ഇന്നേക്ക് ഒരു 32ൽ പരം വർഷങ്ങൾക്കു മുമ്പ് ഈ എഴുതുന്നയാൾ അമേരിക്കൻ എംബസിയിൽ ചങ്കിടിപ്പോടെ, അല്പം വിറയലോടെ ഒരു വിസയ്ക്ക് കാത്തുനിന്നത് ഇപ്പോഴും എൻെറ് ഓർമ്മയിൽ തെളിഞ്ഞു വരുന്നു. ചില മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ, ഈയുള്ളവൻെറ് ഊഴവും വന്നുചേർന്നു. ഭൗവൃതയോടും, ഹൃദയത്തിൽ പ്രാർത്ഥനയോടും കൂടി, ഇമിഗ്രേഷൻ ഉദ്യോഗസ്ഥയുടെ മുൻപിൽ നിന്നപ്പോൾ ചൂടുള്ള, കട്ടിയുള്ള ചോദ്യങ്ങൾ പ്രതീക്ഷിച്ചു. എങ്കിലും മറിച്ചായിരുന്നു സംഭവിച്ചത്. പാസ്പോർട്ട് മറിച്ചു നോക്കി കൊണ്ടിരിക്കുമ്പോൾ വെള്ളക്കാരിയായ ആ ഉദ്യോഗസ്ഥയുടെ മുഖത്ത് പുഞ്ചിരി പരക്കുന്നത് കണ്ടപ്പോൾ എൻെറ് ഭയം പമ്പ കടന്നു. ആകാംക്ഷയോടെയും, കൗതുകത്തോടെയും അവർ എന്നോട് ഹാലോവീൻ ആണോ ജനന ദിവസം എന്ന് ചോദിച്ചു. “ഹാലോവീൻ” എന്നുള്ള പദം എനിക്ക് മനസ്സിലായില്ല, കേട്ട് കേൾവിയും ഇല്ലായിരുന്നു. ഹാലേലുയ്യ മാത്രം പരിചയമുള്ള ഞാൻ പറഞ്ഞു, അതെ ആ ദിവസമാണ്. അപ്പോൾ ആ ഉദ്യോഗസ്ഥ നല്ല ഒരു ചിരിയോടുകൂടി പറഞ്ഞു എനിക്ക് ആ ദിവസം വളരെ ഇഷ്ടമാണ്. ഞാൻ പറഞ്ഞു എനിക്കും വളരെ ഇഷ്ടമാണ്. പിന്നീട് ഒന്നും തന്നെ ചോദിച്ചില്ല, വളരെ വേഗം വിസ കിട്ടി. ഭയങ്കര സന്തോഷത്തോടുകൂടി പുറത്തേക്കു വരുമ്പോൾ, രണ്ടു സന്തോഷം എന്നെ കടന്നു പിടിച്ചു. ഒന്ന് വിസ കിട്ടിയ സന്തോഷം, രണ്ട് എൻെറ് ജന്മദിവസം, അമേരിക്കക്കാർക്ക് ഹാലേലുയ്യാ ദിവസമാണ്. അധികം താമസം വിനാ അമളി എനിക്ക് മനസ്സിലായി ഹാലേലുയ്യ എന്നല്ല വെള്ളക്കാരി ഉദ്യോഗസ്ഥ പറഞ്ഞതെന്നും, ഹാലോവിൻ എന്നാണെന്നും, ഓർക്കുമ്പോൾ ഒക്കെ പുഞ്ചിരി തൂവാറുണ്ട്. പിന്നീട് ഹാലോവീൻ ഇവിടുത്തെ ഭൂതങ്ങളുടെ ആഘോഷമാണെന്നും അറിഞ്ഞപ്പോൾ തുടങ്ങി, . ഇടയ്ക്കിടയ്ക്ക് അയ്യോ ഈ ദിവസം ജനിക്കണ്ടായിരുന്നു എന്നും ചിന്തിച്ചു പോകാറുണ്ട്. അപ്പോഴൊക്കെ തമ്പുരാൻ പറയും, “ഇത് യഹോവ ഉണ്ടാക്കിയ ദിവസമാണ്”. അങ്ങനെ അതിൽ ഞാൻ എൻെറ് സന്തോഷം കണ്ടെത്തി.
