എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനു വേണ്ടി ഫെബ്രുവരി ആറിന് ആറന്മുളയിൽ നിന്ന് ആരംഭിക്കുന്ന മധ്യമേഖല ജാഥ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി നയിക്കും.
മദ്ധ്യകേരളത്തിൽ ഇടതുമുന്നണിയുടെ ജനകീയ പിന്തുണ ഉറപ്പിക്കാൻ ലക്ഷ്യമിട്ടു നടത്തുന്ന ജാഥ നയിക്കാൻ സി പി എം മുൻകൈ എടുത്താണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയെ ചുമതലപ്പെടുത്തിയത്. പാർട്ടിയ്ക്ക് ന്യൂനപക്ഷമേഖലയിലുള്ള ശക്തി തിരിച്ചറിഞ്ഞിട്ടു തന്നെയാണ് എൽഡിഎഫ് നേതൃത്വം ഇപ്രകാരമൊരു തീരുമാനമെടുത്തത്.
മൂന്നാം സർക്കാർ ലക്ഷ്യമിടുന്ന എൽഡിഎഫിന് കരുത്തേകാൻ മദ്ധ്യകേരളത്തിൽ ജോസ് കെ.മാണി എംപിയെ മുന്നിൽ നിർത്തി പടനയിക്കാൻ ഇടതുമുന്നണി തീരുമാനിച്ചതിനു പിന്നിൽ പാർട്ടിക്ക് ജനങ്ങൾക്കിടയിൽ പാർട്ടിക്കുള്ള സ്വാധീനവും സ്വീകാര്യതയുമാണെന്നതിൽ സംശയമില്ല.
മുമ്പ് എൽഡിഎഫ് ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും നിരവധി സംസ്ഥാന ജാഥകൾ ഇടതുമുന്നണി നടത്തിയിട്ടുണ്ട്.
എന്നാൽ ചരിത്രത്തിലാദ്യമായാണ് സിപിഎമ്മും സിപിഐയും ഒഴികെയുള്ള ഒരു ഘടകകക്ഷിയുടെ നേതാവിനെ മുന്നണി അതിന്റെ ജാഥ നയിക്കാൻ നിയോഗിക്കുന്നത്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളിലൂടെ കടന്നുപോകുന്ന മദ്ധ്യമേഖലാ ജാഥ ഫെബ്രുവരി 6-ന് ആറന്മുളയിൽ ആരംഭിച്ച് 14-ന് എറണാകുളത്ത് സമാപിക്കും.സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി എൽഡിഎഫ് ഇക്കുറി സംസ്ഥാനത്തു മൂന്ന് ജാഥകളാണ് നടത്തുന്നത്.
ആദ്യത്തെ ജാഥ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് നയിക്കുന്നത്. രണ്ടാമത്തെ ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മധ്യമേഖലാ ജാഥ ജോസ് കെ. മാണിയുമാണ് നയിക്കുന്നത്.
മദ്ധ്യമേഖലാ ജാഥ കടന്നു പോകുന്ന വഴികളിലെ പൊതുയോഗങ്ങളിൽ മുന്നണിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതിനും സംസ്ഥാന സർക്കാരിന്റെ നയങ്ങളും വികസനപദ്ധതികളും വിശദീകരിക്കുന്നതിനുമുള്ള ഉത്തരവാദിത്വം ജാഥാക്യാപ്റ്റൻ ജോസ് കെ.മാണിയെയാണ് എൽ ഡി എഫ് ഏൽപ്പിച്ചിരിക്കുന്നത്.
ക്രൈസ്തവ മേഖലകളിൽ കേരള കോൺഗ്രസിനുള്ള നിർണ്ണായക സ്വാധീനവും മധ്യകേരളത്തിൽ പാർട്ടിക്കുള്ള ജനപിന്തുണയുമാണ് എൽഡിഎഫ് ജാഥ നയിക്കാൻ പാർട്ടി ചെയർമാനെത്തന്നെ നിയോഗിക്കാൻ കാരണമായതെന്നുറപ്പാണ്.
കേരള കോൺഗ്രസ് പാർട്ടിക്കും ജോസ് കെ.മാണിയ്ക്കും എൽഡിഎഫ് എത്രത്തോളം പ്രാധാന്യം നൽകുന്നു എന്ന് വ്യക്തമാകുന്നതാണ് മദ്ധ്യമേഖലാ ജാഥ.
മൂന്നാം എൽഡിഎഫ് സർക്കാർ എന്ന ലക്ഷ്യത്തിലേയ്ക്ക് ഇടതു മുന്നണി കുതിക്കുമ്പോൾ കേരള കോൺഗ്രസ്സ് പാർട്ടിയും ജോസ് കെ. മാണിയും തന്നെയാകും മധ്യകേരളത്തിൽ ശ്രദ്ധാകേന്ദ്രമാവുക.


