അമേരിക്കയിൽ കുടിയേറ്റക്കാരായ ഏതൊരു വ്യക്തിയും മനസ്സിലാക്കിയിരിക്കേണ്ട ചില പ്രാഥമിക യാഥാർത്ഥ്യങ്ങളാണ് മൂന്ന് ഭാഗങ്ങളായി എഴുതിയിട്ടുള്ള “അമേരിക്കൻ ക്രിസ്ത്യാനിത്വം” എന്ന ഈ ലേഖന പരമ്പരയിൽ Dr. Thomas Ambumkayathu അവതരിപ്പിച്ചിരിക്കുന്നത്. ഭാഗം - I: കുടിയേറ്റക്കാരും ക്രിസ്തീയ അമേരിക്കയും; ഭാഗം - II: അമേരിക്കയുടെ ക്രിസ്തീയ അടിസ്ഥാനം; ഭാഗം - III: ക്രിസ്തീയ ദേശീയത്വവും ക്രിസ്ത്യാനിത്വവും. (അമേരിക്കൻ പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി ഇംഗ്ലീഷിൽ എഴുതി, താൻ തന്നെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണ് ഈ ലേഖന പരമ്പര). “ദൈവരാജ്യം - ഇന്നിന്റെ വെളിച്ചവും നാളെയുട പ്രത്യാശയും” എന്ന പുസ്തകത്തിൻറെ രചയിതാവും, ആനുകാലിക പ്രാധാന്യമുള്ള വിവിധ വിഷയങ്ങളും ലേഖനങ്ങളിലൂടെ വായനക്കാരുടെ മുൻപിൽ എത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സ്വതന്ത്ര ചിന്തകനാണ് ഈ എഴുത്തുകാരൻ. തൻറെ പുസ്തകത്തിന്റെ കോപ്പികൾക്കോ, പുസ്തകത്തിലും ലേഖനങ്ങളിലും പരാമർശിച്ചിട്ടുള്ള വിഷയങ്ങളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയിക്കുന്നതിനോ തന്നെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. Email: vathomas.pvi@gmail.com.
.jpg)
Dr. Thomas V. Ambumkayathu
എന്താണ് ക്രിസ്തീയ ദേശീയത്വം (Christian Nationalism)? എന്താണ് ക്രിസ്ത്യാനിത്വം? ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ് എന്നുള്ളതാണ് “ക്രിസ്തീയ ദേശീയത്വവും ക്രിസ്ത്യാനിത്വവും" എന്ന തലക്കെട്ടിൽ കഴിഞ ലക്കത്തിൽ ആരംഭിച്ചുവെച്ച ചിന്താവിഷയം. ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ നാം പരിശോധിക്കേണ്ടത് മൂന്ന് നിലകളിലാണ്: 1) പ്രചോദനം; 2) ലക്ഷ്യം; 3) ലക്ഷ്യ പ്രാപ്തിക്കായി തിരഞ്ഞെടുത്തിട്ടുള്ള മാർഗം. കഴിഞ്ഞ ലക്കത്തിൽ നാം ചിന്തിച്ചത്: ‘അമേരിക്ക ഒരു ക്രിസ്തീയ രാജ്യമാണ്; അല്ല എങ്കിൽ അത് അങ്ങനെ ആക്കണം’ എന്നുള്ള ചിന്താഗതിയുടെ പ്രചോദനം എന്താണ് എന്നുള്ളതാണ്. ഈ ലക്കത്തിൽ, ക്രിസ്തീയ ദേശീയത്വത്തിന്റെ അടിസ്ഥാന ലക്ഷ്യം എന്ത്? അത് സാധിച്ചെടുക്കുവാൻ തിരഞ്ഞെടുത്തിരിക്കുന്ന മാർഗം എന്ത്? ഇവ യഥാർത്ഥ ക്രിസ്ത്യാനിത്വവുമായി എങ്ങനെ പൊരുത്തപ്പെടുന്നു; വ്യത്യാസപ്പെട്ടിരിക്കുന്നു എന്നീ വിഷയങ്ങൾ അല്പം പരാമർശിച്ചു ഈ ലേഖന പരമ്പര ഉപസംഹരിക്കുന്നു.
2) ലക്ഷ്യം.