എവിടെ നോക്കിയാലും ചിതറിക്കിടക്കുന്ന അസ്ഥി കഷ്ണങ്ങൾ, തലയോട്ടികൾ, ശവപ്പെട്ടി, ചുറ്റി പിണഞ്ഞു കിടക്കുന്ന ചിലന്തിവലകൾ. കറുത്ത പൂച്ച, കറുത്ത തൊപ്പി, കറുത്ത വേഷധാരികൾ തുടങ്ങി, യക്ഷിയും, ഭൂതവും, കണ്ണും മിഴിച്ച്, നാക്കും നീട്ടി നിൽക്കുന്ന വിരൂപ സ്വത്വങ്ങൾ. ഇവയുടെ എല്ലാം രൂപങ്ങൾ, അലങ്കാരങ്ങളായി വീട്ടുമുറ്റത്തും, പള്ളിപ്പറമ്പിലും, കലാലയങ്ങളിലും, വ്യാപാര സ്ഥാപനങ്ങളിലും, ഔദ്യോഗിക ജോലി സ്ഥലത്തും നിറഞ്ഞു കഴിഞ്ഞു. ഇനി മുൻപിൽ ഉള്ള ചില ദിവസങ്ങൾ ഭൂതങ്ങളുടെയും, പിശാചുക്കളുടെയും സുവർണ്ണ ദിനങ്ങൾ ആണ്.
എന്തു കഷ്ടം1 എത്ര പരിതാപകരം!
ഒട്ടുമിക്കവരിലും ഈ കാഴ്ച അത്ര സുഖമുള്ളവാക്കില്ല. അല്പം, പേടിയും, ഭയവും, പരുങ്ങലും, ജനിപ്പിക്കുന്നു. അതിലുപരി ഈ കാഴ്ചകളും, അലങ്കാരങ്ങളും തികച്ചും അറപ്പുളവാക്കുന്നതും, മനം പുരട്ടുന്നതുമാണ്. മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേക ശൂന്യനായി തീർന്നാൽ, നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യമത്രെയെന്ന് തിരുവചനം പറയുന്നത് എത്രയോ യാഥാർത്ഥ്യമാണ്.
ഹാലോവീൻ എന്ന വേഷം കെട്ടിലൂടെ ലക്ഷ്ങ്ങൾ ബിസിനസ് ലോകം സമ്പാദിക്കുന്നു. സാധാരണക്കാരൻ ആയിരങ്ങൾ ചെലവഴിക്കുന്നു. പലർക്കും ഇതിൻെറ് പിന്നിലുള്ള ചരിത്രമറിയില്ല. നമ്മുടെ മലയാളക്കരയിൽ നിന്നു വന്നവരും ഒരു മത്തങ്ങ എങ്കിലും വികൃതമാക്കി അതിനകത്ത് ഒരു കൊച്ചു ലൈറ്റും ഇട്ട് വീടിൻെറ് മുൻപിൽ വയ്ക്കുവാൻ തിടുക്കം കൂട്ടുന്നവർ ഏറെയുണ്ട്. കുഞ്ഞു പഠിക്കുന്ന സ്കൂളിൽ നിന്ന് കിട്ടിയ മത്തങ്ങയാണ്, അല്ലെങ്കിൽ പള്ളിയിൽ നിന്ന് കിട്ടി. എങ്ങനെ കളയും? നാടോടുമ്പോൾ നടുവേ ഓടണമല്ലോ. ഹാലോവീൻ തലയിൽ കൊണ്ടുനടക്കുന്നവരുടെ എണ്ണം ഈ രാജ്യത്തും, ഇന്ത്യയുടെ മണ്ണിലും വർദ്ധിച്ചു വരികയാണ്.
