PRAVASI

വർഷങ്ങൾക്ക് ശേഷം മലയാളം അധ്യാപക നിയമനത്തിനൊരുങ്ങി തമിഴ്‌നാട് സർക്കാർ

Blog Image

തമിഴ്‌നാട്ടിലെ സർക്കാർ കോളേജുകളിൽ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന മലയാളം അധ്യാപക തസ്തികകൾ നികത്താൻ തമിഴ്‌നാട് സർക്കാർ നടപടി തുടങ്ങി. തമിഴ്‌നാട് ടീച്ചർ റിക്രൂട്ട്‌മെന്റ്‌ ബോർഡ് വഴി പ്രശസ്തമായ മദ്രാസ് പ്രസിഡൻസി കോളേജിൽ ഒരു അധ്യാപക തസ്തികയിലേക്ക് എഴുത്തുപരീക്ഷ നടത്തി ആറുപേരുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതിൽ നിന്ന് ഒരാൾക്ക് വൈകാതെ തന്നെ നിയമന ഉത്തരവ് ലഭിച്ചേക്കും.

ബി.എ. മലയാളം ഐച്ഛികവിഷയമായുള്ള പ്രസിഡൻസി കോളേജിൽ നിലവിൽ മൂന്ന് അധ്യാപകരുടെ ഒഴിവുകളുണ്ടെന്നാണ് ഔദ്യോഗിക വിവരം. 1863-ൽ സ്ഥാപിതമായ മദ്രാസ് പ്രസിഡൻസി കോളേജ് ലോകത്തിലെ തന്നെ ആദ്യത്തെ മലയാള ഉന്നത വിദ്യാഭ്യാസ സ്ഥാപനമെന്ന ചരിത്രപ്രസിദ്ധമായ പദവിയുള്ള വിദ്യാലയമാണ്. ഊട്ടി ഗവ. ആർട്‌സ് കോളേജ്, കോയമ്പത്തൂർ ഗവ. ആർട്‌സ് കോളേജ്, കന്യാകുമാരി ഗവ. ആർട്‌സ് കോളേജ് എന്നിവിടങ്ങളിലും മദ്രാസ് സർവകലാശാലയിലെ മലയാളം വകുപ്പിലും നിരവധി ഒഴിവുകൾ നികത്തപ്പെടാനുണ്ട്. ഊട്ടി, കോയമ്പത്തൂർ, കന്യാകുമാരി കോളേജുകളിൽ നാല് വർഷം മുൻപ് വരെ സ്ഥിരം അധ്യാപക തസ്തികകൾ ഉണ്ടായിരുന്നുവെങ്കിലും നിലവിൽ ഗസ്റ്റ് അധ്യാപകരെ വെച്ചാണ് ക്ലാസുകൾ മുന്നോട്ട് കൊണ്ടുപോകുന്നത്.

ഈ കോളേജുകളിലെ ഒഴിവുകൾ കൂടി അടിയന്തരമായി നികത്താൻ കേരള സർക്കാർ തമിഴ്‌നാട് സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യം മലയാളം പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്കിടയിൽ ശക്തമാണ്. 1927-ൽ സ്ഥാപിതമായ മദ്രാസ് സർവകലാശാല മലയാളം വകുപ്പ് അതിന്റെ നൂറാം വർഷത്തിലേക്ക് കടക്കുകയാണ്. അഞ്ച് അധ്യാപകരുടെ ഒഴിവുകളുണ്ടെങ്കിലും നിലവിൽ രണ്ട് പേർ മാത്രമാണ് ഇവിടെയുള്ളത്. എങ്കിലും തമിഴ്‌നാട്ടിൽ മലയാളം പഠിക്കാനുള്ള വിദ്യാർത്ഥികളുടെ താല്പര്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. ഇവിടെ മലയാളം എം.എ.യ്ക്ക് അനുവദിച്ച അഞ്ച് സീറ്റുകൾ പ്രത്യേക അനുമതിയോടെ പത്താക്കി ഉയർത്താറുണ്ടെങ്കിലും ഈ വർഷം 12 വിദ്യാർഥികളാണ് കോഴ്സിൽ പ്രവേശനം നേടിയത്. കൂടാതെ പിഎച്ച്.ഡി. ഗവേഷണത്തിനായി 12 പേരും ഇവിടെയുണ്ട്. അന്യനാട്ടിൽ ഒരു മാതൃഭാഷാ വകുപ്പ് നൂറുവർഷം സജീവമായി നിലനിൽക്കുന്നത് തന്നെ അതിന്റെ കാര്യക്ഷമതയുടെ തെളിവാണെന്ന് വകുപ്പ് മേധാവി ഡോ. പി.എം. ഗിരീഷ് വ്യക്തമാക്കി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.