ക്രിസ്തീയ ദേശീയത്വത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്താണ്? ‘അമേരിക്ക ഒരു ക്രിസ്തീയ രാജ്യമാക്കി മാറ്റുക’ എന്നതിലൂടെ സാധിച്ചു എടുക്കുവാൻ ശ്രമിക്കുന്നത് എന്താണ്? പ്രസ്തുത ചിന്താഗതിയുടെ വക്താക്കൾ, ‘അമേരിക്ക ആത്യന്തികമായി ഒരു ക്രിസ്തീയ രാജ്യമാണ്’ എന്ന സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിൽ ആണല്ലോ രാജ്യത്തിൻറെ നിയമങ്ങളും നിയമതന്ത്രങ്ങളും പരിഷ്കരിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പ്രസ്തുത സങ്കല്പം കേവലം ഒരു സങ്കല്പം മാത്രമാണ് എന്നത് കഴിഞ്ഞ ലക്കങ്ങളിൽ് ചരിത്രത്തിന്റെയും അടിസ്ഥാന പ്രമാണങ്ങളുടെയും വെളിച്ചത്തിൽ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ വിശ്വാസ പ്രമാണങ്ങളും, സദാചാര നിലവാരങ്ങളും രാജ്യത്തിൻറ വിദ്യാഭ്യാസ സംവിധാനം, സാമൂഹിക വ്യവസ്ഥിതി, ഭരണഘടന എന്നീ നിലകളിൽ എല്ലാം തന്നെ പ്രതിബിംബിച്ചു കാണുവാൻ ക്രിസ്തീയ ദേശ്യത്വത്തിന്റെ വക്താക്കൾ ആഗ്രഹിക്കുന്നു. അങ്ങനെ സംഭവിച്ചാൽ, തങ്ങൾക്കും തങ്ങളുടെ അനന്തര തലമുറകൾക്കും മാനസികവും ആത്മീകവുമായ സംഘർഷങ്ങൾ ഇല്ലാത്ത - സ്വന്തമെന്ന് അഭിമാനത്തോടെ അവകാശപ്പെടുവാൻ കഴിയുന്ന ഒരു രാജ്യമായി മാറും അമേരിക്ക! ഇത്, സ്വാഭാവികമായും ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അഭികാമ്യമായ ഒരു സങ്കല്പം തന്നെ - ഇന്ത്യ ഒരു ഹിന്ദു രാജ്യമായി കാണുവാൻ ആഗ്രഹിക്കുന്ന ഹിന്ദുവിനെപ്പോലെയും, ഇറാൻ ഒരു മുസ്ലിം രാജ്യമായി നിലനിർത്തി കാണുവാൻ ആഗ്രഹിക്കുന്ന മുസൽമാനെ പോലെയും!
എന്നാൽ, ഉപരിതലം കടന്ന്, ‘ക്രിസ്തീയ ദേശീയത’ എന്ന പ്രതിഭാസത്തെ ഒരു പ്രായോഗിക അവലോകനത്തിന് വിധേയമാക്കിയാൽ പ്രതിസന്ധികൾ പലതാണ് തല ഉയർത്തി നിൽക്കുന്നത്: ഒന്നാമതായി, അടിസ്ഥാന വിഷയങ്ങളിൽ പോലും വിഘടിച്ചു നിൽക്കുന്ന ക്രിസ്തീയ സഭയ്ക്ക് സാർവത്രികമായ ഒരു ദേശീയ-സദാചാര നിലവാരത്തോട് എങ്ങനെ യോജിക്കുവാൻ കഴിയും? രണ്ടാമതായി, വ്യത്യസ്ത മതവിശ്വാസങ്ങളും സദാചാര നിലവാരങ്ങളും ഉള്ള നല്ല ഒരു വിഭാഗം അമേരിക്കൻ പൗരന്മാർക്കും ‘ക്രിസ്ത്യാനികളുടെ അമേരിക്ക’ അംഗീകാരപ്രദം ആയിരിക്കും എന്ന് ഞാൻ കരുതുന്നില്ല. മൂന്നാമതായി, ‘അമേരിക്കൻ ഭരണഘടന’ (Constitution of America) മുറുകെ പിടിക്കുന്നവർക്ക് രാഷ്ട്രത്തിൻറെ ഔദ്യോഗിക വിഷയങ്ങളിൽ മത മേധാവിത്വത്തെ അശേഷം ആശ്ലേഷിക്കുവാൻ കഴിയും എന്ന് തോന്നുന്നില്ല. മേൽപ്പറഞ്ഞ പ്രായോഗിക പ്രതിസന്ധികൾ എല്ലാം തന്നെ അതിജീവിച്ചാലും അവശേഷിക്കുന്ന ചോദ്യം: ക്രിസ്തീയ ദേശീയത സാധിച്ചെടുക്കുവാൻ ശ്രമിക്കുന്ന ലക്ഷ്യം, ക്രിസ്തീയ സഭയ്ക്ക് യേശു കൊടുത്ത ദൗത്യം നിറവേറ്റുന്നത് ആണോ, അതോ തടസ്സം സൃഷ്ടിക്കുന്നത് ആണോ?
