കേരളം പൊതുവായി ആഗ്രഹിക്കുന്നത് ഒരു ഭരണമാറ്റമാണ്. ഇടത് സർക്കാരിൻ്റെ ഭരണത്തിൽ നിന്ന് കേരളത്തെ മോചിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് യു.ഡി.എഫ് ഏറ്റെടുത്തിരിക്കുന്നത്.
പതിനാല് വയസിൽ കെ.എസ്.യുവിലൂടെ കോൺഗ്രസിലെത്തിയതാണ് ഞാൻ. രാജ്യത്ത് ജനാധിപത്യം നിലനിൽക്കാൻ കോൺഗ്രസിൻ്റെ ശക്തമായ സാന്നിദ്ധ്യം ആവശ്യമാണെന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് കോൺഗ്രസ് പാർട്ടിയ്ക്ക് വേണ്ടി സജീവമായി പ്രവർത്തിക്കുന്നത്.
നിയമസഭയിൽ സ്ഥാനാർത്ഥിയായി രണ്ട് മൂന്ന് മണ്ഡലങ്ങളിൽ എന്നെ പരിഗണിച്ചിരുന്നു. മത്സരിക്കാൻ ഞാൻ തയ്യാറുമായിരുന്നു.
കോൺഗ്രസ് പോലൊരു വലിയ പാർട്ടിയിൽ സ്ഥാനാർത്ഥികളാകാൻ എല്ലാ യോഗ്യതയുമുള്ള നൂറ് കണക്കിന് സമർത്ഥരായ മനുഷ്യരുണ്ട്. വിവിധ സമൂഹങ്ങൾക്ക് പ്രാതിനിധ്യം കൊടുക്കാനുള്ള ഉത്തരവാദിത്തവും കോൺഗ്രസിനുണ്ട്. എന്നെ പരിഗണിച്ച വർക്കല സീറ്റിലും മത്സരിക്കാൻ താൽപര്യമുള്ള മറ്റ് യോഗ്യരായ നേതാക്കൾ ഉണ്ട്. സ്ഥാനാർത്ഥിത്വത്തിൻ്റെ പേരിൽ അവിടെ ഉണ്ടാകുന്ന തർക്കങ്ങൾ കോൺഗ്രസിൻ്റെ വിജയസാദ്ധ്യതയെ അൽപവും ബാധിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.
നേതാക്കൾ ആത്മാർത്ഥതയോടെ പരമാവധി ശ്രമിച്ചിട്ടും സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ ചെറിയ കാലതാമസം ഉണ്ടാകുന്നുണ്ട്. അത് കോൺഗ്രസുകാരെയും നാട്ടിലെ ജനാധിപത്യ വിശ്വാസികളെയും വേദനിപ്പിക്കന്നുണ്ട്. ഈ അവസ്ഥ പരിഹരിക്കാൻ ആത്മാർത്ഥതയുള്ള ഓരോ കോൺഗ്രസുകാരനും ഉത്തരവാദിത്തമുണ്ട്. അത് മനസിലാക്കി സ്ഥാനാർത്ഥിത്വത്തിൽ നിന്നും സ്വയം പിമ്മാറാനുള്ള താൽപര്യം ഇന്നലെ രാത്രിയും ഇന്ന് കാലത്തുമായി ഞാൻ പാർട്ടി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.
രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ ജനാധിപത്യത്തിൻ്റെ അനിവാര്യതയായ പ്രതിഭാസമാണ് തിരഞ്ഞെടുപ്പ്. അത് വ്യക്തിപരമായ നേട്ടങ്ങൾക്കോ അധികാര സമ്പാദനത്തിനോ ഉള്ളതല്ല, ജനസേവനത്തിനുള്ളതാണ്.
ഇത്രയും കാലം ഞാൻ രാഷ്ടീയ പ്രവർത്തനം നടത്തിയത് സ്വന്തം സമയവും ശമ്പളവും ഉപയോഗിച്ചാണ്. ഇപ്പോഴും ഞാൻ ഒരു അന്താരാഷ്ട്ര ആരോഗ്യ പ്രസ്ഥാനത്തിൻ്റെ ഏഷ്യ- പസഫിക് ഡയറക്ടറാണ്. കേരള ഹെൽത്ത് യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രൊഫസറാണ്. യു.എൻ കൺസൽട്ടൻ്റാണ്. ലോകാരോഗ്യ സംഘടനയുടേതുൾപ്പെടെയുള്ള ആഗോള സമിതികളിൽ അംഗമാണ്. ഇതിനൊപ്പമാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. രാഷ്ട്രീയ പ്രവർത്തനം ഇങ്ങനെയായിരിക്കണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
യു.ഡി.എഫിൻ്റെ വിജയത്തിനായി പരമാവധി പ്രവർത്തിക്കുക എന്നതാണ് ഇനിയുള്ള എൻ്റെ ഉത്തരവാദിത്തം. കേരളം മുഴുവനും പ്രചരണ പരിപാടികൾക്കായി ഞാൻ പോകുന്നുണ്ട്. വർക്കലയിലും ഞാൻ സജീവമാണ്.
എൻ്റെ ആരോഗ്യരംഗത്തെ നീണ്ടകാല അനുഭവത്തിൻ്റെയും കഴിഞ്ഞ കുറേ വർഷങ്ങളുടെ അദ്ധ്വാനത്തിൻ്റെയും കൂടി ഉൽപന്നമാണ് യു.ഡി.എഫ് ഹെൽത്ത് കമ്മിഷൻ റിപ്പോർട്ട്. പുതിയ യു.ഡി.എഫ് ഗവണ്മെൻ്റ് വരുമ്പോൾ സംസ്ഥാനത്തിൻ്റെ ആരോഗ്യരംഗത്ത് കാതലായ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഹെൽത്ത് കമ്മിഷൻ റിപ്പോർട്ട് അതിനുപകരിക്കും. ആ പ്രവർത്തനത്തിലും ഞാനുണ്ടാകും.
ഞാൻ സ്ഥാനാർത്ഥിയായി കാണാൻ ആഗ്രഹിച്ച കോൺഗ്രസ് പാർട്ടി നേതാക്കളും പ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്. എൻ്റെ തീരുമാനം അവരിൽ മിക്കവരെയും വിഷമിപ്പിച്ചിട്ടുണ്ട്. അവരോട് ഞാൻ ക്ഷമ ചോദിക്കുന്നു. ഇനിയുള്ള ദിവസങ്ങളിൽ കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും വിജയത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
കേരളം ജയിക്കും, യു.ഡി.എഫ് നയിക്കും
സ്നേഹപൂർവം
ഡോ: എസ്.എസ്. ലാൽ


