ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നു. കേസിൽ കടകംപള്ളിക്ക് ക്ലീൻ ചിറ്റ് നൽകാൻ പ്രത്യേക അന്വേഷണ സംഘം തയ്യാറായിട്ടില്ല. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപള്ളിക്കുള്ള ബന്ധത്തെക്കുറിച്ചും ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നതിലും എസ്.ഐ.ടി വിശദമായ പരിശോധന ആരംഭിച്ചു.
ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രമാണ് പോറ്റിയെ അറിയുന്നതെന്നും ഒരു തവണ മാത്രമാണ് കണ്ടതെന്നുമാണ് ഡിസംബർ 28-ന് നടന്ന ചോദ്യം ചെയ്യലിൽ കടകംപള്ളി മൊഴി നൽകിയത്. എന്നാൽ ഈ മൊഴിയിൽ വലിയ പൊരുത്തക്കേടുകൾ ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തി. മന്ത്രി എന്ന നിലയ്ക്കപ്പുറം കടകംപള്ളി പോറ്റിയുടെ വീട് സന്ദർശിച്ചിട്ടുണ്ടെന്നും ഒരു തവണ പോലീസ് അകമ്പടിയോടെയാണ് എത്തിയതെന്നും സാക്ഷിമൊഴികളുണ്ട്. പോറ്റിയുടെ അച്ഛനെ സന്ദർശിച്ചതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ, കടകംപള്ളിക്ക് താൻ ഉപഹാരങ്ങൾ നൽകിയിട്ടുണ്ടെന്ന് പോറ്റിയും മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ 2019-ൽ ഇരുവരും തമ്മിൽ എന്തെങ്കിലും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്തേക്കും.

