ഒരു കാര്യം തീര്‍ച്ചയാണ്. നമുക്ക് കാര്യമായ എന്തോ സംഭവിച്ചിട്ടുണ്ട്. വളച്ചുകെട്ടൊന്നും കൂടാതെ പറയട്ടെ, പരിഷ്കൃത ലോകത്തിനു മുമ്പില്‍ തലകുനിച്ചു നില്ക്കേണ്ടിവരുന്ന ഒരു പ്രത്യേകതരം മാനസികാവസ്ഥയില്‍ നാം അകപ്പെട്ടിരിക്കുന്നു. ഒഴിഞ്ഞുപോകാത്ത ഏതോ ഒരു മുജ്ജന്മശാപം പോലെ പിടിമുറുക്കിയിരിക്കുന്ന ആ പ്രതിഭാസം ഇന്ന് ഒരു ജനതയെ ആകമാനം കീഴ്പ്പെടുത്തിയിരിക്കുകയാണ്. നമ്മള്‍ എങ്ങനെയാണ് ഇങ്ങനെയായിത്തീര്‍ന്നത്? ആര്‍ക്ക് എവിടെയാണ് പിഴച്ചത്?
പ്രായംചെന്നവരോട് ചോദിച്ചാല്‍ ഒരു പഴഞ്ചൊല്ലായിരിക്കും മറുപടി. 'അറിയാത്ത പുള്ള ചൊറിയുമ്പോളറിയും'. പുതിയ തലമുറയോടെങ്ങാന്‍ ചോദിച്ചുപോയാല്‍ പണി തീര്‍ന്നതുതന്നെ. അവര്‍ നമ്മെ കടിച്ചു കുടഞ്ഞ് നിലത്തടിക്കും. പിന്നെ വീരവാദങ്ങളുടെ ഒരു പെരുമഴ തന്നെയായിരിക്കും. ഇത്ര പിന്തിരിപ്പന്മാരായിപ്പോയല്ലോ നിങ്ങളൊക്കെ. അമ്പതു വര്‍ഷം മുമ്പ് ജീവിച്ചതുപോലെ ഇപ്പോഴും കഴിയണമെന്നു വാശിപിടിക്കുന്നത് എന്തൊരു വിഡ്ഢിത്തമാണ്. ഇത് ഇന്‍റലക്ച്വല്‍ മുന്നേറ്റങ്ങളുടെ കാലമാണ്. കൊച്ചുകുട്ടികളെ നോക്കൂ. ഡ്രോണും യോറ്റോപ്ലേയറും എഐ റോബോട്ടുമൊക്കെ വീട്ടിലിരുന്ന് തനിയെ നിര്‍മ്മിച്ചു കളിക്കുകയാണവര്‍. പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സിനിമാ സ്ക്രിപ്റ്റ് എഴുതുന്നു. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സിനിമ പിടിക്കുന്നു. ശാസ്ത്ര-സാങ്കേതിക വളര്‍ച്ചയെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ആയിരം നാവാണ് ന്യൂജെന്‍സിന്. ചന്ദ്രനിലേക്ക് പോകുമ്പോള്‍ എന്തു ഡ്രസ്സാണ് ധരിക്കേണ്ടത് എന്നുപോലും ചിന്തിച്ചുറച്ചവരാണ് അവരൊക്കെ. എല്ലാം അവര്‍ക്കറിയാം. ഒന്നും അങ്ങോട്ടു കയറിപ്പറഞ്ഞു കൊണ്ടുക്കേണ്ടതില്ല. അവരുടെ ആവനാഴിയിലെ അവസാനത്തെ ആയുധം ആരെയും തളര്‍ത്തിക്കളയും. 'ഇത് കേരളമാണ്-പ്രബുദ്ധകേരളം.'