യേശു ക്രിസ്തുവിന്റെ ലോകത്തിലെ ശുശ്രൂഷ കാലയളവിൽ, പ്രശസ്തിയുടെ മൂർദ്ധന്യതയിൽ നിൽക്കുമ്പോൾ തന്നെ ഇസ്രായേലിന്റെ രാജാവായി വാഴിക്കുവാൻ തയ്യാറായി ഒരു കൂട്ടം അനുയായികളും ആരാധകരും മുൻപോട്ടു വന്നു. എന്നാൽ, പ്രസ്തുത താല്പര്യവുമായി ജനം തന്നെ സമീപിച്ചപ്പോൾ, യേശു അവരിൽ നിന്നും ‘വിട വാങ്ങി' പോയതായിട്ട് ആണ് തിരുവചനത്തിൽ നാം വായിക്കുന്നത്. “നീ ഇസ്രായേലിന്റെ രാജാവ് ആണോ?” എന്ന റോമാ ഗവർണറായ പീലാത്തോസിന്റെ ചോദ്യത്തിന് യേശു കൊടുത്ത മറുപടി വളരെ ശ്രദ്ധേയമാണ്: “എൻറെ രാജ്യം ഐഹികമല്ല (ഈ ലോകപ്രകാരം ഉള്ളതല്ല);” ആയിരുന്നുവെങ്കിൽ തന്റെ പ്രതികരണം വ്യത്യസ്തമായിരിക്കും ആയിരുന്നു എന്നും യേശു വ്യക്തമാക്കുന്നുണ്ട്. എന്നാൽ താൻ ‘ഒരു രാജാവ് ആണ് എന്നതോ, ഒരു രാജ്യം സ്ഥാപിക്കുന്നതിനാണ് ലോകത്തിൽ വന്നിരിക്കുന്നത്' എന്നതോ നിരസിച്ചില്ല. തന്റെ പ്രസ്താവനകളിലും, ലോകത്തിൽ ചെയ്ത ശുശ്രൂഷകളിൽ എല്ലാം തന്നെ വെളിപ്പെടുത്തിയ സന്ദേശം ഇതായിരുന്നു: ‘ആത്മികമായി മരിച്ചതും, ധാർമികമായി ദ്രവിച്ചു കൊണ്ടിരിക്കുന്നതുമായ ഈ ലോക വ്യവസ്ഥിതിയെ മാറ്റി, ഒരു പുതിയ വ്യവസ്ഥിതി - ഒരു പുത്തൻ രാജ്യം സ്ഥാപിക്കുവാനാണ് താൻ വന്നത്.’ അത് ഒരു ഭൗതിക രാജ്യം അല്ല; ആത്മീക രാജ്യമാണ്! ക്രിസ്തീയ ദേശീയത്വത്തിന്റെ വക്താക്കൾ അമേരിക്ക എന്ന ഈ രാജ്യത്തെ ഒരു ക്രിസ്തീയ രാജ്യമാക്കി മാറ്റുവാൻ ശ്രമിക്കുമ്പോൾ അവർ സാധിച്ചു എടുക്കുവാൻ ശ്രമിക്കുന്നത് യേശു സ്ഥാപിച്ച ദൈവ രാജ്യത്തിൻറെ വളർച്ചയല്ല; യേശുവിൻറെ കാലഘട്ടത്തിലെ യഹൂദന്മാർ താല്പര്യപ്പെട്ട - സ്വന്തം