തിരുവല്ല : അമേരിക്കൻ മലയാളികളിലെ ശ്രദ്ധേയമായ സാന്നിദ്ധ്യവും ഫൊക്കാനയുടെ മുൻ ജനറൽ സെക്രട്ടറിയുമായ ഡോ. മാമ്മൻ സി ജേക്കബ് രചിച്ച ഉമ്മൻ ചാണ്ടി ഓർമ്മകളും അനുഭവങ്ങളും പങ്കുവെയ്ക്കുന്ന " ജനകീയനായ ജനനായകൻ " എന്ന പുസ്തകം അഭിവന്ദ്യ ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത ഉമ്മൻ ചാണ്ടിയുടെ സഹധർമ്മിണി മറിയാമ്മ ഉമ്മന് നൽകി പ്രകാശനം ചെയ്തു. ഉമ്മൻ ചാണ്ടിയെ കുറിച്ച് കേരളത്തിലെ ഓരോ വ്യക്തികൾക്കും നിരവധി അനുഭവങ്ങൾ പങ്കുവയ്ക്കാനുണ്ടാകും , അവ പുസ്തക രൂപത്തിൽ കാണുന്നത് അഭിമാനകരമായ കാര്യമാണ്. മറ്റൊരു ജന നേതാവിനും അത്തരം അനുഭവങ്ങൾ ലഭിക്കാനിടയില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുപ്പള്ളി മണ്ഡലം നിവാസി കൂടിയായ തനിക്ക് ഉമ്മൻ ചാണ്ടിയുമായി വ്യക്തിപരമായ നല്ല അടുപ്പം കാത്തു സൂക്ഷിക്കുവാനും നിരവധി വിഷയങ്ങളിൽ അദ്ദേഹത്തിൻ്റെ സഹായ സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മരണ ശേഷം അദ്ദേഹത്തിന് ലഭിക്കുന്ന ഓരോ ആദരവും വലിയ അംഗീകാരങ്ങളായി മാറുന്നു എന്നും ഡോ. മാമ്മൻ സി ജേക്കബ്ബിൻ്റെ പുസ്തകം അത്തരത്തിൽ അടയാളപ്പെടുത്തേണ്ട ഒന്നായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രിയപ്പെട്ട ബോബിച്ചായൻ ( ഡോ. മാമ്മൻ സി ജേക്കബ് ) എഴുതിയ ഉമ്മൻ ചാണ്ടി ഓർമ്മകൾ - ജനകീയനായ ജനനായകൻ സ്വീകരിച്ചത് വലിയ അഭിമാനത്തോടെയാണെന്നും അദ്ദേഹവുമായുള്ള പ്രിയപ്പെട്ട ബോബിച്ചായൻ്റെ ബന്ധവും , അവർ ഒരുമിച്ചുള്ള പ്രവർത്തനങ്ങളും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഉമ്മൻ ചാണ്ടിയുടെ സഹധർമ്മിണി മറിയാമ്മ ഉമ്മൻ പറഞ്ഞു. ചതയ ദിന ആഘോഷ തിരക്കുകകൾ യാത്രയിലുടനീളം ഉണ്ടായെങ്കിലും തിരുവനന്തപുരത്ത് നിന്നും നാല് മണിക്കൂർ യാത്ര ചെയ്ത് ബുക്ക് സ്വീകരിക്കുവാൻ എത്തിയത് ആഴമേറിയ ഒരു സൗഹൃദത്തോട് ഉണ്ടായ സ്നേഹ ബഹുമാനമാണെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. റൈറ്റ് റവ. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ യോഗം ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടിയും ഡോ. മാമ്മൻ സി ജേക്കബും ജീവകാരുണ്യ പ്രവർത്തനത്തിൽ മാതൃകയായ രണ്ട് വ്യക്തികളും അതിലുപരി അവർ നല്ല സുഹൃത്തുക്കളും ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. ഒരു വ്യക്തിയെ ഒരു പുസ്തകത്തിലൂടെ അടയാളപ്പെടുത്തുമ്പോൾ ഓർമ്മകളുടെ ഒരു ഇരമ്പം തന്നെ ഉണ്ടാകാം. ഉമ്മൻ ചാണ്ടിയുമായി ബോബിക്കുള്ള അടുപ്പവും ഈ പുസ്തകത്തിൻ്റെ മേന്മയാണെന്നും അദ്ദേഹം പറഞ്ഞു.