PRAVASI

കറുത്തവാവുകൾ ( കവിത)

Blog Image

അകത്താരുമില്ലാതിരുന്നകാലത്ത് 
പുറത്താരോ ഉണ്ടെന്നു കരുതി 
അതെന്റെ പിഴ, കാലപ്പിഴ!
കണ്ണാരം പൊത്തി കളിക്കുന്ന മുകിലും,
മുകിലിനു പ്രണയനൃത്തം 
ചവിട്ടുന്ന മയിലും,
കളംതെറ്റിചവിട്ടുമ്പോൾ
കണ്ണീർ പൊഴിക്കുന്ന കാർമേഘവും,
മലർന്നു പറക്കുന്ന വേഴാമ്പലും,
കൽപാന്തകാലത്തിനിപ്പുറം
മിഴിനീരുത്തോർത്തുവാൻ 
സപ്തചായങ്ങളിൽ പുഞ്ചിരിതൂകുന്ന 
അംബരലക്ഷ്മിയും 
കാണാമെനിക്കെന്റെ 
ചെറ്റക്കുടിലിലിരിക്കുമ്പോൾ!

ചാണകം മെഴുകിയ തറയിൽ 
നിരത്തിയ ചട്ടിക്കലങ്ങളിൽ 
മഴയേതോതാളത്തിൽ വീഴുമ്പോൾ
നഭസ്സു ശ്യാമചേലാഞ്ചലം കൊണ്ടെൻ-
പുരയുടെ മേൽക്കൂരമൂടി!
കർക്കിടകത്തിലെ കറുത്തവാവൊരു-
നൂറു നരിച്ചീറുപെറ്റു
ചിലതെന്റെ വയറ്റിൽ ഞാന്നുകിടന്നു
കുടലെല്ലാം 
കൊത്തിത്തിന്നുകൊണ്ടിരുന്നു
കപ്പപ്പുഴുക്കിൻ-
കലത്തിന്നടപ്പമ്മതുറന്നപ്പോളതിൻ 
മണമടിച്ചവർ പറപറന്നു!
അകത്താരുമില്ലാതിരുന്നകാലത്ത് 
പുറത്താരോ ഉണ്ടെന്നു കരുതി ഞാനുറങ്ങി;
അന്നൊക്കെയെന്നും 
കറുത്തവാവായിരുന്നു!
അതിൻചിലമ്പൊലി
എന്നേങ്ങലിൻ താളത്തിലാരുന്നു!
________________________


നസ്രേത്തിൽ ജോസ് വർഗ്ഗിസ് ,ഫിലാഡൽഫിയ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.