ഞാനൊരുറവയായിരുന്നപ്പോൾ
ഞാനൊരിടം മാത്രമായിരുന്നു
ഞാനൊരു നദിയായപ്പോൾ
എന്നിലെത്ര ഉറവകൾ
കഴലുകളിൽ
കരങ്ങളിൽ
നാഭിക്കുഴിയിൽ
മാറിൽ
കരളിൽ
കണ്ണിൽ
കാതിൽ
നാസികയിൽ
നെറുകയിൽ!
ഞാനൊഴുകിയപ്പോൾ
കരകളെന്റെ രൂപമായി
കരളിന്റെ ആഴമായി
കടൽവരയെൻ നീളമായി!
കരകൾക്കപ്പുറമൊരു
ലോകമുണ്ടെന്നു
കടലുകണ്ടപ്പോഴാണറിയുന്നത്
കടലോടു ചേരാൻ
എനിക്കെത്ര ആവേശമായിരുന്നു
കടലായിക്കഴിഞ്ഞപ്പോൾ
എനിക്കാഴമേറി
കരയേക്കാളഴകേറി
എന്നെക്കാളും
ഞാൻ ശാന്തമായി
എന്നെത്തള്ളിവിട്ട
കരയോടെനിക്കു ദേഷ്യമായി
ഞാനവനുനേരെ നിരന്തരം
ഗർജ്ജിച്ചുകൊണ്ടിരിക്കുന്നു
ഞാനിനി കാറ്റിന്റെ പ്രേയസി!
നസ്രേത്തിൽ ജോസ് വർഗ്ഗീസ്