നാഴികയ്ക്കു നാല്പതുവട്ടം ഉദ്ഘോഷിക്കപ്പെടുന്ന ഈ അലങ്കാര വാക്യം കേട്ടുകേട്ടു മനസ്സ് മടുത്തവരാണ് നമ്മള്‍. യഥാര്‍ത്ഥത്തില്‍ ഇത്രമാത്രം അഭിമാനിക്കുവാനും ഊറ്റംകൊള്ളുവാനുമൊക്കെ യോഗ്യരാണോ നമ്മള്‍. ഇതഃപര്യന്തം നാം ആര്‍ജ്ജിച്ചെടുത്ത സകല നേട്ടങ്ങളെയും ഒറ്റയടിക്ക് നിഷ്പ്രഭമാക്കുന്ന തരത്തിലുള്ളതല്ലേ നമ്മുടെ 'കയ്യിലിരുപ്പുകള്‍'. അതൊക്കെ മറച്ചുപിടിക്കുവാനാണോ ഈ വാചാടോപങ്ങളൊക്കെ. കരിപുരണ്ട ആ കപടമുഖം ഇനിയും എത്രകാലം ഒളിച്ചുവെക്കാന്‍ നമുക്കു കഴിയും? മലയാളി (നമ്മുടെ) യുടെ വെള്ളപൂശിയ ആ മുഖംമൂടി വലിച്ചെറിയുകയാണ് ഇവിടെ, ഈ എളിയ ലേഖകന്‍.
'പണം കായ്ക്കുന്ന ഒരു മരമുണ്ട്' എന്നാരെങ്കിലും പറഞ്ഞാല്‍, 'അതിന്‍റെ ഒരു തൈ കിട്ടുവാനെന്താണ് മാര്‍ഗ്ഗം?' എന്ന് ആകാംക്ഷയോടെ ചോദിക്കുന്ന ഒരു ജനസമൂഹം ഇന്നും ഭൂമുഖത്തുണ്ട്. മലയാളികളെക്കുറിച്ചുള്ള ഈ അത്യാധുനിക ഫലിതം തികച്ചും അതിശയോക്തിപരമായിത്തോന്നാം. എന്നാല്‍, അതിനെയൊക്കെ വെല്ലുന്ന തരത്തിലുള്ള പമ്പര വിഡ്ഢിത്തങ്ങളിലും ഭൂലോക തട്ടിപ്പുകളിലുമാണ് നമ്മള്‍ നിരന്തരം അകപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന സത്യം ആര്‍ക്കാണ് നിഷേധിക്കുവാന്‍ കഴിയുക. കേരളത്തിലെ മാധ്യമങ്ങളില്‍ ഈയടുത്തകാലത്ത് ഏറ്റവും പ്രാധാന്യത്തോടെ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളൊക്കെത്തന്നെ ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള തട്ടിപ്പുകള്‍ തുറന്നുകാട്ടുന്നവയാണ്. ഒരു മനുഷ്യനെ പരമാവധി എങ്ങനെയൊക്കെ കബളിപ്പിക്കാം, എന്തുമാത്രം ചൂഷണം ചെയ്യാമെന്നൊക്കെ ശാസ്ത്രീയമായി പഠിക്കണമെങ്കില്‍ മലയാള മാധ്യമങ്ങള്‍ പതിവായി ശ്രദ്ധിച്ചുകൊണ്ടിരുന്നാല്‍ മാത്രം മതി. പകുതിവിലയ്ക്ക് സ്കൂട്ടര്‍ മുതല്‍ കോടാനുകോടി രൂപയുടെ 'ഹൈറിച്ച്' പദ്ധതികള്‍ വരെ നിര്‍ബാധം നടപ്പിലായത് നമ്മുടെ കേരളം കേന്ദ്രീകരിച്ചാണ്. ഇതിലൊക്കെപ്പെട്ടു പോകുന്നത് വെറും സാധാരണക്കാരോ അക്ഷരാഭ്യാസമില്ലാത്തവരോ ഒന്നുമല്ല എന്നതാണ് ഏറ്റവും രസാവഹം. ഉന്നത വിദ്യാഭ്യാസ യോഗ്യതയുമായി ആറക്കത്തിനുമേല്‍ ശമ്പളം വാങ്ങുന്നവരും മറ്റുമാണ് ഈ കൊടുംചതികളില്‍ വീണുപോകുന്നത് എന്നു കേള്‍ക്കുമ്പോള്‍ സാധാരണക്കാര്‍ മൂക്കത്തു വിരല്‍വെച്ചു പോകും.
ഈയടുത്തകാലത്ത് 'മണിചെയിന്‍' ഇടപാടുമായി ബന്ധപ്പെട്ട് ഒരു ഉയര്‍ന്ന പോലീസ് ഓഫീസര്‍ തന്‍റെ സതീര്‍ത്ഥ്യന്‍ കൂടിയായിരുന്ന ഒരു കോളജ് അദ്ധ്യാപകനോട് ചോദിച്ചു. "എങ്കിലും സുഹൃത്തേ, താങ്കളെപ്പോലുള്ളവരൊക്കെ ഈ കൊടുംചതിയില്‍ വീണുപോയെന്നു വിശ്വസിക്കാന്‍ തന്നെ പ്രയാസം. ഇതെങ്ങനെ സംഭവിച്ചു?" വളരെ പതുങ്ങിയ ശബ്ദത്തില്‍ തെല്ലൊരു ലജ്ജയോടെയുള്ള ആ അദ്ധ്യാപകന്‍റെ മറുപടി ഇതായിരുന്നു: "പറ്റിപ്പോയി. ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ."
ഈ 'പറ്റിപ്പോകല്‍' ഇന്നോ ഇന്നലെയോ തുടങ്ങിയതൊന്നുമല്ല. 1970-കളില്‍ ഈ കുടിലതന്ത്രം ആധുനിക കേരളത്തില്‍ അരങ്ങേറിയത് കാര്‍ഷിക-ഉത്തേജക വേഷത്തിലായിരുന്നു. ആട്, കോഴി, മാഞ്ചിയം, തേക്ക് തുടങ്ങിയ ആ പദ്ധതികളിലേക്ക് ചതിയെന്തെന്നറിയാത്ത നിഷ്ക്കളങ്കരായ കര്‍ഷകര്‍ ആകര്‍ഷിക്കപ്പെട്ടു. ആ വഞ്ചനയുടെ തിക്തഫലങ്ങള്‍ അനുഭവിച്ചവരില്‍ പലരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ചിലരൊക്കെ ആത്മഹത്യ ചെയ്തു. നിരവധി കുടുംബങ്ങള്‍ വഴിയാധാരമായി. ആയിരങ്ങളെ കണ്ണീരിലാഴ്ത്തിയ ആ പരിപാടി പൊളിഞ്ഞടങ്ങിയെങ്കിലും അതിന്‍റെ രൂപഭാവങ്ങളും പേരുകളുമൊക്കെ മാറ്റി പൂര്‍വ്വാധികം ശക്തിയോടെ അവയൊക്കെ ഇപ്പോഴും നമ്മുടെയിടയില്‍ത്തന്നെ വിലസുന്നുണ്ട് എന്നുള്ളതാണ് വസ്തുത. പുതിയ വീഞ്ഞ്, പുതിയ കുപ്പി, കണ്ണഞ്ചിപ്പിക്കുന്ന പുതുപുത്തന്‍ ലേബലുകള്‍. 'മള്‍ട്ടിസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ്സ്, ധനവാരിധി, ഫാം ഫെഡ്, കുബേരഭരണി, റൊമാന്‍സ് ഡിപ്പോസിറ്റ്സ്' പ്രൗഢഗംഭീരവും അര്‍ത്ഥസമ്പുഷ്ടവുമായ ഈ പേരുകള്‍ അവയില്‍ ചിലതുമാത്രം. രൂപരേഖകളും അവതരണരീതികളുമെല്ലാം വ്യത്യസ്തമായിരിക്കുമെങ്കിലും 'ഫ്രോഡ്'കള്‍ക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്. എല്ലാവരുടെയും തുടക്കം ഏതാണ്ട് ഇങ്ങനെയൊക്കയായിരിക്കും.
