അപകടമോ അതോ കൊലപാതകമോ? കുഞ്ഞിനെ അപകടം പറ്റിയ കാറിൽ നിന്നും വാരിയെടുത്ത ഡ്രൈവറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നമ്മൾ വളരെ ഗൗരവത്തോടെ എടുക്കണം
കോട്ടയം പള്ളത്തുവെച്ചുണ്ടായ ആ ദാരുണമായ അപകടം (9 മാസം പ്രായമുള്ള ആലിൻ ഏബ്രഹാം ) വെറുമൊരു 'വിധി'യായി കണ്ട് നമുക്ക് തള്ളിക്കളയാനാവില്ല. ആ കുഞ്ഞിനെ ആദ്യമായി കൈകളിലെടുത്ത പിക്കപ്പ് വാൻ ഡ്രൈവർ ജോബിൻ പറഞ്ഞ കാര്യങ്ങൾ നമ്മൾ ഓരോരുത്തരും ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട്. ആലിൻ ഷെറിൻ എബ്രഹാം എന്ന ആ പിഞ്ചു പൈതലിന്റെ ജീവൻ കവർന്നത് റോങ്ങ് സൈഡിലൂടെ അമിതവേഗതയിൽ പാഞ്ഞു വന്ന ഒരു വാഹനമാണ്.
കുടുംബം സഞ്ചരിച്ച വാഹനത്തിന്റെ തൊട്ടു പിന്നാലെയാണ് ജോബിൻ തന്റെ പിക്കപ്പ് വാനുമായി വന്നത്. എതിർ ദിശയിലൂടെ ഒരു കാർ പാമ്പ് പുളയും പോലെ അമിത വേഗതയിൽ വരുന്നത് കണ്ട് ജോബിൻ വണ്ടി ഒതുക്കി. എന്നാൽ കുഞ്ഞിന്റെ കുടുംബം സഞ്ചരിച്ച കാർ വേഗത കുറച്ച് അരികിലൂടെ പോകാൻ ശ്രമിക്കുകയായിരുന്നു. എന്നിട്ടും മറ്റേ കാർ ഇതിലേക്ക് വന്ന് ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ഓടിയെത്തിയ ജോബിൻ ആ ഡ്രൈവറെ കണ്ടപ്പോൾ അയാൾ ചോദിച്ചത് "അവര് റോങ്ങ് സൈഡിലല്ലേ വന്നത്?" എന്നാണ്.

ആ കാർ ഓടിച്ചിരുന്നത് 85 വയസ്സുള്ള ഒരാളായിരുന്നു എന്നാണ് ജോബിൻ പറയുന്നത്. കാഴ്ചയിൽ നല്ല ക്ഷീണം തോന്നിക്കുന്ന ഒരു വൃദ്ധൻ. താൻ ചെയ്തത് എന്താണെന്നുപോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നത്രേ അയാൾ. ഒരുപക്ഷേ ഉറങ്ങിപ്പോയതാകാം, അല്ലെങ്കിൽ വാർദ്ധക്യസഹജമായ അവശതയാൽ കാഴ്ചയോ കേൾവിയോ മങ്ങിയതാകാം. എന്തുതന്നെയായാലും, ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നമായിരുന്ന പത്തുമാസം പ്രായമുള്ള കുഞ്ഞിനെ ഇല്ലാതാക്കാൻ ആ അനാസ്ഥ കാരണമായി.
പ്രായമായവരെ ബഹുമാനിക്കണം, പക്ഷേ ഒരു വാഹനവുമായി റോഡിലിറങ്ങുമ്പോൾ അതല്ല മാനദണ്ഡം. 80-ഉം 85-ഉം വയസ്സുള്ളവർക്ക് ഇന്നും നമ്മുടെ നാട്ടിൽ യാതൊരു നിയന്ത്രണവുമില്ലാതെ ലൈസൻസ് പുതുക്കി നൽകുന്നുണ്ട്. ചില്ലറ കുഴപ്പങ്ങളൊന്നുമല്ല നമ്മുടെ റോടുകളിൽ ഇവർ ഉണ്ടാക്കി വെക്കുന്നത്. പ്രായം കൂടുന്തോറും നമ്മുടെ പ്രതികരണ ശേഷി കുറയും. കാഴ്ചശക്തിയും ഏകാഗ്രതയും ഗണ്യമായി കുറയുന്നു. എപ്പോൾ വേണമെങ്കിലും ബോധക്ഷയമോ ശാരീരിക അസ്വസ്ഥതകളോ ഉണ്ടാകാം.
മരുന്നിന്റെയോ വാർദ്ധക്യത്തിന്റെയോ മയക്കത്തിൽ വണ്ടിയോടിക്കുന്നവർ റോഡിലിറങ്ങുന്നത് ഒരു ബോംബുമായി റോഡിൽ ഇറങ്ങുന്നതിന് തുല്യമാണ്. കൃത്യമായ ഇടവേളകളിൽ ശാരീരിക-മാനസിക ഫിറ്റ്‌നസ് പരിശോധനകൾ കർശനമാക്കാതെ ഇത്തരം ലൈസൻസുകൾ പുതുക്കി നൽകരുത്. അപകടമുണ്ടാക്കിയയാൾക്ക് ചിലപ്പോൾ ഒരു പിഴയിലോ കോടതി നടപടിയിലോ ഇത് അവസാനിച്ചേക്കാം. എന്നാൽ ആ മാതാപിതാക്കൾക്ക് നഷ്ടപ്പെട്ടത് അവരുടെ ജീവശ്വാസമായിരുന്നു.
ഇത് വെറുമൊരു അപകട മരണമല്ല കൊലപാതകമാണ്. പ്രതി നമ്മുടെ നിയമ സംവിധാനങ്ങളും. തന്റെ അവയവങ്ങൾ അഞ്ചുപേർക്കായി ദാനം നൽകി ആ കുഞ്ഞ് ഈ ലോകത്തോട് വിടപറഞ്ഞു. അവൾ ലോകത്തിന് മാതൃകയായി, പക്ഷേ ഇനിയൊരു കുഞ്ഞിനും ഈ അവസ്ഥ ഉണ്ടാകില്ലെന്ന് നമ്മൾ ഉറപ്പ് വരുത്തണ്ടേ? പ്രായമായവർക്ക് ഡ്രൈവിംഗിൽ കർശനമായ മെഡിക്കൽ ചെക്കപ്പും നിയന്ത്രണങ്ങളും ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയൊരു കുഞ്ഞിനും ഈ ഗതി ഉണ്ടാകരുത്.