വ്യത്യസ്ത ചേരിയിൽ ആയിരുന്നുവെങ്കിലും ഉമ്മൻ ചാണ്ടിയുമായുള്ള സൗഹൃദം വളരെ ദൃഢമായ ഒരു ബന്ധമായിരുന്നുവന്നു ആശംസ അറിയിച്ച മാത്യു ടി തോമസ് എം. എൽ. എ പറഞ്ഞു .നിയമസഭയിൽ എത്തിയ നാൾമുതൽ അദ്ദേഹവുമായി ആ സൗഹൃദം കാത്തു സൂക്ഷിക്കുവാൻ സാധിച്ചിരുന്നുവെന്നും അദ്ദേഹത്തെ അടുത്തറിയാവുന്ന ഓരോ വ്യക്തികൾക്കും അദ്ദേഹവുമായുള്ള അനുഭവങ്ങൾ ഒരു പുസ്തകമാക്കി മാറ്റുവാൻ സാധിക്കും.ഡോ.മാമ്മൻ സി ജേക്കബ് അതിനായി ശ്രമിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഷിബു മണലെ , സഖറിയ കരുവേലി , പാസ്റ്റർ മോനായി എന്നിവർ ആശംസകൾ നേർന്നു.ഡോ.മാമ്മൻ സി ജേക്കബ് മറുപടി പ്രസംഗം നടത്തി.തന്റെ ജീവിതത്തിലെ മികച്ച ഒരു നിമിഷമാണിതെന്നും ,ഉമ്മൻ ചാണ്ടിയുടെ സഹധർമ്മിണി തന്റെ ജീവിത നായകൻറെ ഓർമ്മകളുടെ പുസ്തകം സ്വീകരിക്കുവാൻ എത്തിയതിൽ അതിയായ സന്തോഷുണ്ടെന്നും അദ്ദേഹം പറഞ്ഞു.താൻ ജനറൽ സെക്രട്ടറിയായിരിക്കെ ഫൊക്കാനയുടെ റോച്ചസ്റ്റർ കൺവെൻഷനെത്തിയ ഉമ്മൻചാണ്ടി ,മറിയാമ്മ ഉമ്മൻ ,ചാണ്ടി ഉമ്മൻ എന്നിവർ കുടുംബ സമേതം ഫ്ലോറിഡയിലെ തന്റെ വീട്ടിൽ താമസിച്ചതും ഫ്ലോറിഡ കാണുവാൻ കുടുംബത്തോടെ യാത്ര ചെയ്തതുമൊക്കെ അദ്ദേഹം വിശദീകരിച്ചു .ഒട്ടും തിരക്കില്ലാത്ത ഉമ്മൻചാണ്ടിയെ അന്ന് ഒരു ഗൃഹനാഥനായി കാണുവാൻ സാധിച്ച നിമിഷങ്ങൾ അദ്ദേഹം ഓർമ്മിച്ചു . മുഖം ബുക്സ് എഡിറ്റർ അനിൽ പെണ്ണുക്കര പുസ്ത പരിചയം നടത്തി. തിരുവല്ല വൈ എം സി എ പ്രസിഡൻ്റ് പ്രൊഫ : ഇ വി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈ എം സി എ സെക്രട്ടറി ജോയി ജോൺ സ്വാഗതവും ഇ എ എലിയാസ് നന്ദിയും പറഞ്ഞു.
ഡോ. മാമ്മൻ സി. ജേക്കബിൻ്റെ ജനകീയനായ ജനനായകൻ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ജസ്റ്റിസ് കെ. റ്റി. തോമസ് ആണ്. കൂടാതെ ഐ ഒ സി യു എസ് എ വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം , ഫൊക്കാന മുൻ പ്രസിഡൻ്റ് ജോർജി വർഗീസ് , മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ ബിനു ചിലമ്പത്ത് എന്നിവരും ഉമ്മൻ ചാണ്ടി ഓർമ്മകൾ ഈ പുസ്തകത്തിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.




