വിലയേറിയ സണ്‍ഗ്ലാസും കസ്റ്റമൈസ്ഡ് ത്രീപീസും ധരിച്ച് സുമുഖനായ ഒരാള്‍ ഒരു വലിയ ആഡംബരക്കാറിന്‍റെ പിന്‍സീറ്റില്‍ നിന്നും സുസ്മേരവദനനായി മെല്ലെ പുറത്തിറങ്ങുന്നു. അനന്തരം ഒരു ജാലവിദ്യക്കാരന്‍റെ കയ്യടക്കത്തോടെ തന്‍റെ മികവുറ്റ വാചാലതയുടെ വിശാലമായ വാതായനങ്ങള്‍ തുറക്കുകയായി. പ്രഥമ വീക്ഷണത്തില്‍ത്തന്നെ സാധാരണക്കാരെ പിടിച്ചു നിര്‍ത്താന്‍ ഇതൊക്കെ ധാരാളം മതി. അല്പം ഇംഗ്ലീഷിന്‍റെ മേമ്പൊടി കൂടിയുണ്ടെങ്കില്‍ പറയാനുമില്ല. വിദ്യാസമ്പന്നരെന്നഭിമാനിക്കുന്നവരെപ്പോലും നിമിഷനേരം കൊണ്ട് ആരാധകരാക്കി മാറ്റുന്ന ആ 'രസതന്ത്രം' വിജയിച്ചുകഴിഞ്ഞാല്‍ പിന്നെ കാര്യങ്ങളെല്ലാം എളുപ്പമായി. പറയുന്നതൊക്കെ വേദവാക്യങ്ങള്‍. ഇനിയാണ് അതിനിര്‍ണ്ണായകമായ നീക്കങ്ങള്‍. 'ലോകപ്രസിദ്ധ'മായ തന്‍റെ ബിസിനസ് സാമ്രാജ്യത്തിന്‍റെ പൂര്‍ണ്ണ വിവരങ്ങളടങ്ങിയ 'ബ്രോഷര്‍' പതുക്കെ പുറത്തെടുക്കുന്നു. സുപ്പീരിയര്‍ ക്വാളിറ്റിയിലുള്ള വിലയേറിയ പ്രിന്‍റിങ് പേപ്പറിലെ മിന്നിത്തിളങ്ങുന്ന ചിത്രങ്ങളില്‍ ബോയിങ് വിമാനത്തിന്‍റെ പാര്‍ട്സുകള്‍ മുതല്‍ സര്‍ജിക്കല്‍ ഗ്ലൂ വരെയുണ്ടാകും. അടുത്ത പേജുകള്‍ മറിക്കുമ്പോഴാണ് ആരാധകര്‍ അത്ഭുതാദരവുകളോടെ വായ് പിളര്‍ന്നു നിന്നുപോകുന്നത്. ഉന്നതരായ പോലീസ് ഓഫീസര്‍മാരും സിനിമാ-സെലിബ്രിറ്റികളും മുതല്‍ മന്ത്രിമാര്‍ വരെ പങ്കെടുക്കുന്ന ഷോറൂം ഉദ്ഘാടനങ്ങള്‍, സിമ്പോസിയങ്ങള്‍, ഡിന്നര്‍ പാര്‍ട്ടികള്‍ അങ്ങനെ ഒരു ചലച്ചിത്രത്തിലെന്നതുപോലെ മിന്നിമറയുന്ന സ്നാപ്പുകള്‍. ഇതിനെല്ലാം പുറമെ ഐഎഎസ്, ഐപിഎസ് ഓഫീസര്‍മാര്‍ ബ്രാന്‍ഡ് അംബാസഡര്‍മാരും പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ രക്ഷാധികാരികളും കൂടിയാകുമ്പോള്‍ ജനവിശ്വാസം അതിന്‍റെ പാരമ്യത്തിലെത്തുവാന്‍ ഇനി മറ്റെന്താണ് വേണ്ടത്? വിശ്വാസം, അതല്ലേ എല്ലാം. ടിപ്പുസുല്‍ത്താന്‍റെ വാളും, അശോകന്‍റെ സിംഹാസനവും ദുഷ്യന്തന്‍ ശകുന്തളയ്ക്കു കൊടുത്ത മോതിരവുമെല്ലാം ഒരുനോക്കു കാണുവാനും എത്ര പണം മുടക്കിയിട്ടായാലും മഹത്തായ ആ ബിസിനസ്സില്‍ ഒന്നു പങ്കുചേരുവാനും ആളുകള്‍ ഓടിക്കൂടുന്നതിന്‍റെ രഹസ്യവും മറ്റൊന്നല്ല; കറതീര്‍ന്ന വിശ്വാസം അതൊന്നുമാത്രമാണ്.
