PRAVASI

ശബരിമലയിലെ നെയ്യ് വിതരണത്തിൽ വൻ തട്ടിപ്പ്! മിൽമ നെയ്യ് മറിച്ചുവിറ്റ് തമിഴ്‌നാട് നെയ്യ് എത്തിച്ചു; അന്വേഷണം പ്രഖ്യാപിച്ചു

Blog Image

ശബരിമലയിലേക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയ മിൽമ നെയ്യ് മറിച്ചുവിറ്റ് പകരം തമിഴ്‌നാട്ടിലെ വിലകുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ നെയ്യ് എത്തിച്ചെന്ന പരാതിയിൽ മിൽമ അന്വേഷണം പ്രഖ്യാപിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചേർന്ന മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗമാണ് സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചത്. തട്ടിപ്പിൽ സംസ്ഥാന വിജിലൻസും അന്വേഷണം ആരംഭിച്ചതായാണ് വിവരം.

വിപണിയിൽ ലിറ്ററിന് 720 രൂപ വിലയുള്ള മിൽമ നെയ്യ്, ലിറ്ററിന് 540 രൂപ നിരക്കിൽ 1,70,000 ലിറ്റർ ശബരിമലയിലും പമ്പയിലും ലഭ്യമാക്കാനായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡും മിൽമയും തമ്മിൽ കരാറുണ്ടായിരുന്നത്. മിൽമ ഡയറിയിൽ നിന്ന് ലോഡുകളായി കൊണ്ടുപോയ നെയ്യ് വഴിമധ്യേ മറ്റ് വിപണികളിൽ മറിച്ചുവിറ്റ ശേഷം, തമിഴ്‌നാട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിക്കുകയായിരുന്നു എന്നാണ് പ്രധാന ആക്ഷേപം. ഏകദേശം എഴുപതിനായിരത്തോളം ലിറ്റർ നെയ്യ് ഇത്തരത്തിൽ മറിച്ചുവിറ്റതായി കണക്കാക്കുന്നു. അഴിമതി സുഗമമാക്കാൻ വേണ്ടി ഇ-ടെൻഡർ സംവിധാനം ഒഴിവാക്കി സാധാരണ ടെൻഡറിലൂടെ ക്രമക്കേട് നടത്തിയെന്നും ആരോപണമുണ്ട്.

മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ചെയർപേഴ്‌സൺ മണി വിശ്വനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനപ്രകാരം മൂന്ന് ഭരണസമിതി അംഗങ്ങളും രണ്ട് ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന അഞ്ചംഗ സമിതിയാണ് കേസ് അന്വേഷിക്കുന്നത്. മൂന്ന് ആഴ്ചയ്ക്കുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കണം. ടി.കെ. പ്രഫുല്ലചന്ദ്രൻ (ആലപ്പുഴ ബോർഡ് അംഗം), അജിത് സിങ് (തിരുവനന്തപുരം ബോർഡ് അംഗം), കെ. അനിമോൻ (കൊല്ലം ബോർഡ് അംഗം), എ.ജെ. വിൽസൺ (മാർക്കറ്റിങ് ഹെഡ്), ആർ.എസ്. ജെസി (തിരുവനന്തപുരം ഡയറി സീനിയർ മാനേജർ) എന്നിവരാണ് അന്വേഷണ സമിതിയിലുളളത്. അതേസമയം, ക്ഷേത്രത്തിലേക്ക് ആവശ്യമായ നെയ്യ് എത്തിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് മിൽമയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ പുതിയ അന്വേഷണ സമിതി രൂപീകരിച്ചതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ചെയർപേഴ്‌സന്റെ പ്രതികരണം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.