ് വർക്കലയിലെ ശിവഗിരി തീർത്ഥാടനം, ഓണനാളുകളിലെ ചതയ ദിനത്തിൽ ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്, പഴക്കം കൊണ്ട് വർക്കലയിലെ ജനാർദ്ദനക്ഷേത്രവും തലയുയർത്തി നില്ക്കുന്നു. വർക്കലയിലെ ശാർക്കര ദേവി ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവും ജനസാഗരങ്ങൾ ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ്.
നഗരത്തിലെ തന്നെ ഏറെ പ്രശസ്തിയാർജ്ജിച്ച 2 പ്രധാന മത സൗഹാർദ്ദ ഭക്തി തീർത്ഥാടന കേന്ദ്രമായി മാറിയസ്ഥലങ്ങളാണ് കടൽത്തീരത്തിനോട് ചേർന്ന് കിടക്കുന്ന മുസ്ളീം പള്ളിയായ ബീമാപളളിയും ക്രിസ്ത്യൻ ആരാധനാലയമായ വെട്ടുകാട് സ്ഥിതി ചെയ്യുന്ന വെട്ടുകാട് പള്ളിയും, ബീമാപള്ളി ഉറൂസിനും വെട്ടുകാട് പള്ളിയിൽ ഉത്സവത്തിന് കൊടിയേറുമ്പോഴും പ്രാദേശിക അവധി ഗവൺമെൻ്റ് പ്രഖ്യാപിക്കാറുണ്ട്. അതു പോലെ അനന്തപുരിയുടെ മതസൗഹാർദത്തിന് പേരും പെരുമയും വിളിച്ചോതുന്ന മകുട ഗോപുരങ്ങളാണ് പാളയം പളളിയെന്ന ക്രിസ്ത്യൻപള്ളിയും മോസ്ക്കും വിനായക ക്ഷേത്രവും.
ജനുവരി മുതൽ മാർച്ച് വരെ നീളുന്ന അഗസ്ത്യർ മലയിലേക്കുള്ള തീർത്ഥാടനവും പ്രശസ്തമാണ്, ഇവിടെയും വിവിധ ജില്ലകളിൽ നിന്നും സ്റ്റേറ്റുകളിൽ നിന്നും വിദേശങ്ങളിൽ നിന്നുമായി നിരവധി പേരാണ് സീസൺ സമയത്ത് എത്തുന്നത്, സഞ്ചാരികളുടെ തിരക്കു നിയന്ത്രിക്കാൻ പാസ് മുഖേന ക്രമീകരണമേർപ്പെടുത്തിയിരിക്കുന്നു, നിരവധി ഓർക്കിഡുകളുടെയും പച്ചമരുന്നുകളുടെയും വന്യമൃഗങ്ങളുടെയും ആവാസകേന്ദ്രമാണ് അഗസ്ത്യാർകൂടം, സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1868 മീറ്റർ ഉയരത്തിലാണ് അഗസ്ത്യമുനി തപസ്സിരുന്നു എന്ന് വിശ്വസിക്കുന്ന ഈ പർവ്വത ഭീമാകാരനുള്ളത് ഉള്ളതെങ്കിലും നിഗൂഢത നിറഞ്ഞ വന്യത ഒളിപ്പിച്ചു വച്ച കാടിൻ്റെ സൗന്ദര്യവും മലമുകളിൽ നിന്നു മുത്ഭവിക്കുന്ന നിരവധി നീർച്ചാലുകളും വെള്ളച്ചാട്ടങ്ങളുമെല്ലാം ട്രക്കിങിനും ഭക്തിക്കും ഒരു പോലെ പേരു കേട്ട ഇവിടെ എത്തുന്നസഞ്ചാരികളുടെ മനം കവരുന്നു. കരമനയാറിൻ്റെയും നെയ്യാറിൻ്റെയും ഒക്കെ പ്രഭവ കേന്ദ്രമായ ഈ മല തീർത്ഥാടനത്തിനും ട്രക്കിങിനുമായി നിരവധി പേരെ ആകർഷിക്കുന്നുണ്ടെങ്കിലും മഴക്കാലത്തെ അട്ട ശല്യം പറഞ്ഞറിയിക്കാൻ കഴിയാത്തത്രയും രൂക്ഷമാണ്, കരമനയാറും നെയ്യാറും അട്ടയാറും അതിരുമലയും പൊങ്കാല പ്പാറയുമെല്ലാം മറികടന്ന് നിമിഷം പ്രതി കാലാവസ്ഥാ വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുന്ന, ആന ചവിട്ടിയൊടിച്ച ഈറക്കാടിനു നടുവിലെ കോടമത്തിലൂടെ നടന്ന്, പാറകളിലെ വടങ്ങളിൽ തൂങ്ങി ഒടുവിൽ മുകളിലെത്തുമ്പോൾ സഞ്ചാരികൾക്ക് ലഭിക്കുന്നത് കാഴ്ച്ചകളുടെ വിസ്മയം തീർക്കുന്ന ഒരു പറുദീസയും ജീവിതത്തിലന്നോളമനുഭവിച്ചിട്ടില്ലാത്ത വ്യത്യസ്തമായൊരനുഭൂതിയുമാണ്.
കൊല്ലംങ്കോട് ദേവീക്ഷേത്രത്തിലെ തൂക്ക മഹോത്സവവും മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവവും ഭക്തരുടെ തിരക്കിനാൽ പ്രശസ്തമാണ്, സൈന്യത്തിൻ്റെ അധീനതയിലുള്ള പഴവങ്ങാടിയിലെ ഗണപതി ക്ഷേത്രവും ഭക്തരുടെ ഇഷ്ട അമ്പലമാണ്. പൂജപ്പുരയിലെ നവരാത്രി ഉത്സവവും ഇപ്പോൾ ഏറെ ശ്രദ്ധയാകർഷിച്ചുവരുന്നു, ശ്രീനാരായണ ഗുരുദേവൻ വിഗ്രഹ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറവും ശ്രീനാരായണിയ ഭക്തരുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണ്. ഈയടുത്ത കാലത്തായി നിർമ്മാണം പൂർത്തിയായതും പ്രശസ്തിയാർജ്ജിച്ചതുമായ 2 ഭക്തി കേന്ദ്രങ്ങളാണ് കോവളത്തിനടുത്ത് ആഴിമലയിലുള്ള കലാകാരൻ്റെ കരവിരുതിനാൽ മനോഹരമായ ശിവൻ്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന ആഴിമല ശിവക്ഷേത്രവും നെയ്യാറ്റിൻകര ചെങ്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ ശിവലിംഗ വിഗ്രഹമുള്ള ശിവക്ഷേത്രവും, മാർത്താണ്ഡവർമ്മ മഹാരാജാവ് ശത്രുക്കളായ എട്ടു വീട്ടിൽപ്പിള്ളമാരിൽ നിന്നും രക്ഷപ്പെടാൻ ഒളിച്ചിരുന്ന ഉള്ള് പൊള്ളയായ അമ്മച്ചി പ്ലാവ് സ്ഥിതി ചെയ്യുന്നത് നെയ്യാറ്റിൻകരയിലുള്ള ശ്രീക്യഷ്ണ ക്ഷേത്രത്തിലാണ്,
വിനോദ സഞ്ചാരത്തിനൊപ്പം തിരുവനന്തപുരം ഭക്തി തീർത്മാടനത്തിലും ജനങ്ങളെ ആകർഷിക്കുന്നുവെന്ന കാര്യത്തിൽ സംശയം വേണ്ട.ഇവയ്ക്കെല്ലാമുപരി അനന്തപുരിയെ 'സുന്ദരമാക്കുന്ന ഒട്ടനവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ നിരവധിയാണ്, ആ കഥകളുമായി ഞാൻ വീണ്ടും വരുന്നതായിരിക്കും
.jpeg)
അഡ്വ.ഷിബു മണല