ഇത്രയുമെല്ലാം പറഞ്ഞുപോയതുകൊണ്ട് മലയാളികളൊക്കെ വെറും വിഡ്ഢികളാണ് എന്നൊന്നും അര്‍ത്ഥമാക്കേണ്ടതില്ല. നേരിട്ടുകണ്ട് ബോദ്ധ്യപ്പെടാതെ ഒന്നും വിശ്വസിക്കില്ലെന്നു ദൃഢവ്രതമെടുത്തിട്ടുള്ള നമ്മള്‍ കൂര്‍മ്മബുദ്ധിക്കും പേരുകേട്ടവരാണ്. പ്രമാദമായ കേസുകളിലെ എത്ര സങ്കീര്‍ണ്ണമായ നിയമക്കുരുക്കുകളില്‍ നിന്നുപോലും സൂത്രപ്പഴുതുകളി (ലൂപ്പ്ഹോള്‍) ലൂടെ രക്ഷപ്പെടുവാനുള്ള അസാമാന്യ പാടവമുള്ളവരാണ്. ഏതൊരു വിളഞ്ഞ വ്യാജനെയും എത്ര വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നുപോലും നിഷ്പ്രയാസം തിരിച്ചറിയാന്‍ കഴിവുള്ള മലയാളികളുണ്ട്. ഇതിനെല്ലാം പുറമെ, ലക്ഷണശാസ്ത്രം, മുഖലക്ഷണം, ഭൂതലക്ഷണം തുടങ്ങി മനുഷ്യമനസ്സിന്‍റെ നിഗൂഢതകളിലേക്ക് അനായാസം ഇറങ്ങിച്ചെല്ലുവാനുള്ള പ്രാവീണ്യം നേടിയവരാണ് നമ്മള്‍.പക്ഷേ, മേല്‍പ്പറഞ്ഞ പാണ്ഡിത്യവും യുക്തിബോധവുമൊക്കെയുള്ള മലയാളി സകലതും മറന്ന് സാഷ്ടാംഗം വീണുപോകുന്ന ഒരു രംഗമുണ്ട്. 'ഒന്നുവെച്ചാല്‍ രണ്ട് കിട്ടും. വരൂ...വരൂ..' എന്ന ഒരൊറ്റ വിളികേട്ടാല്‍ പിന്നെ ഒരു സംശയവുമില്ല. ഉണ്ണാനുരുട്ടിയ ചോറ് പാത്രത്തോടെ മാറ്റിവെച്ച് മലയാളി പാഞ്ഞെത്തും. ലജ്ജാകരമായ നമ്മുടെ ഈ ദൗര്‍ബല്യമാണ് സകലവിധ 'തരികിട'കള്‍ക്കും വളക്കൂറുള്ള മണ്ണായി ഈ നാട് പരിണമിക്കുവാനുള്ള ഒരേയൊരു കാരണം.
വേട്ടക്കാരനും ഇരയും തമ്മിലുള്ള ഒരു പ്രത്യേകതരം മാനസികപ്പൊരുത്തമാണ് ഇവിടെയെല്ലാം നാം കാണുന്നത്. മാടപ്രാവിന്‍റെ ഹൃദയനൈര്‍മല്യമഭിനയിച്ച് പരമാവധി ആകര്‍ഷണീയതയോടെയായിരിക്കും ഏതൊരു 'കറക്കുകമ്പനി'ക്കാരനും പ്രത്യക്ഷപ്പെടുക.ഇരയ്ക്ക് വേണമെങ്കില്‍ അവരെ അവഗണിക്കുകയോ വഴിമാറിപ്പോവുകയോ ചെയ്യാം. പക്ഷേ, അതിനൊന്നും തുനിയാതെ വികാരവതിയായ ഒരു നവോഢയെപ്പോലെ കൊഞ്ചിക്കുഴഞ്ഞ് 'പ്ലീസ് എന്നെയൊന്നു പറ്റിക്കൂ' എന്നപേക്ഷിച്ചുകൊണ്ട് വേട്ടക്കാരന്‍റെ മുമ്പില്‍ നിന്നുകൊടുക്കുന്നു. അതാണ് മലയാളി. ആര്‍ക്കു കഴിയും അവനെ രക്ഷിക്കുവാന്‍.
