PRAVASI

തന്ത്ര പ്രധാനമായ തസ്‌തികകളിൽ ഇപ്പോഴും തുടരുന്നത് പിണറായി നിയമിച്ച ഉന്നത ഉദ്യോഗസ്ഥർ ; അഴിച്ചുപണി ഉടൻ വേണമെന്ന് കോൺഗ്രസ്സ് നേതാക്കൾ

Blog Image

പിണറായി സർക്കാരിൻ്റെ പത്ത് വർഷത്തെ ഭരണത്തിൽ നിന്നും മോചനം ലഭിച്ചു എന്ന് യുഡിഎഫ് അവകാശപ്പെടുമ്പോഴും, തന്ത്ര പ്രധാനമായ തസ്‌തികകളിൽ ഇപ്പോഴും തുടരുന്നത് പി ശശി പൊളിറ്റിക്കൽ സെക്രട്ടറിയായപ്പോൾ നിയമിച്ച ഉന്നത ഉദ്യോഗസ്ഥരാണ്. ഇതുമൂലം ഭരണതലത്തിലെ സകല നിക്കങ്ങളും കൃത്യമായി തന്നെ ഇപ്പോൾ ചോരുന്നുമുണ്ട്. ഉന്നത തലത്തിൽ എത്രയും പെട്ടന്ന് അഴിച്ചുപണി നടത്തിയില്ലെങ്കിൽ അത് സർക്കാരിന് വെല്ലുവിളിയാകുമെന്ന അഭിപ്രായം മുതിർന്ന കോൺഗ്രസ്സ് നേതാക്കൾക്കിടയിൽ നിന്ന് തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്.അതേസമയം, യുഡിഎഫ് ഭരണത്തിലും തന്ത്രപ്രധാന തസ്തികളിൽ തുടരാനായി ഉന്നത ഐ.എ.എസ് – ഐപിഎസ് ഉദ്യോഗസ്ഥർ ഭരണപക്ഷത്തെ നേതാക്കളെ പ്രീതിപ്പെടുത്താനും നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉയർത്തിയ ഗുരുതര പരാതി ചീഫ് സെക്രട്ടറി എ ജയതിലകിന് എതിരെ നിലനിൽക്കുന്ന സാഹചര്യത്തിൽ അന്വേഷണം ഭയക്കുന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശ്വസ്തനായ ഈ ഉദ്യോഗസ്ഥൻ റിട്ടയർമെൻ്റ് വരെ ചീഫ് സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.

വിരമിക്കാന്‍ രണ്ട് മാസം ബാക്കിനില്‍ക്കെ ജയതിലകിന് മുന്‍കൂറായി പെന്‍ഷന്‍ അനുവദിച്ച വിചിത്ര ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയിൽ മുഖ്യമന്ത്രി വിഡി സതീശൻ സ്വീകരിക്കുന്ന നിലപാടാകും നിർണ്ണായകമാവുക. ഇനി മുഖ്യമന്ത്രി ജയതിലകിന് അനുകൂലമായ തീരുമാനം എടുത്താൽ പോലും, മന്ത്രിസഭയിലെ ഭൂരിപക്ഷ അംഗങ്ങൾ എന്തു നടപടി സ്വീകരിക്കും എന്നതും പ്രസക്തമാണ്.

