PRAVASI

മധു വധക്കേസ്; ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

Blog Image

അട്ടപ്പാടി മധു വധക്കേസിൽ ഒന്നാം പ്രതി ഹുസൈനെ വെറുതെ വിട്ടുകൊണ്ടുള്ള ഹൈക്കോടതിയുടെ സുപ്രധാന വിധി പുറത്തുവന്നു. ഹുസൈൻ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. മധുവിനെ അവസാനമായി ചവിട്ടിയത് ഹുസൈനാണെന്ന പ്രോസിക്യൂഷൻ വാദം ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എങ്കിലും, താൻ മധുവിനെ ഉപദ്രവിച്ചിട്ടില്ലെന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്നെന്നു മാത്രമേയുള്ളൂവെന്നുമുള്ള ഹുസൈന്റെ വാദം കോടതി പരിഗണിച്ചു. ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്ന ഐപിസി 304 (പാർട്ട് 2), ഐപിസി 143 എന്നീ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

അതേസമയം, മറ്റ് പ്രതികളുടെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അപ്പീൽ ഹൈക്കോടതി തള്ളി. 2018 ഫെബ്രുവരി 22-ന് മോഷണക്കുറ്റം ആരോപിച്ച് മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി നേരത്തെ 13 പ്രതികൾക്ക് ഏഴ് വർഷത്തെ കഠിനതടവും പിഴയും വിധിച്ചിരുന്നു. ഈ വിധിക്കെതിരെ പ്രതികളും, ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബവും സർക്കാരും നൽകിയ അപ്പീലുകളാണ് കോടതി പരിഗണിക്കുന്നത്.
11-ാം പ്രതിയെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു, ഈ വിധി ഹൈക്കോടതിയും ശരിവെച്ചു. മധുവിന്റെ കുടുംബത്തിന്റെ അപ്പീലിൽ ശിക്ഷ വർധിപ്പിക്കണമെന്ന ആവശ്യവും പ്രതികൾ പുറത്തിറങ്ങുന്നത് തങ്ങൾക്ക് ഭീഷണിയാണെന്ന വാദവും കോടതി ഇന്ന് പരിശോധിക്കുന്നുണ്ട്. 24 സാക്ഷികൾ കൂറുമാറിയ നിർണായകമായ ഈ കേസിൽ, ശിക്ഷിക്കപ്പെട്ടവരും വിട്ടയക്കപ്പെട്ടവരുമടക്കം 16 പ്രതികളോട് ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.