ആ ചിരി മാഞ്ഞിട്ട് ഇന്ന് പത്തു വർഷം തികയുന്നു. വെറുമൊരു നടൻ എന്നതിലുപരി മലയാളിയുടെ നാടൻ പാട്ടിനും ആവേശത്തിനും താളമിട്ട കലാഭവൻ മണി ഇന്നും ചാലക്കുടിപ്പുഴയുടെ ഓളങ്ങൾ പോലെ മലയാളികളുടെ ഓർമ്മകളിൽ സജീവമാണ്.മിമിക്രി വേദിയിൽ നിന്ന് അഭിനയത്തിന്റെ നെറുകയിലേക്കും, അവിടുന്ന് ജനകോടികളുടെ ഹൃദയത്തിലേക്കും ചേക്കേറിയ ഒരാളിന്റെ വേർപാട് ഇന്നും മലയാളം ഉൾക്കൊണ്ടിട്ടില്ല .ആടിയും പാടിയും ജനഹൃദയങ്ങൾ കീഴടക്കിയ മണിയുടെ വേർപാട് ഇന്നും മലയാളികൾക്ക് തീരാനഷ്ടമാണ്. അവസാനം അഭിനയിച്ച ചിത്രത്തിന്റെ പേരുപോലെ തന്നെ യാത്ര ചോദിക്കാതെയായിരുന്നു മണിയുടെ മടക്കം. മലയാളികളെ സംബന്ധിച്ച് മാർച്ച് മാസം ഓർമ്മിപ്പിക്കുന്നത് ആ വേദന നിറഞ്ഞ ദിനം തന്നെയാണ്. 2016 മാർച്ച് 6നായിരുന്നു സിനിമാ ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ട് മണി വിടവാങ്ങിയത്.
1971-ൽ ചാലക്കുടിയിൽ ജനിച്ച മണിക്ക് ജീവിതം ഒരിക്കലും ഒരു പൂമെത്തയായിരുന്നില്ല. പഠനത്തിൽ പിന്നിലായിരുന്നെങ്കിലും കലയിൽ അയാൾ ഒന്നാമനായിരുന്നു. കുടുംബം പുലർത്താൻ ഓട്ടോ ഓടിച്ചും മണൽ വാരിയും കഠിനാധ്വാനം ചെയ്തപ്പോഴും കലയെ അദ്ദേഹം നെഞ്ചോട് ചേർത്തു. മിമിക്രി വേദികളിലൂടെയുള്ള ‘രാത്രിയോട്ടം’ കലാഭവനിലെത്തിച്ചതോടെ മണിയുടെ തലവര മാറി.
‘സമുദായം’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. ‘സല്ലാപ’ത്തിലെ ചെത്തുകാരൻ മണിയുടെ കരിയറിൽ വലിയ ബ്രേക്കായി. വിനയന്റെ ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രം മണിയിലെ അഭിനയ പ്രതിഭയെ ലോകത്തിന് കാട്ടിക്കൊടുത്തു. അന്ധനായ രാമു എന്ന കഥാപാത്രം ദേശീയ-സംസ്ഥാന പുരസ്കാരങ്ങളിൽ പ്രത്യേക പരാമർശത്തിന് അർഹനായി. ‘കരുമാടിക്കുട്ടൻ’, ‘ബെൻ ജോൺസൺ’ എന്നീ ചിത്രങ്ങളിൽ നായകനായി തിളങ്ങിയ മണി, ‘വല്ല്യേട്ടൻ’, ‘ഛോട്ടാ മുംബൈ’, തമിഴ് ചിത്രം ‘ജെമിനി’ എന്നിവയിൽ പകരം വെക്കാനില്ലാത്ത വില്ലനായും വിസ്മയിപ്പിച്ചു.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മണി വൻ തരംഗമായി. രജനീകാന്ത്, കമൽഹാസൻ തുടങ്ങിയ വൻതാരങ്ങൾക്കൊപ്പം അഭിനയിച്ചപ്പോഴും തന്റെ വേരുകൾ ചാലക്കുടിയിലാണെന്ന് അദ്ദേഹം മറന്നില്ല. മണിയുടെ മണികൂനാരവും നാടൻപാട്ടുകളും ഇന്നും ഓരോ മലയാളി ആഘോഷങ്ങളുടെയും ഭാഗമാണ്.
