ഫീനിക്സ്: അരിസോണയിൽ കേരള ഹിന്ദൂസ് ഓഫ് അരിസോണ (KHA) യുടെ ആഭിമുഖ്യത്തിൽ “ഓണം പൊന്നോണം 2026 “ ശനിയാഴ്ച ആഗസ്റ്റ് 22 ഇൻഡോ-അമേരിക്കൻ കൾച്ചറൽ സെന്ററിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന വിപുലമായ ഈ ആഘോഷപരിപാടികളിൽ അരിസോണയുടെ നാനാഭാഗങ്ങളിൽ നിന്നും ഒട്ടനവധി കുടുംബങ്ങളും സമൂഹാംഗങ്ങളും പങ്കെടുത്തു.
കെ.എച്ച്.എ ഭാരവാഹികളായ ജിജു അപ്പുക്കുട്ടൻ, വിവേക്, ധനീഷ്, അരുൺ, സജിൻ എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ചതോടെയാണ് ഈ വർഷത്തെ ഓണാഘോഷപരിപാടികൾക്കു ഔപചാരികമായി തുടക്കം കുറിച്ചത്. ജിൽസി ഡിൻസും പൂർണിമ സന്തോഷും പരിപാടിയുടെ അവതാരകരായി. പരമ്പരാഗത കേരള തറവാട് ശൈലിയിലുള്ള പശ്ചാത്തലത്തിനു മുന്നിൽ ഒരുക്കിയ മനോഹരമായ പൂക്കളം കേരളത്തിന്റെ ഗൃഹാതുരത നിറഞ്ഞ അന്തരീക്ഷത്തിന് മാറ്റേകി.
സബിത സുജിത്ത് ചിട്ടപ്പെടുത്തിയവതരിപ്പിച്ച മെഗാ തിരുവാതിരയായിരുന്നു ആഘോഷത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. തിരുവാതിരയ്ക്ക് സദസ്സിൽ നിന്ന് മികച്ച പ്രതികരണവും കൈയടിയും ലഭിച്ചു.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മുത്തുക്കുടകളും താലപ്പൊലിയും വഞ്ചിപ്പാട്ടും അണിനിരന്ന മഹാബലി ഘോഷയാത്ര ഏറെ ശ്രദ്ധേയമായി. സംഘാടകർ മഹാബലിക്ക് ഊഷ്മളമായ വരവേൽപ്പ് നൽകി. തന്റെ പ്രിയപ്പെട്ട പ്രജകൾക്ക് മഹാബലി ഓണാശംസകൾ നേർന്നത് ആഘോഷത്തിലെ അവിസ്മരണീയമായ മുഹൂർത്തമായി.
തുടർന്ന് ആരിസോണയിലെ കലാകാരന്മാരും കുട്ടികളും സമൂഹാംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ഉച്ചയോടെ ആരംഭിച്ച വിഭവസമൃദ്ധമായ ഓണസദ്യയിൽ വാഴയിലയിൽ മുപ്പതിലധികം പരമ്പരാഗത കേരളീയ വിഭവങ്ങളാണ് വിളമ്പിയത്. ശ്രീകുമാർ കൈതവന, കൃഷ്ണകുമാർ, സുരേഷ് കുമാർ, ആനന്ദ്, ജോലാൽ കരുണാകരൻ എന്നിവരുടെ നേതൃത്വത്തിൽ തയ്യാർചെയ്ത സദ്യക്ക് നിരവധി വാള ണ്ടിയർമാരുടെ നിസ്വാർത്ഥമായ സേവനവും ലഭിച്ചു.
ആരിസോണയിലെ സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയ്ക്ക് കെ.എച്ച്.എ പ്രസിഡന്റ് ജിജു അപ്പുക്കുട്ടൻ നന്ദി അറിയിച്ചു. സദ്യയുടെ ഒരുക്കങ്ങൾക്കായി അമ്പതിലധികം വളണ്ടിയർമാർ ആത്മാർത്ഥമായി പ്രവർത്തിച്ചതായും, ആഘോഷം വിജയകരമാക്കുന്നതിനായി ഏകദേശം പത്ത് പേരടങ്ങുന്ന സംഘം ആഴ്ചകളായി അശ്രാന്തം പ്രവർത്തിച്ചതായും അദ്ദേഹം പറഞ്ഞു.
വൈകിട്ട് നാലുമണിയോടെ അമേരിക്കൻ, ഇന്ത്യൻ ദേശീയ ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് ആഘോഷങ്ങൾക്ക് സമാപനമായത്. കേരളത്തിന്റെ തനത് പാരമ്പര്യവും സാംസ്കാരിക പൈതൃകവും കാത്തുസൂക്ഷിക്കുന്നതിനൊപ്പം, ആരിസോണയിലെ പ്രവാസി സമൂഹത്തിന്റെ ശക്തമായ പിന്തുണയും സഹകരണ മനോഭാവവും വിളിച്ചോതിയ അവിസ്മരണീയമായ ഓണാഘോഷമായിരുന്നു ഇത്.