വിഭാവനത്തിനുള്ള ഒരു ലോക രാജ്യമാണ്! അവരുടെ പ്രചോദനം ഭൗതികവും, ലക്ഷ്യം ഭൗമികവും എന്നത് പോലെ ഈ കൂട്ടരുടെയും പ്രചോദനവും ലക്ഷ്യവും യേശുവിൻറെ ദർശനത്തിൽ നിന്നും തികച്ചും വിപരീതമാണ്. ഇത് യഥാർത്ഥ ക്രിസ്ത്യാനിത്വത്തിന് വിരുദ്ധവും, യേശുക്രിസ്തുവിന്റ നിർമ്മല സുവിശേഷത്തിന് ഒരു കൂറ്റൻ തടങ്ങൾ പാറയും ആണ് എന്നത് വചനത്തിന് പ്രാധാന്യം കൊടുക്കുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. യേശുവിൻറെ ശിഷ്യനായിരുന്ന വിശുദ്ധ പൗലോസ് ഒരു ക്രിസ്തീയ വിശ്വാസിയുടെയും ക്രിസ്തീയ സഭയുടെയും ലോകത്തിലെ ദൗത്യത്തെ ഇപ്രകാരമാണ് വെളിപ്പെടുത്തിയിരിക്കുന്നത്: “ദൈവം ലോകത്തിൻറെ ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിലൂടെ തന്നോട് നിരപ്പിച്ചു; ഈ നിരപ്പിന്റെ ശുശ്രൂഷ നമ്മുടെ പക്കൽ ഏൽപ്പിച്ചും ഇരിക്കുന്നു.” (2. കൊരി. 5:19).
ക്രിസ്തുവിലൂടെ ദൈവത്തോട് നിരപ്പ് പ്രാപിച്ച ഓരോ വിശ്വാസിയുടെയും ദൗത്യം, തങ്ങൾ ജീവിക്കുന്ന സമൂഹത്തിലെ ഓരോ വ്യക്തിയെയും ക്രിസ്തുവിലൂടെ ദൈവത്തോട് നിരപ്പിക്കുക എന്നുള്ളതാണ്. ക്രിസ്തീയ ദേശീയത്വത്തിന്റെ ആഹ്വാനത്തിന് മുൻപിൽ കാല് ഇടറുന്നതിന് മുൻപ് നാം നമ്മോട് തന്നെ ചോദിക്കുവാൻ കടപ്പെട്ട ഒരു ചോദ്യമുണ്ട്: “പ്രസ്തുത ആഹ്വാനം ലോകത്തെ ദൈവത്തോട് നിരപ്പിക്കുന്നതിനുള്ള ഒരു വിളിയാണോ? ക്രിസ്തുവിലൂടെ മനുഷ്യരെ പരസ്പരം നിരപ്പിക്കുന്നതിനുള്ള ഒരു ആഹ്വാനം ആണോ? അതോ, മനുഷ്യ സമൂഹത്തെ കൂടുതൽ വിഭജിക്കുന്നതിനും ദൈവത്തിൽ നിന്നും മനുഷ്യനെ കൂടുതൽ അകറ്റുന്നതിനും ഉള്ള ഒരു പൈശാചിക തന്ത്രമാണോ?”
