PRAVASI

കലയും ജീവിതവും നിറച്ച് മുന്തിരിപ്പന്തലിൽ ഉല്ലാസ് പന്തളം

Blog Image

വയറുനിറയെ ഭക്ഷണവും തമാശയുമുള്ള മുന്തിരി പന്തലിലേക്ക് നമ്മെ സ്വാഗതം ചെയ്യുകയാണ് ഉല്ലാസ് പന്തളം എന്ന അനുഗ്രഹീത കലാകാരൻ. രണ്ടു പതിറ്റാണ്ടിലേറെയായി മലയാളികളെ കുടുകുടെ  ചിരിപ്പിച്ച അദ്ദേഹം ഹാസ്യത്തോടൊപ്പം തന്നെ വയറു നിറയാൻ ഭക്ഷണവും വിളമ്പുന്നു. മിമിക്രി വേദികളിലൂടെ കലാജീവിതം ആരംഭിച്ച ഉല്ലാസ് കോമഡി സ്റ്റാർസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് ജനശ്രദ്ധ പിടിച്ചു പറ്റിയത്. ഇന്ന് മുന്തിപ്പന്തൽ എന്ന ഹോട്ടൽ കൗണ്ടറിൽ എപ്പോഴും അദ്ദേഹം ഉണ്ടാകും. അദ്ദേഹത്തിന്റെ തമാശകൾ കാണുകയും കേൾക്കുകയും ചെയ്യുന്നവർ ചിരിച്ച് ചിരിച്ച് വയറു നിറഞ്ഞു എന്നു പറയുന്നതുപോലെ മുന്തിരിപ്പന്തലിൽ  നിന്നിറങ്ങുന്നവരെല്ലാം ഒരേ സ്വരത്തിൽ പറയും - ചിരിച്ചും കഴിച്ചും വയറു നിറഞ്ഞെന്ന്! ഇന്ന് വലിയവൻ എന്നോ ചെറിയവൻ എന്നോ വ്യത്യാസമില്ലാതെ പന്തളം ദേശത്തെ എല്ലാ ജനവിഭാഗങ്ങളും മുന്തിരിപ്പന്തലിലെ ചിരിയുടെയും ഭക്ഷണത്തിന്റെയും രുചി നുണയാൻ പതിവു തെറ്റിക്കാതെ അവിടെ എത്താറുണ്ട്.


ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ പ്രതിഭാശാലിയായ ഒരു വ്യക്തിയുടെ ചിരിയും ലോകവും ഒരു ഹോട്ടൽ കൗണ്ടറിലേക്ക് ചുരുങ്ങി പോയതിന് പിന്നിൽ പൊരുതി നേടിയ ഒരു ജീവിതത്തിന്റെ കഥയുണ്ട് പറയാൻ. സൗഭാഗ്യങ്ങളുടെ നാളുകളിൽ തിരക്കുപിടിച്ച കലാകാരനായിരുന്നു അദ്ദേഹം. വേദികൾ തോറും അദ്ദേഹത്തിന്റെ തമാശയും പൊട്ടിച്ചിരികളും നിറഞ്ഞൊഴുകി. തനതായ ശൈലിയിലുള്ള അദ്ദേഹത്തിന്റെ വാക്കും വരികളും പ്രേക്ഷക മനസ്സുകളിൽ ഇന്നും മായാതെ നിൽക്കുന്ന ഹാസ്യ  കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. 


 കരിയറിന്റെ ആ സുവർണ്ണ കാലത്തിന് വിലങ്ങിട്ട്  പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ അദ്ദേഹത്തിന് പക്ഷാഘാതം പിടിപെട്ടു.  രോഗത്തിന്റെ മൂർച്ചയിൽ എന്ത് ചെയ്യണമെന്നറിയാതെ പതറിയപ്പോൾ കൂടെയുണ്ടായിരുന്നവരെല്ലാം കൈയൊഴിഞ്ഞെങ്കിലും  ആശ്വാസമായി അദ്ദേഹത്തിന് കൂടെ ഉണ്ടായിരുന്നത് മുന്തിരിപ്പന്തൽ എന്ന അദ്ദേഹത്തിന്റെ  സംരംഭം മാത്രമായിരുന്നു. "സമ്പത്ത്  കാലത്ത് തൈ പത്ത് വെച്ചാൽ ആപത്തു കാലത്ത് കാ പത്ത് തിന്നാം" എന്ന പഴമൊഴിക്ക് ഓരോ മനുഷ്യന്റെ ജീവിതത്തിലും  അർത്ഥമുണ്ടെന്ന് അദ്ദേഹം ജീവിതത്തിലൂടെ പറഞ്ഞു തരികയാണ്. സമ്പാദ്യങ്ങളുടെ നീണ്ടനിരയൊന്നും ഇല്ലെങ്കിലും  കരിയറിന്റെ ആ നല്ല കാലത്ത് നട്ടു നനച്ച മുന്തിരിപ്പന്തൽ ആണ് ആപത്ത് കാലത്ത് അദ്ദേഹത്തിന് തണലായത്. 

ഏകദേശം എട്ടു മാസങ്ങൾക്കു മുൻപാണ് ഉല്ലാസിന്റെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവം ഉണ്ടായത്. അപ്രതീക്ഷിതമായി വന്നു  ഭവിച്ച  പക്ഷാഘാതം അദ്ദേഹത്തിന്റെ ശരീരത്തിലെ ഇടതു ഭാഗം ഭാഗികമായി തളർത്തി. കലാരംഗത്ത് സജീവ സാന്നിധ്യമായി  കൊണ്ട്  വേദികളിൽ നിന്ന് വേദികളിലേക്ക് തിരക്കൊഴിയാതെ പരിപാടികളുമായി നടന്നിരുന്ന ഉല്ലാസ് അങ്ങനെ പെട്ടെന്ന്  അപ്രത്യക്ഷനായി. വീണിടത്തു നിന്ന് ആരുടെയും സഹായമില്ലാതെ സ്വയം നേടിയെടുത്ത പുനർജന്മമാണ് അദ്ദേഹത്തിന്റെ ഈ  ജീവിതം. അതുകൊണ്ടുതന്നെ സ്റ്റേജ് പരിപാടിയേക്കാൾ കൂടുതൽ സമ്മർദ്ദം ഉള്ള മേഖലയാണെങ്കിൽ പോലും മുന്തിരിപ്പന്തൽ എന്ന  ഹോട്ടൽ നടത്തിക്കൊണ്ടു പോകുന്നതിൽ അദ്ദേഹം വളരെയധികം അഭിമാനിക്കുന്നു. ഇപ്പോഴത്തെ ആരോഗ്യനില അദ്ദേഹത്തെ  കലാജീവിതത്തിൽ നിന്നും പിന്നോട്ട് വലിക്കുന്നത് വേദനാജനകമാണെങ്കിലും"ഉല്ലാസിന്റെ ചിരി പോലെ തന്നെ ഇവിടുത്തെ  ഭക്ഷണവും രുചികരമാണ് " എന്നുള്ള  ഓരോരുത്തരുടെയും മനസ്സ് നിറഞ്ഞ അഭിപ്രായത്തിൽ ആശ്വാസം കണ്ടെത്തുകയും  പ്രചോദനം ഉൾക്കൊള്ളുകയുമാണ് അദ്ദേഹമിപ്പോൾ. 

ശില്പ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.