ചട്ടങ്ങളും നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും പൂര്‍ണ്ണമായി അട്ടിമറിച്ചുകൊണ്ട് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്നാണ് പുതിയ സര്‍ക്കാരിനോട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് ആവശ്യപ്പെട്ടിരിക്കുന്നത്. ഐ എ എസ് ഉദ്യോഗസ്ഥരുടെ പൊതുവികാരവും ജയതിലകിന് എതിരാണ് എന്നതും ശ്രദ്ധേയമാണ്.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസം കഴിഞ്ഞിട്ടാണ്, അതായത് വരുന്ന ജൂണ്‍ 30-നാണ് ചീഫ് സെക്രട്ടറി എ. ജയതിലക് സര്‍വീസില്‍ നിന്നും ഔദ്യോഗികമായി വിരമിക്കുന്നത്. സാധാരണഗതിയില്‍ ഒരു ഉദ്യോഗസ്ഥന്‍ വിരമിക്കുന്ന ദിവസത്തിലോ അതിന് തൊട്ടുപിറ്റേന്നോ ആണ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാറുള്ളത്. എന്നാല്‍, പുതിയ സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ട അതീവ പ്രാധാന്യമുള്ള ഈ വിഷയത്തില്‍, ഭരണമാറ്റം മുന്നിൽ കണ്ട് പിണറായി സര്‍ക്കാര്‍ മുന്‍കൂട്ടി അനാവശ്യമായി ഇടപെടുകയാണുണ്ടായത്. ഇതാണിപ്പോൾ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.ജയതിലക് മാറുന്ന ഘട്ടത്തിൽ ചീഫ് സെക്രട്ടറിയാകാൻ കരുക്കൾ നിക്കുന്ന ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ, അതുവരെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്തോ, അതല്ലെങ്കിൽ മറ്റേതെങ്കിലും തന്ത്ര പ്രധാനമായ ചുമതലയിലോ വരാനാണ് നിലവിൽ ശ്രമിക്കുന്നത്. അദ്ദേഹം മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സന്ദർശിച്ചതും ഈ ലക്ഷ്യം മുൻ നിർത്തിയാണ്.

മുൻപ് ഐ.എഎസ് ട്രെയിനികള്‍ക്ക് അശ്ലീല സന്ദേശം അയച്ചെന്ന ആരോപണം നേരിട്ട മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ബിശ്വനാഥ് സിന്‍ഹ. ഈ ആക്ഷേപം ഉയർന്നതോടെ അവധിയിൽ പോകാനും അദ്ദേഹം നിർബന്ധിക്കപ്പെട്ടിരുന്നു. ഇതേ തുടർന്ന് പൊതുഭരണ സെക്രട്ടറി ആയിരുന്ന സിന്‍ഹെയെ സര്‍ക്കാര്‍ അച്ചടി വകുപ്പിലേക്ക് മാറ്റിയെങ്കിലും, മറ്റു നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല. ബിശ്വനാഥ് സിന്‍ഹയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ജോതികുമാർ ചാമക്കാല ( നിലവിലെ പത്തനാപുരം എം എൽ എ ) ഉൾപ്പെടെയാണ് ആരോപണം ഉന്നയിച്ചിരുന്നത്.

ബിശ്വനാഥ് സിന്‍ഹ നിരന്തരം തനിക്ക് എസ്എംഎസും വാടാസ്പ്പ് സന്ദേശങ്ങളും അയക്കുന്നതായി ഒരു യുവവനിത ഐഎഎസ് ഓഫീസര്‍ പരാതിപ്പെട്ടിട്ടുണ്ടെന്നാണ് ജ്യോതികുമാര്‍ ചാമക്കാല വെളുപ്പെടുത്തിയിരുന്നത്. ഇതിന്‍റെ സ്ക്രീന്‍ ഷോട്ടുകളും അദ്ദേഹം പങ്കുവച്ചിരുന്നു. ഒരു ജൂനിയര്‍ ഐഎഎസ് ഓഫീസറോട് സിന്‍ഹ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അവരുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിരുന്നെന്നും ചാമക്കാല ആരോപിച്ചിരുന്നു. ട്രെയിനിംഗിലുള്ള രണ്ട് യുവ വനിത ഐഎഎസുകാരോടും ബിശ്വനാഥ് സിന്‍ഹ സമാനമായ രീതിയില്‍ പെരുമാറിയതായ ആക്ഷേപവും ഉണ്ട്. ഇവര്‍ മുസൂറിയിലെ ഐഎഎസ് അക്കാദമിയിലും പരാതി നല്‍കിയെന്നും ഈ പരാതി മസൂറിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയെന്നുമുള്ള വാർത്തകളും അക്കാലത്ത് പുറത്ത് വന്നിരുന്നു.