ഈ ഹാലോവീൻെറ് അർത്ഥം എന്താണെന്നും പലർക്കും അറിയില്ല. എല്ലാവരും ആഘോഷിക്കുന്നു നമ്മളും അക്കൂട്ടത്തിൽ കൂടുന്നു. ഏഴാം നൂറ്റാണ്ടിൽ പോപ്പ് ബോണിഫേസ് നാലാമൻ മരണപ്പെട്ടുപോയ വിശുദ്ധന്മാർക്കായി ഒരു ഓർമ്മ ദിവസത്തെ വേർതിരിച്ചിരുന്നു. അത് നവംബർ മാസം ഒന്നാം തീയതി ആയിരുന്നു. ആ ദിവസത്തിന് മുമ്പുള്ള സന്ധ്യ വിശുദ്ധമായും പരിപാവനമായും കണ്ടു.” ഹാലോ”. ഇതിൽനിന്ന് ഉടലെടുത്തതാണ് ഹാലോവീൻ
അമേരിക്കൻ കോളനികളിൽ പതിനെട്ടാം നൂറ്റാണ്ടിൻെറ് ഒടുവിലും, പത്തൊമ്പതാം നൂറ്റാണ്ടിൻെറ് ആരംഭത്തിലും ഈ ആഘോഷം ഇല്ലായിരുന്നു. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിൻെറ് മധ്യ സമയങ്ങളിൽ അയർലൻഡ് രാജ്യങ്ങളിൽ നിന്നും ധാരാളം പേർ കുടിയേറിയപ്പോൾ അവിടെ അവർ ആഘോഷിച്ചിരുന്ന പ്രധാന ആഘോഷങ്ങളിൽ ഒന്നായ ഹാലോവീൻ ഇവിടെ ഇറക്കുമതി ചെയ്തു. അയർലൻഡിൽ ഒരുകാലത്ത് പുതുവർഷം നവംബർ മാസം ഒന്നാം തീയതി ആഘോഷിച്ചിരുന്നു. ഫലപുഷ്ടവും, സമ്പൽസമൃദ്ധവുമായ വേനൽക്കാലം തീരുന്നു. ഇരുട്ടും, തണുപ്പും നിറഞ്ഞ ദിനരാത്രങ്ങൾ കടന്നുവരുന്നു. ഇത് മരണവുമായി ബന്ധപ്പെടുത്തി, പുതുവർഷത്തിൻെറ് തലേദിവസം ഒക്ടോബർ മാസം 31 തീയതി ജീവൻെറ് വർഷവും മരണത്തിൻെറ് വർഷവും തമ്മിലുള്ള അകലം കുറഞ്ഞതുകൊണ്ട്, ഭൂതങ്ങളും, യക്ഷികളും, പ്രേതങ്ങളും, ലോകത്തുകൂടി അലഞ്ഞു നടക്കുന്ന ഒരു രാത്രിയാണെന്നവർ കരുതി. ഈ ഭൂത, യക്ഷി, പ്രേതങ്ങൾ വിളവും, ജീവിതങ്ങളും, നശിപ്പിക്കും എന്നവർ വിശ്വസിച്ചു. ഇതിൽനിന്ന് നിന്ന് രക്ഷപ്പെടുവാൻ അയർലൻഡ്കാർ പ്രത്യേക വേഷം കെട്ടി,പല്ലുകൾ നീട്ടിയും, നാക്ക് നീട്ടിയിട്ടും, കൊമ്പുകൾ തലയിൽ പിടിപ്പിച്ചും വികൃതന്മാരായി, ആൾമാറാട്ടം നടത്തി ഭൂതത്തെയും, പിശാചിനെയും കബളിപ്പിക്കുന്ന പണി നടന്നിരുന്നു. ചുറ്റിത്തിരിഞ്ഞു നടക്കുന്ന പ്രേതത്തെ ഓടിക്കുവാനും, ഭൂതത്തെ കബളിപ്പിക്കുവാനും പ്രാകൃതമായി വസ്ത്രം ധരിച്ചും, വീടിൻറെ മുമ്പിൽ വിവിധ വർണ്ണത്തിലുള്ള വിളക്കുകൾ തെളിയിച്ചും, മത്തങ്ങ തുരന്നും അതിനകത്ത് വിളക്ക് കത്തിച്ചും, വിവിധ ഗോഷ്ട്ടികളിലും, ആകൃതിയിലും ഉള്ള രൂപങ്ങൾ ഉണ്ടാക്കി വച്ചും ശ്രമിച്ചിരുന്നു. രാത്രിയിൽ തീ കൂട്ടിയിട്ട് അതിനു ചുറ്റും വട്ടമിരുന്ന് ചെറുകഥകൾ പറഞ്ഞ് മദ്യം കുടിക്കുമ്പോൾ തീയും, പുകയും കണ്ടുകൊണ്ട് വാവലും, ഇതര ജീവികളും ഓടി വന്നപ്പോൾ അതിനെയും ആഘോഷ ഭാഗമാക്കി മാറ്റി. അങ്ങനെ വാവലും, കറുത്ത പൂച്ചയും, ചിലന്തിയും ഒക്കെ ഈ ആഘോഷങ്ങളിൽ പ്രഥമ സ്ഥാനം പിടിച്ചു..