വിസ്മൃതിയിലേക്കു നീങ്ങിയ നാടൻപാട്ട് എന്ന കലാരൂപത്തെ ജനപ്രിയമാക്കുന്നതിൽ മണിയുടെ പങ്ക് വളരെ വലുതാണ്. പാട്ടുപോലെതന്നെ ചടുലമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. മണി എന്ന കലാകാരൻ എന്നും ഒരു ആഘോഷമായിരുന്നു. ഇല്ലായ്മകളിൽ നിന്ന് പോരാടുന്ന ഓരോ മലയാളിയുടെയും മുന്നിൽ ബഹുമുഖങ്ങളുള്ള കണ്ണാടിപോലെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പഠനത്തിൽ പിന്നോക്കക്കാരനായിരുന്നെങ്കിലും കലയിൽ അസാധാരണ കഴിവ് തെളിയിച്ച മണി പത്താം ക്ലാസ്സിൽ പഠനം നിർത്തി തെങ്ങുകയറ്റക്കാരനായും മണൽവാരൽ തൊഴിലാളിയായും ഓട്ടോറിക്ഷ ഡ്രൈവറായുമെല്ലാം ജോലി ചെയ്ത് ജീവിച്ചു. എന്നാൽ ജീവിതസമരത്തിനിടയിലും കലയോടുള്ള സ്നേഹം ഒരിക്കലും വിട്ടുകളഞ്ഞില്ല. അതാണ് മണിയെ കലാഭവന്റെ മിമിക്സ് ട്രൂപ്പിലേക്ക് എത്തിച്ചത്.2016 മാർച്ച് 5 ന് വീടിനുസമീപത്തെ ‘പാഡി’ എന്ന അതിഥിമന്ദിരത്തിൽ മണിയെ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തുക ആയിരുന്നു. ഉടൻ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. ആ വാർത്ത പുറത്തുവന്നപ്പോൾ ചാലക്കുടി അക്ഷരാർത്ഥത്തിൽ ഒരു കണ്ണീർ കടലായി മാറി.സാധാരണക്കാരായ മനുഷ്യരെ ചേർത്ത് പിടിക്കാനും അവരുടെ കണ്ണീരൊപ്പാനും അവരെ ആനന്ദിപ്പിക്കാനും മനസ് കാണിച്ച അതുല്യ കലാകാരനായിരുന്നു മണി. കഴിവും അർപ്പണബോധവും വന്ന വഴി മറക്കാത്ത മനസുമുണ്ടെങ്കിൽ ഏത് ഉയരവും എത്തിച്ചേരാമെന്ന് തന്റെ ചെറിയ ജീവിതകാലംകൊണ്ട് അദ്ദേഹം മലയാളികൾക്ക് കാണിച്ചുതന്നു. ഓട്ടോക്കാരനായും ചെത്തുകാരനായും തുടങ്ങിയ വേഷങ്ങൾ പിന്നീട് പൊലീസായും പട്ടാളക്കാരനായും ഡോക്ടറായും കലക്ടറായും വരെ വളർന്നു. തമിഴിലെയും തെലുങ്കിലെയും സൂപ്പർതാരങ്ങളെ വിറപ്പിച്ച വില്ലനായി പോലും അദ്ദേഹം ശ്രദ്ധ നേടി.
ഒരു കോമഡി നടനിൽ നിന്ന് ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടുന്ന നടനായി വളർന്ന കലാകാരനായിരുന്നു മണി. നേട്ടങ്ങളുടെ പട്ടിക പൂർത്തിയാക്കാൻ ഇനിയും സമയം ഉണ്ടായിരിക്കെ ആയിരുന്നു ഈ ചാലക്കുടിക്കാരൻ ചങ്ങാതി വിടപറഞ്ഞത്. എന്നാൽ അദ്ദേഹം പാടി വച്ച നാടൻപാട്ടുകളും അവതരിപ്പിച്ച കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു.