3) മാർഗ്ഗം:
സ്വാഭാവികമായും, ഏതു സംരംഭത്തിന്റെയും ലക്ഷ്യം ശുദ്ധമാണെങ്കിൽ അത് സാധിച്ചു എടുക്കുവാൻ ഉള്ള പ്രചോദനവും, ലക്ഷ്യപ്രാപ്തിക്കായി തിരഞ്ഞെടുക്കുന്ന മാർഗവും ശുദ്ധം ആയിരിക്കും. ഈ തത്വം, ആത്മീക വിഷയങ്ങളിൽ പ്രത്യേകിച്ചും ആപേക്ഷികം ആണ്. നമ്മുടെ ആത്യന്തിക ലക്ഷ്യം സ്വർഗീയം ആണെങ്കിൽ നമ്മുടെ പ്രചോദനവും, മാർഗവും ഒരുപോലെ സ്വർഗീയമായിരിക്കും! ഞാൻ കഴിഞ്ഞ ലക്കത്തിൽ വെളിപ്പെടുത്തിയത് പോലെ ‘ക്രിസ്തീയ ദേശീയത’ ഒരു പുതിയ പ്രതിഭാസം അല്ല. അമേരിക്കയുടെ ചരിത്രം പരിശോധിച്ചാൽ, സ്വയ-നിലനിൽപ്പിനും സ്വയ- നേട്ടങ്ങൾക്കും വേണ്ടി ക്രിസ്തീയ വിശ്വാസത്തിൻറെ മറ പിടിക്കുന്ന പ്രവണത ഒരു കയറ്റു പായിലെ കറുത്ത ചരട് പോലെ തെളിഞ്ഞു നിൽക്കുന്നത് കാണുവാൻ കഴിയും. പ്രാകൃത മനുഷ്യൻ തൻറെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മതവും, രാഷ്ട്രീയവും ഉപയോഗിക്കുന്നതും അതിലൂടെ ബലഹീന മനുഷ്യരെ ചൂഷണം ചെയ്യുന്നതും അത്ഭുതം ഉളവാക്കുന്ന വിഷയം അല്ല. എന്നാൽ, എന്നെ അത്ഭുതപ്പെടുത്തുന്നത്, ക്രിസ്തുവിൻറെ അനുയായികൾ എന്ന് അവകാശപ്പെടുന്നവർ ‘അമേരിക്ക ഒരു ക്രിസ്തീയ രാജ്യമാക്കി മാറ്റുക’ എന്ന മതപരമായ കാര്യ-പരിപാടിക്ക് രാഷ്ട്രീയക്കാരുടെയും രാഷ്ട്രീയ പാർട്ടികളുടെയും സന്ധി തേടുന്നു എന്നുള്ളതാണ്. ക്രിസ്തീയ സദാചാരങ്ങളും ക്രിസ്തീയ മൂല്യങ്ങളും രാജ്യത്തിൻറെ ഭരണ സംവിധാനത്തിലും നിയമനിർമ്മാണത്തിലും പ്രായോഗികം ആക്കണം എങ്കിൽ രാഷ്ട്രീയത്തിന്റെ പങ്കാളിത്തം കുടിയേ തീരൂ എന്നത് മനസ്സിലാക്കാവുന്നതേ ഉള്ളൂ. യേശു ലോകത്തിൽ തുടങ്ങിവച്ച രാജ്യം ഐഹികവും, തൻറെ അനുഗാമികൾക്ക് തെളിച്ചു കൊടുത്ത മാർഗ്ഗം ലോക പ്രകാരം ഉള്ളതും ആയിരുന്നു എങ്കിൽ അതിൽ തെറ്റും ഇല്ലായിരുന്നു.
എന്നാൽ, കാൽവറി ക്രൂശിലെ തന്റെ പ്രായശ്ചിത്ത ബലിയിലൂടെ യേശുക്രിസ്തു അനാവരണം ചെയ്ത ‘ദൈവരാജ്യം' ഐഹികം ആയിരുന്നില്ല; തൻറെ അനുയായികൾക്ക് കൊടുത്ത ‘മഹത്തായ ദൗത്യം’ (The Great Commission) ഈ ലോക പ്രകാരം ഉള്ളതും ആയിരുന്നില്ല. തന്റെ രാജ്യത്തിൻറെ സന്ദേശം ലോകത്തെ അറിയിക്കുവാൻ യേശു അനുശാസിച്ച മാർഗം “ക്രൂശിന്റെ സുവിശേഷം” മാത്രം ആയിരുന്നു. ദൈവരാജ്യത്തിന്റെ വ്യാപ്തി സുവിശേഷത്തിലൂടെയും, അനുയായികളുടെ അനുഭവ സാക്ഷ്യത്തിലൂടെയും മാത്രം ആയിരിക്കട്ടെ എന്ന് യേശു തീരുമാനിച്ചതിന്റെ കാരണം വിശുദ്ധ പൗലോസ് തൻറെ ലേഖനത്തിൽ വിശദീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്: “മനുഷ്യന് തൻറെ സ്വന്തം ബുദ്ധിയാൽ ദൈവത്തെ തിരിച്ചറിയുവാൻ സാധ്യമല്ല എന്ന് ദൈവം അറിഞ്ഞിരുന്നത് കൊണ്ട്, വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോക്ഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന് പ്രസാദം തോന്നി.” (1 കൊരി. 