മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ ‘നന്ദന’ത്തിലൂടെ ഗുരുവായൂരപ്പനായി എത്തി ജനമനസ്സുകളിൽ ഇടംനേടിയ നടൻ അരവിന്ദ് ആകാശ് വിവാഹിതനായി. ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ അമ്പതാം വയസ്സിലാണ് അരവിന്ദ് തന്റെ കാമുകി ആർ.എസ്. സ്വാധിയെ ജീവിതസഖിയാക്കിയത്. മലേഷ്യയിലെ കോലാലംപൂരിൽ വെച്ച് നടന്ന ലളിതമായ വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സിനിമാരംഗത്തെ പ്രമുഖ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വിവാഹച്ചിത്രങ്ങളിൽ തമിഴിലെ പ്രമുഖ സംവിധായകൻ വെങ്കട്ട് പ്രഭു ഉൾപ്പെടെയുള്ള താരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായി.
നൃത്തസംവിധായകനായി കരിയർ ആരംഭിച്ച് ‘നന്ദന’ത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അരവിന്ദ്, വെങ്കട്ട് പ്രഭുവിന്റെ ‘ചെന്നൈ 600028’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വലിയ ജനപ്രീതി നേടിയത്. തുടർന്ന് ഗോവ, മങ്കാത്ത, ഗോട്ട് തുടങ്ങിയ നിരവധി ഹിറ്റ് സിനിമകളിൽ അദ്ദേഹം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. ഒടുവിൽ പൃഥ്വിരാജ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ വർഷങ്ങൾക്ക് ശേഷം വീണ്ടും ഗുരുവായൂരപ്പനായി വേഷമിട്ട് താരം തിയേറ്ററുകളിൽ വൻ കയ്യടി നേടിയിരുന്നു. മികച്ചൊരു നടനും കൊറിയോഗ്രാഫറും ഡാൻസ് റിയാലിറ്റി ഷോ വിധികർത്താവുമായ അരവിന്ദിന് സിനിമാ ലോകത്തുനിന്നും ആരാധകരിൽ നിന്നും വൻ ആശംസകളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