തുടർന്ന് സ്ഥലമാറ്റം ഉറപ്പായപ്പോൾ, അവധിക്ക് അപേക്ഷ നൽകിയ ബിശ്വനാഥ് സിന്‍ഹ അതിനു മുന്‍പായി സെക്രട്ടറിമാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നും സ്വയം പുറത്തു പോകുകയാണ് ഉണ്ടായത്. പൊതുഭരണ സെക്രട്ടറി സ്ഥാനത്ത് നിന്നും അച്ചടി വകുപ്പിലേക്ക് മാറ്റപ്പെട്ട സിൻഹ അധികം താമസിയാതെ തന്നെ പിണറായി സർക്കാറിന് കീഴിൽ ആഭ്യന്തര സെക്രട്ടറിയായി വന്നത് ഐ. എ. എസ് ഉദ്യോഗസ്ഥരെ മാത്രമല്ല, സെക്രട്ടറിയേറ്റിലെ മറ്റ് ഉദ്യോഗസ്ഥരെയും ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

പി ശശിയുടെ വിശ്വസ്ഥനായി നിന്ന് ആഭ്യന്തര വകുപ്പിൽ ബിശ്വനാഥ് സിൻഹ പല നിയമ വിരുദ്ധ പ്രവർത്തികളും നടത്തിയതായാണ് പുറത്ത് വരുന്ന വിവരം. ഹൈക്കോടതി ഉത്തരവ് പോലും ലംഘിച്ച് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ബിശ്വനാഥ് സിൻഹ നടത്തിയ ഇടപെടൽ ഇതിനകം തന്നെ കോർട്ടലക്ഷ്യ നടപടി വിളിച്ചു വരുത്തുന്ന അവസ്ഥയിലാണുള്ളത്.വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം വിജിലൻസ് അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് നൽകിയ ഡസൻ കണക്കിന് ഫയലുകളാണ് അനുമതി നൽകാതെ ആഭ്യന്തര സെക്രട്ടറി അദ്ദേഹത്തിൻ്റെ ഓഫീസിൽ പിടിച്ചു വച്ചിരിക്കുന്നത്. നിരവധി പൊലീസ് ഉദ്യോഗസ്ഥരുടെ പി.ആർ ക്ലോസ് ചെയ്യാനും നിയമവിരുദ്ധ ഇടപെടൽ ബിശ്വനാഥ് സിൻഹ നടത്തിയിട്ടുണ്ട്. അതിൻ്റെ ഞെട്ടിക്കുന്ന തെളിവുകൾ ഉടൻ തന്നെ പുറത്തുവരുമെന്നാന്ന് ലഭിക്കുന്ന സൂചന.


പൊലീസ് ആസ്ഥാനത്തെ പ്രധാന തസ്തികയിൽ പി ശശി ഇടപെട്ട് നിയമനം നൽകിയ എഡിജിപി എസ് ശ്രീജിത്തിന് എതിരെയും നിരവധി പരാതികൾ നിലവിൽ ഉണ്ട്. ഇതും ആഭ്യന്തര സെക്രട്ടറിയും പൊലീസ് ആസ്ഥാനവും ഇടപെട്ട് അട്ടിമറിച്ചതായാണ് ആരോപണം. ഇതിൽ ഒരു പരാതി ഇപ്പോൾ ഹൈക്കോടതി മുൻപാകെ തന്നെ എത്തിയിട്ടുണ്ട്. കോടതി ഉത്തരവിട്ട അന്വേഷണം ആഭ്യന്തര സെക്രട്ടറി ഇടപെട്ട് അട്ടിമറിച്ചതായാണ് പരാതി. ഇതിന് പുറമെ ബോഡി ബിൽഡർമാർക്ക് എസ്.ഐമാരായി നിയമനം നൽകിയ സംഭവവുമുണ്ട്. ഈ നിയമനത്തിന് ശുപാർശ നൽകിയത് പി ശശിയുടെ നിർദ്ദേശപ്രകാരം അഡ്‌മിനിസ്ട്രേഷൻ എഡിജിപി എസ് ശ്രീജിത്ത് ആയിരുന്നു. ഇക്കാര്യത്തിൽ ഉടൻ അന്വേഷണം ഉണ്ടാകുമെന്ന് ഇതിനകം തന്നെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഭരണപക്ഷത്തെ ഉന്നതരെ സന്ദർശിച്ചും ഇടനിലക്കാർ വഴിയും സ്വന്തം സ്ഥാനം സംരക്ഷിക്കാൻ ഐ.എ.എസ്- ഐപിഎസ് ഉന്നതർ ഇപ്പോൾ ശ്രമിക്കുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.