പതിനഞ്ചാം നൂറ്റാണ്ടിൽ ക്രിസ്ത്യാനികളിൽ ഒരു വിഭാഗം, അയർലൻഡിൽ ഒക്ടോബർ മാസം 31 തീയതി ഓരോ വാതിലുകളിലും മുട്ടി, മരിച്ചു പോയവരുടെ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാം എന്ന് പറഞ്ഞ് വീട് വീടാന്തരം കയറി ഇറങ്ങിയിരുന്നു. പ്രതിഫലമായി സോൾ കേക്ക് ആത്മാവിൻറെ അപ്പം മേടിക്കാറുണ്ട്. അത് ഇപ്പോൾ അമ്മേരിക്കയിലും, ഇതര രാജ്യങ്ങളിലും, ഒക്ടോബർ 31 രാത്രി പ്രച്ഛന്ന വേഷവും, പൈശാചിക വേഷവും കെട്ടി, സാത്താൻെറ് കൊമ്പും, തലയും പിടിപ്പിച്ച്, കറുത്ത പൂച്ചയുടെ മുഖവും വരച്ച്, ശവപ്പെട്ടിയും തോളിൽ ചുമന്നുകൊണ്ട്, വീട്,വീടാന്തരം കയറി ഇറങ്ങി കൊച്ചുകുട്ടിയാബാലവൃന്ദം മുട്ടായി ചോദിക്കുന്ന ദിവസമായി മാറി. കാലം പോയ പോക്ക്.
മെക്സിക്കോ തുടങ്ങി സൗത്ത് അമേരിക്കയിലുള്ള ചില രാജ്യങ്ങൾ ഒക്ടോബർ 31 മരിച്ചവരുടെ ദിവസമായും, പ്രേതങ്ങൾ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ദിവസങ്ങളായും ആഘോഷിക്കാറുണ്ട്
ഹാലോവീൻ എന്നു പറയുന്ന രാജ്യവ്യാപകമായ ആഘോഷം പൈശാചികവും, ഭൂതത്തിന്റേൻെറ്തുമാണ്. അമേരിക്ക ഉൾപ്പടെയുള്ള അനേക രാജ്യങ്ങളിൽ ക്രൈസ്തവർ എന്ന് പേരുകൊണ്ട് പറയുന്നവർ മത്തങ്ങ മോഡി പിടിപ്പിച്ച് ഹാലോവീൻ ആഘോഷിക്കുന്നത് ഒരു പതിവാക്കിയിരിക്കുന്നു. പല പള്ളികളും മത്തങ്ങ വിതരണം ചെയ്യുന്നതും, ആഘോഷിക്കുന്നതും സർവ്വസാധാരണമാക്കി. ക്രൈസ്തവ ലോകം ഇതിൽ നിന്ന് ദൂരെ മാറിനിൽക്കണം. കുഞ്ഞുങ്ങളെ, വളരുന്ന തലമുറയെ ഹാലോവീൻ വേഷം കെട്ടിക്കരുത്. ചോക്ലേറ്റും, മുട്ടായിയും മേടിക്കുവാൻ വീട് വീടാന്തരം കൊണ്ടുനടക്കരുത്. ദൈവത്തെ ഭയപ്പെടുക, അവൻെറ് വഴികളിൽ തന്നെ നടക്കുക, ഇതത്രേ ഒരു മനുഷ്യനെക്കുറിച്ച് ദൈവമാഗ്രഹിക്കുന്നത്. സാത്താൻ വഞ്ചനയുടെ നേതാവാണ്, അവൻെറ് തന്ത്രങ്ങളെ നാം അറിയാത്തവർ ആയിരിക്കരുത്, സൂക്ഷിക്കുക. അപകടം പതിയിരിക്കുന്നു.

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