1:21) വേണമെങ്കിൽ, മനുഷ്യഹൃദയങ്ങളെ സ്വാധീനിച്ചോ, ലോകത്തിൻറെ ഭരണ നേതാക്കന്മാരുടെ തീരുമാനങ്ങളെ നിയന്ത്രിച്ചോ, താൻ ആഗ്രഹിക്കുന്ന ആത്മിക, സദാചാര, സാൻമാർഗിക നിലവാരം മനുഷ്യ സമൂഹത്തിൽ പുനസ്ഥാപിക്കുവാൻ ദൈവത്തിന് കഴിയുമായിരുന്നു. അതായിരുന്നു ദൈവം തിരഞ്ഞെടുത്ത മാർഗം എങ്കിൽ, കുറഞ്ഞപക്ഷം, യേശു ഈ ലോകത്തിൽ ജീവിച്ചിരുന്ന കാലത്തുള്ള രാഷ്ട്രീയത്തെ സ്വാധീനിക്കുകയോ, തൻറെ ശിഷ്യന്മാരെ അപ്രകാരം ഒരുക്കുകയോ ചെയ്യുമായിരുന്നു. എന്നാൽ, യേശു അത് ചെയ്തില്ല. യേശുവിൻറെ തലമുറയിലെ ശിഷ്യന്മാർ മാത്രമല്ല, പിൻതലമുറയിലെ അനവധി ശക്തന്മാരായ ശിഷ്യന്മാർ - George Whitefield, Richard Allen, D.L. Moody, Jonathan Edwards, Billy Graham - തുടങ്ങി ക്രിസ്തീയ സഭയുടെ ചരിത്രത്തിൽ തങ്ങളുടെ ജീവിതം കൊണ്ടും സമർപ്പണം കൊണ്ടും മായിച്ചു കളയുവാൻ കഴിയാത്ത മുദ്ര പതിപ്പിച്ചിട്ടുള്ള അനവധി ക്രിസ്തുശിഷ്യന്മാർ അപ്രകാരം ഒരു മാർഗ്ഗം ഒരിക്കലും ശ്രമിച്ചിട്ട് പോലും ഇല്ല!
ഒരു ക്രിസ്തീയ രാജ്യം അവർ അല്പം എങ്കിലും വിഭാവനം ചെയ്തിരുന്നു എങ്കിൽ അവർക്ക് ലോകത്തിൽ ലഭിച്ചിരുന്ന അംഗീകാരവും സ്വാധീനവും അതിനു വേണ്ടി ഉപയോഗിക്കുമായിരുന്നു. എന്നാൽ അതിൻറെ ഭവിഷ്യത്ത് മനസ്സിലാക്കുവാനുള്ള പരിജ്ഞാനം അവർക്ക് ഉണ്ടായിരുന്നു എന്ന് മാത്രമല്ല, ഗുരുവിൻറ ചുവട് വിട്ട്, ഒരു ചുവടു പോലും ചവിട്ടാതിരിക്കുവാൻ അവർ തികച്ചും ശ്രദ്ധാലുകളും ആയിരുന്നു. ഗുരുവിനെ യഥാർത്ഥത്തിൽ അനുധാവനം ചെയ്തിരുന്ന ഈ അനുഗ്രഹീത ശിഷ്യന്മാർ എല്ലാവരും തന്നെ തിരഞ്ഞെടുത്ത മാർഗം: ക്രിസ്തുവിനെ തങ്ങളുടെ ജീവിതത്തിലൂടെ സാക്ഷിക്കുകയും, ക്രൂശിലൂടെ മനുഷ്യരാശിക്ക് യേശു പകർന്ന നിത്യ രക്ഷയുടെ സുവിശേഷം പ്രസംഗിക്കുകയും മാത്രം ആയിരുന്നു. തങ്ങളുടെ ജീവിതവും ശുശ്രൂഷയും രാഷ്ട്രീയത്തിന്റെയോ, സഭയുടയോ ഭിത്തികൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതും ആയിരുന്നില്ല. മനുഷ്യ നിർമ്മിതമായ പരിമിതികൾ അതിജീവിച്ച് - അതികടന്ന്, രാഷ്ട്രീയം, ജാതി, മതം, സംസ്കാരം, പാരമ്പര്യം
എന്നു തുടങ്ങിയ വേർപാടിൻറെ ചുവരുകൾ ഇടിച്ചു നിരത്തിയ ക്രിസ്തുവിൻറെ മാതൃക പിൻപറ്റുന്ന ദർശനമാണ് യഥാർത്ഥ ക്രിസ്ത്യാനിത്വം!
