ശബരിമല സംരക്ഷണ സംഗമ വേദിയിൽ വാവർക്കെതിരെ വിദ്വേഷ പ്രസഗം നടത്തിയ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസിൽ ശാന്താനന്ദ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. പന്തളം കൊട്ടാര കുടുംബാംഗം അഡ്വ. വി.ആർ. അനൂപ് ആണ് വിശ്വാസം വ്രണപ്പെടുത്തൽ, മതവിഭാഗങ്ങൾക്കിടയിൽ സ്‌പർധ ഉണ്ടാക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം പോലീസിൽ പരാതി നൽകിയത്.
“വാവർ ചരിത്രം തെറ്റാണ്. വാപുരൻ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തർക്ക് വാപുര സ്വാമിയുടെ നടയിൽ തേങ്ങയടിച്ച് അയ്യപ്പനെ ദർശിക്കാനുള്ള അവസരം ഉണ്ടാകണം. അതിനുവേണ്ടിയാണ് എരുമേലിയിൽ വാപുര സ്വാമി ക്ഷേത്രം ഉയരുന്നതെന്നും, വാവർക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവർ മുസ്‌ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തിൽ തോൽപ്പിക്കാൻ വന്ന തീവ്രവാദിയാണ്. അയാൾ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്” എന്നായിരുന്നു ശാന്തനാനന്ദ മഹർഷി പറഞ്ഞത്.