പറ്റിയതൊക്കെപ്പറ്റി. ഇനി ജീവിതത്തിലൊരിക്കലും ഇത്തരം അബദ്ധങ്ങളില്‍ ചെന്നു വീഴുകയില്ലെന്നു ശപഥം ചെയ്തിരിക്കുമ്പോഴാണ് അടുത്ത പരസ്യം ഹെലിക്കോപ്റ്റര്‍ വഴി വരുന്നത്. "ഒറ്റവര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകും. നറുക്കെടുപ്പിലൂടെ എല്ലാ മാസവും ഒരാള്‍ക്ക് ഒരു ഫ്ളാറ്റ്. ഫ്ളാറ്റ് വേണ്ടാത്തവര്‍ക്ക് ആഡംബരക്കാര്‍." (ഫ്ളാറ്റിന്‍റെയും കാറിന്‍റെയും ചിത്രങ്ങള്‍ ബ്രോഷറിലുണ്ട്). ഒന്നു പരീക്ഷിക്കാന്‍ ആര്‍ക്കും തോന്നിപ്പോകും. പക്ഷേ, കരിഞ്ചന്തക്കാരനോ കള്ളപ്പണക്കാരനോ ഒന്നുമല്ല, ഇത്തരം ചതിക്കുഴികളില്‍ വീണുപോകുന്നത് എന്നതാണ് ഖേദകരമായ സത്യം. ഒരുതുള്ളി വെള്ളം പോലും ചേര്‍ക്കാതെ, വര്‍ഷങ്ങളോളം പാലുവിറ്റ് സ്വരുക്കൂട്ടിയ സമ്പാദ്യവും വസ്തുവിറ്റുകിട്ടിയ പണവും പെന്‍ഷന്‍പറ്റി പിരിഞ്ഞപ്പോള്‍ കിട്ടിയ ആജീവനാന്ത സ്വപ്നങ്ങളും മറ്റുമാണ് ഈ തീവെട്ടിക്കൊള്ളയില്‍പ്പെട്ട് ആവിയായിപ്പോകുന്നത്.
പതിറ്റാണ്ടുകളായി നിരവധി തട്ടിപ്പുകേസുകള്‍ പുറത്തുവന്നിട്ടും പ്രതികള്‍ തെളിവുസഹിതം പിടിക്കപ്പെട്ടിട്ടും ഇന്നും വ്യാപകമായ തോതില്‍ത്തന്നെ വാണരുളുവാന്‍ ഈ 'ഫ്രോഡു'കള്‍ക്ക് എങ്ങനെ കഴിയുന്നു എന്നല്ലേ? പ്രധാനമായും മൂന്നു കാരണങ്ങളാണ് അതിന് ചൂണ്ടിക്കാണിക്കപ്പെടുന്നത്. (1) ഏതെങ്കിലും ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെ നിറസാന്നിദ്ധ്യം. (2) കബളിപ്പിക്കപ്പെട്ടുപോയ ബഹുഭൂരിപക്ഷവും ദുരഭിമാനം മൂലം പുറത്തു പറയാറില്ല എന്ന സത്യം. (3) സാമ്പത്തികത്തട്ടിപ്പുകളില്‍ ഇന്ത്യന്‍ ശിക്ഷാനിയമങ്ങളുടെ അപര്യാപ്തത.
ആധുനിക ലോകത്തിനു മുമ്പില്‍ നമ്മുടെ ശിരസ്സ് ഭൂമിയോളം താഴ്ത്തിക്കളയുന്ന ഈ ദുരവസ്ഥയുടെ പിന്നിലെ യഥാര്‍ത്ഥ ചേതോവികാരം എന്തായിരിക്കും? അതു കണ്ടുപിടിക്കാന്‍ അത്ര വലിയ മനഃശാസ്ത്ര ഗവേഷണമൊന്നും ആവശ്യമില്ല. വെറും സാമാന്യബുദ്ധിയും അല്പം ധാര്‍മ്മിക ബോധവുമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. വിനാശകാരിയായ ആ വികാരത്തിന്‍റെ പേരാണ് 'അത്യാഗ്രഹം.' അതെ. അടങ്ങാത്ത ആര്‍ത്തിയും ഒടുങ്ങാത്ത ആക്രാന്തവുമാണ് നമ്മെ ഇങ്ങനെയാക്കിത്തീര്‍ത്തത്.
ബോധവത്കരണം കൊണ്ടോ ഉപദേശംകൊണ്ടോ മാറ്റിയെടുക്കാന്‍ കഴിയാത്ത ഈ ദുഷിച്ച പ്രവണതയ്ക്ക് ഉത്തമമായ ഒരേയൊരു പ്രതിവിധി വിശുദ്ധ ബൈബിളിലുണ്ട്: "മനുഷ്യന്‍ അപ്പംകൊണ്ട് മാത്രമല്ല; ദൈവത്തിന്‍റെ വായില്‍ക്കൂടി വരുന്ന സകലവചനം കൊണ്ടും ജീവിക്കുന്നു." (മത്തായി 4:4)

കാളിയാര്‍ തങ്കപ്പന്‍