സംക്ഷിപ്തം:
അമേരിക്ക എന്നല്ല, ഏത് രാജ്യവും ക്രിസ്തീയ രാജ്യം ആക്കി മാറ്റുവാൻ ശ്രമിക്കുന്നവരും അത് അങ്ങനെയായി കാണുവാൻ ആഗ്രഹിക്കുന്നവരും ആയ എൻറെ പ്രിയ സ്നേഹിതരോട് ഒരു എളിയ ക്രിസ്തീയ സുവിശേഷകൻ എന്ന നിലയിൽ സംക്ഷിപ്തമായി ഇങ്ങനെ പ്രസ്താവിച്ച് ഞാൻ ഈ ലേഖന പരമ്പരയ്ക്ക് വിരാമം കുറിക്കട്ടെ: ദൈവത്തിന് ലോകത്തിൽ തൻറെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിന് നമ്മുടെ സഹായം ആവശ്യമില്ല. സത്യത്തിൽ അത് തന്നെയാണ് ഏതു മതത്തിലെ തീവ്രവാദികളോടും എനിക്ക് പറയുവാനുള്ള എളിയ ആലോചന. ദൈവം, ലോകത്തിൽ തനിക്കുള്ള ഏറ്റവും വിലപ്പെട്ട സമ്പത്ത് വീണ്ടെടുക്കുവാനും പരിരക്ഷിക്കുവാനും ആവശ്യമായത് ചെയ്തു കഴിഞ്ഞു. സാത്താന്റെ പ്രലോഭനം കൊണ്ടും, ലോകത്തിൻറെ പ്രകോപനം കൊണ്ടും, ജഡത്തിന്റെ പ്രലോഭം കൊണ്ടും ദൈവത്തിൽ നിന്നും അകന്നുപോയ മനുഷ്യനെ വീണ്ടെടുക്കുവാൻ ദൈവപുത്രനായ യേശു ക്രിസ്തുു പ്രായശ്ചിത ബലിയായി തീർന്നു. തന്നിൽ വിശ്വാസം അർപ്പിക്കുന്ന - ജാതി, മത, വംശ വിവേചനം ഇല്ലാതെ - സകല മനുഷ്യരെയും തന്നിൽ ഒന്നാക്കി, ലോകത്തിൽ വളർന്നു വ്യാപിച്ചു കൊണ്ടിരിക്കുന്ന ഒരു രാജ്യം സംജാതമായി കഴിഞ്ഞു. അതിൻറെ പേരാണ് ‘ദൈവരാജ്യം!’ നാം മറ്റൊരു രാജ്യം - ‘ക്രിസ്തീയ രാജ്യം’ പടുത്തുയർത്താൻ വെറുതെ ജീവിതം പാഴാക്കേണ്ടതില്ല. ഒരു യഥാർത്ഥ ക്രിസ്ത്യാനിയുടെ ഒരേയൊരു ദൗത്യം, സ്വന്തം ജീവൻ ബലിയായി കൊടുത്ത യേശുവിൻറെ നിർവ്യാജ സ്നേഹം ലോകത്തിൽ വെളിപ്പെടുത്തി, വിശ്വസിക്കുന്നവരെ ദൈവരാജ്യത്തിലേക്ക് ക്ഷണിക്കുക എന്നത് മാത്രമാണ്! മനുഷ്യനെ മനുഷ്യനിൽ നിന്നും ദൈവത്തിൽ നിന്നും അകറ്റുന്നതല്ല - പരസ്പരം നിരപ്പിക്കുന്നതാണ് യഥാർത്ഥ ക്രിസ്ത്യാനിത്വം!

